ഇറാനിൽ നാശംവിതച്ച് അമേരിക്കൻ മിസൈൽ; ഏഴ് കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് ദാരുണാന്ത്യം
ഒരു സ്പോർട്സ് കോംപ്ലക്സിനും രണ്ട് ജനവാസ കേന്ദ്രങ്ങൾക്കും മുകളിലായാണ് മിസൈലുകൾ പൊട്ടിത്തെറിച്ചത്

Published : September 1, 2026 at 6:48 AM IST
വാഷിങ്ടൺ: അമേരിക്കൻ സൈന്യം ഇറാനിൽ പ്രയോഗിച്ച പുതിയ പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ (പിആർഎസ്എം) ജനവാസ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. യുദ്ധത്തിൻ്റെ ആദ്യദിനം ഇറാനിലെ ലാമർദിൽ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ 21 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് സംഘർഷങ്ങൾ നിരീക്ഷിക്കുന്ന എയർവാർസ് എന്ന സംഘടനയുടെ കണ്ടെത്തൽ.
മാരക പ്രഹരശേഷിയുള്ള മിസൈൽ
ലോക്ഹീഡ് മാർട്ടിൻ നിർമിച്ച ഈ ബാലിസ്റ്റിക് മിസൈൽ കൃത്യതയുള്ളതും ദീർഘദൂര പ്രഹരശേഷിയുള്ളതുമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ആയുധശേഖരം നവീകരിക്കുന്നതിൻ്റെ ഭാഗമായി അമേരിക്കൻ സൈന്യം കോടിക്കണക്കിന് ഡോളറാണ് ഇതിനായി നിക്ഷേപിക്കുന്നത്. എന്നാൽ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ഈ ആയുധം പ്രയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ആയുധ വിദഗ്ധരും മുൻ പ്രതിരോധ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നു. മിസൈൽ പൊട്ടിത്തെറിക്കുമ്പോൾ അതിലെ ലോഹച്ചീളുകൾ വലിയൊരു പ്രദേശത്തേക്ക് തെറിക്കുന്നതാണ് ഇതിന് കാരണം.

ഫെബ്രുവരി 28ന് തെക്കൻ നഗരമായ ലാമർദിൽ പതിച്ച മൂന്ന് മിസൈലുകൾ പൊട്ടിത്തെറിച്ച സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയുള്ള സാധാരണക്കാരുടെ ജീവനെടുത്തതായി എയർവാർസ് കണ്ടെത്തി. ഇതിൻ്റെ മൂന്നിരട്ടി ദൂരത്തിൽ നാശനഷ്ടങ്ങളുമുണ്ടായി. ഒരു സ്പോർട്സ് കോംപ്ലക്സിനും രണ്ട് ജനവാസ കേന്ദ്രങ്ങൾക്കും മുകളിലായാണ് മിസൈലുകൾ പൊട്ടിത്തെറിച്ചത്. ഏഴ് കുട്ടികൾ ഉൾപ്പെടെ 21 സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലാമർദിലെ ആക്രമണത്തിൻ്റെ വ്യാപ്തിയും ആയുധത്തിൻ്റെ പ്രഹരശേഷിയും ആദ്യമായി മാപ്പ് ചെയ്തത് എയർവാർസ് ആണ്.

ലക്ഷ്യം തെറ്റിയോ?
വായുവിൽ വച്ച് പൊട്ടിത്തെറിക്കുകയും പതിനായിരക്കണക്കിന് ലോഹച്ചീളുകൾ അതിവേഗത്തിൽ എല്ലാ ദിശകളിലേക്കും തെറിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പിആർഎസ്എം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാമർദിലെ ആക്രമണത്തിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും ഉപഗ്രഹ ദൃശ്യങ്ങളും എയർവാർസും അസോസിയേറ്റഡ് പ്രസും (എപി) പരിശോധിച്ചു. കെട്ടിടങ്ങളിലും തെരുവുകളിലും വാഹനങ്ങളിലും ഉണ്ടായ കേടുപാടുകൾ പിആർഎസ്എം മിസൈലിൻ്റെ പ്രഹരശേഷിയുമായി പൊരുത്തപ്പെടുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാനിലേക്ക് പിആർഎസ്എം പ്രയോഗിച്ചതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ലാമർദിൽ ആക്രമണം നടത്തിയെന്ന കാര്യം അവർ നിഷേധിച്ചു.
