വെനിസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു
മഡൂറോയെ അമേരിക്ക പിടികൂടിയതിനെ അപലപിച്ച് പാര്‍ലമെന്‍റ്.

Published : January 6, 2026 at 1:39 PM IST
കാരക്കാസ്: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടി രണ്ട് ദിവസം കഴിയുമ്പോഴാണ് ഡെന്‍സിയുടെ സ്ഥാനാരോഹണം. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കില്‍ വിചാരണ നേരിടുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഷിങ്ടണുമായി സഹകരിക്കുമെന്ന് ഡെന്‍സി റോഡ്രിഗസ് വ്യക്തമാക്കി. പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയില്‍ നടന്ന ചെറിയ ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. വെനിസ്വേലയിലെ എല്ലാ ജനങ്ങളുടെയും പേരിലാണ് താന്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് അവര്‍ പാര്‍ലമെന്‍റംഗങ്ങളോട് പറഞ്ഞു. തന്‍റെ നായകരെ അമേരിക്ക പിടികൂടിയതില്‍ അങ്ങേയറ്റം സങ്കടമുണ്ടെന്നും മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പരാമര്‍ശിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ചാണ് അമേരിക്ക ഇരുവരെയും പിടികൂടി വിചാരണയ്ക്ക് വിധേയരാക്കിയിരിക്കുന്നത്.
ഇടത് നേതാവായ മഡൂറോയെ അമേരിക്ക പിടികൂടിയ നടപടിയെ പാര്‍ലമെന്‍റ് അപലപിച്ചു. അമേരിക്ക വെനിസ്വേലയില്‍ നടത്തിയ സൈനിക ആക്രമണം കാരക്കാസിനെയും ലോകത്തെയും ഞെട്ടിക്കുകയും ചെയ്‌തു. പാര്‍ലമെന്‍റിന് പുറത്ത് ആയിരക്കണക്കിന് വെനിസ്വേലയിന്‍ ജനത തടിച്ച് കൂടുകയും തങ്ങളുടെ നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്‌തു. ഇത്തരമൊരു നടപടിയല്ല വേണ്ടിയിരുന്നെന്നും പ്രക്ഷോഭകരില്‍ ഒരാളായ ഫ്ലര്‍ ആല്‍ബര്‍ട്ടോ എന്ന മുപ്പത്തിരണ്ടുകാരന്‍ എഎഫ്‌പിയോട് പറഞ്ഞു. അതേസമയം പാര്‍ലമെന്‍റ് ഡെല്‍സി റോഡ്രിഗസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഡൂറോയുടെ വൈസ്‌പ്രസിഡന്‍റായിരുന്നു ഇവര്‍. ഇവരുടെ സഹോദരന്‍ ജോര്‍ജ് റോഡ്രിഗസിനെ പാര്‍ലമെന്‍റ് സ്‌പീക്കറായും തെരഞ്ഞെടുത്തു.
വെനിസ്വേലന്‍ സുപ്രീം കോടതി ശനിയാഴ്‌ചയാണ് ഡെല്‍സിയോട് ഇടക്കാല പ്രസിഡന്‍റായി ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. സൈന്യം അവര്‍ക്ക് ഞായറാഴ്‌ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ജോര്‍ജ് റോഡ്രിഗസിന് കൂടി ചുമതല കിട്ടിയതോടെ രാജ്യത്തിന്‍റെ നിയമനിര്‍മ്മാണ നിര്‍വഹണ രംഗങ്ങളില്‍ സ്വാധീനമുള്ള സഹോദരങ്ങള്‍ അവരോധിതരായിക്കുകയാണ്.
നിക്കോളാസ് മഡൂറോയെ തിരികെ എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ജോര്‍ജ് റോഡ്രിഗസ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. പുതിയ പ്രസിഡന്‍റിന് നിക്കോളാസ് മഡൂറോയുടെ മകനും പാര്‍ലമെന്‍റംഗവുമായ നിക്കോളാസ് മഡുറോ ഗുവേര പിന്തുണ അറിയിച്ചു. തന്‍റെ മാതാപിതാക്കള്‍ മടങ്ങിയെത്തും വരെ രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ മെയിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ 286 അംഗ സഭയിലെ 256ഉം യൂണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനിസ്വേല സ്വന്തമാക്കി.
വെനിസ്വേലയ്ക്ക് മേല്‍ക്കോയ്‌മയോ ഔദാര്യമോ ആവശ്യമില്ലെന്ന് മഡുറോ ഗുവെര പറഞ്ഞു. എന്നാല്‍ തങ്ങള്‍ മാനിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ രാജ്യാന്തരതലത്തില്‍ എല്ലാവരുമായി സഹകരിക്കാന്‍ താത്‌പര്യപ്പെടുന്നു. സമത്വം, പരസ്‌പര ആദരം, സഹകരണംഎന്നിവയിലധിഷ്‌ഠിതമായ സഹകരണമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗുവേര പറഞ്ഞു. ബാഹ്യഇടപെടലുകളോ ഭീഷണികളോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവുമായി നേരിട്ടല്ലാതെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ജനക്കൂട്ടത്തെ അറിയിച്ചു. അവിടെ തങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു സംഘമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഡൂറോ തന്നെയാകും രാജ്യത്തിന്‍റെ ഏക പ്രസിഡന്‍റെന്ന് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. അതേസമയം വാഷിങ്ടണുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കന്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡെല്‍സിക്കും മഡൂറോയുടെ ഗതിയാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. നയ പരിഷ്‌ക്കാരങ്ങളും എണ്ണപ്രാപ്യതയും സംബന്ധിച്ചുള്ള കാര്യങ്ങളിലാണ് അമേരിക്കയെ അനുസരിക്കണമെന്ന നിബന്ധന അവര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.