ലാമർദിൽ ആരെയാണ് അല്ലെങ്കിൽ എന്തിനെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ഒരു കേന്ദ്രം സമീപത്തുണ്ടെങ്കിലും അവിടെ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ലാമർദിൽ പതിച്ചത് പിആർഎസ്എം തന്നെയാണെന്ന് രണ്ട് മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് ആയുധ വിദഗ്ധർ എപിയോട് വ്യക്തമാക്കി. ഇസ്രയേലിൻ്റെയോ ഇറാൻ്റെയോ ആയുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയില്ലെന്നും അവർ പറഞ്ഞു. ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനങ്ങളിൽ സൈന്യം ഈ മിസൈൽ പ്രയോഗിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാവരും നിർദേശിച്ചു. ജനസാന്ദ്രതയുള്ള പ്രദേശത്ത് പിആർഎസ്എം ഉപയോഗിക്കാൻ തക്കതായ ഒരു കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് യുഎസ് ആർമിയുടെ മുൻ ഉപദേഷ്ടാവ് മൈക്കൽ മെയർ പറഞ്ഞു.

എയർവാർസിൻ്റെ കണ്ടെത്തലുകൾ
സിറിയയിലും ഇറാഖിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്കുകൾ ശേഖരിക്കുന്നതിനായി ഒരു പതിറ്റാണ്ട് മുൻപ് ലണ്ടൻ ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് എയർവാർസ്. ഗസ, യുക്രെയ്ൻ തുടങ്ങിയ സ്ഥലങ്ങളിലെ സംഘർഷങ്ങളും ഇവർ നിരീക്ഷിക്കുന്നുണ്ട്. ഫോട്ടോകൾ, വീഡിയോകൾ, ഉപഗ്രഹ ദൃശ്യങ്ങൾ, സമൂഹമാധ്യമങ്ങൾ, വാർത്ത റിപ്പോർട്ടുകൾ തുടങ്ങിയവയെ ആശ്രയിച്ചാണ് ഇവരുടെ പ്രവർത്തനം. ലാമർദിലെ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനും എയർവാർസ് ഈ രീതികൾ ഉപയോഗിച്ചു. മിസൈലുകൾ പൊട്ടിത്തെറിച്ച സ്ഥലങ്ങൾ, സാധാരണക്കാർ കൊല്ലപ്പെട്ട പ്രദേശങ്ങൾ, നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ എന്നിവ അവർ മാപ്പ് ചെയ്തു. തുടർന്ന് സ്ഫോടനത്തിൻ്റെ വ്യാപ്തി കണക്കാക്കാൻ ഈ സ്ഥാനങ്ങൾ തമ്മിലുള്ള ദൂരം അളന്നു.
ഇറാനിയൻ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ട സ്ഥലവും, സുരക്ഷ കാമറകളുടെയും മറ്റ് വീഡിയോകളുടെയും അടിസ്ഥാനത്തിൽ മിസൈലുകൾ വായുവിൽ പൊട്ടിത്തെറിച്ച സ്ഥലവും തമ്മിലുള്ള ദൂരം അളന്ന് എപിയും ഈ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിലെ ഉപഗ്രഹ ദൃശ്യങ്ങളും ഫോട്ടോകളും വീഡിയോകളും എപി പരിശോധിച്ചിട്ടുണ്ട്. എന്നാൽ മിസൈലിൻ്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് ലോക്ഹീഡ് മാർട്ടിൻ വ്യക്തമാക്കിയിട്ടില്ല. പ്രതികരണത്തിനായി അവരെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിആർഎസ്എം സ്ഫോടനത്തിൻ്റെ ഒരു ആനിമേറ്റഡ് വീഡിയോ അവർ പുറത്തുവിട്ടിട്ടുണ്ട്.
അമേരിക്കയുടെ നിഷേധം
ലാമർദിൽ ആക്രമണം നടന്നതിൻ്റെ പിറ്റേദിവസം മാർച്ച് ഒന്നിന് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇറാൻ ഓപ്പറേഷനിടെ പിആർഎസ്എം പ്രയോഗിക്കുന്നതിൻ്റെ ചിത്രമാണിതെന്ന് ആയുധ വിദഗ്ധർ പറയുന്നു. ചരിത്രത്തിലാദ്യമായി ഇറാനിൽ പിആർഎസ്എം ഉപയോഗിച്ചതായി മൂന്ന് ദിവസത്തിന് ശേഷം അവർ അവകാശപ്പെട്ടെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ആഴ്ചകൾക്ക് ശേഷം ലാമർദിലെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമശ്രദ്ധ നേടിയതോടെ, ഫെബ്രുവരി 28ന് ലാമർദിലേക്ക് പിആർഎസ്എം ഉൾപ്പെടെ ഒരു ആയുധവും പ്രയോഗിച്ചിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നും, ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഇറാൻ്റെ ഹൊവെയ്സെ ക്രൂയിസ് മിസൈലാണെന്നതിൻ്റെ സൂചനയാണെന്നും വക്താവ് പറഞ്ഞു. എന്നാൽ ലാമർദിൽ നിന്നുള്ള സുരക്ഷ കാമറ ദൃശ്യങ്ങളിൽ കാണുന്ന മിസൈൽ ഇറാനിയൻ മോഡലുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആയുധ വിദഗ്ധർ വ്യക്തമാക്കി.
യുദ്ധത്തിൻ്റെ ആദ്യദിനം ഇറാൻ്റെ തെക്കൻ മേഖലയായ ലാമർദിൽ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇസ്രയേൽ സൈന്യവും എപിയോട് പറഞ്ഞു. വായുവിൽ വച്ച് പൊട്ടിത്തെറിക്കുന്ന മിസൈലുകൾ ഇസ്രയേൽ സൈന്യത്തിന് ഉള്ളതായി അറിവില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടി. എയർവാർസിൻ്റെയും എപിയുടെയും കണ്ടെത്തലുകളെക്കുറിച്ച് ചോദിച്ചപ്പോൾ യുഎസ് സെൻട്രൽ കമാൻഡ് ഉത്തരവാദിത്തം നിഷേധിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മിനാബിലെ ഒരു ഇറാനിയൻ സ്കൂളിൽ നടന്ന ആക്രമണം മാത്രമാണ് അന്വേഷിക്കുന്നതെന്ന് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ മേയിൽ കോൺഗ്രസിനെ അറിയിച്ചിരുന്നു.
മാറ്റിയെഴുതപ്പെടുന്ന ആയുധങ്ങൾ
പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റത്തിന് (എടിഎസിഎംഎസ്) പകരമായാണ് പുതിയ മിസൈലുകൾ കൊണ്ടുവരുന്നതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കുന്നു. എടിഎസിഎംഎസിന് ഏകദേശം 300 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമ്പോൾ, പിആർഎസ്എമ്മിന് 499 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ കഴിയുമെന്ന് ലോക്ഹീഡ് മാർട്ടിൻ പറയുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ എടിഎസിഎംഎസ് ചെറിയ ഉരുക്ക് കഷണങ്ങളായി ചിതറുമ്പോൾ, പിആർഎസ്എം പൊട്ടിത്തെറിക്കുമ്പോൾ ടങ്സ്റ്റൺ കൊണ്ട് നിർമിച്ച പതിനായിരക്കണക്കിന് ലോഹച്ചീളുകൾ എല്ലാ ദിശകളിലേക്കും തെറിക്കുമെന്ന് എയർവാർസും ആയുധ വിദഗ്ധരും പറയുന്നു. ടങ്സ്റ്റണിൻ്റെ ഉയർന്ന സാന്ദ്രതയും ദ്രവണാങ്കവും കാരണം പൊട്ടിത്തെറിക്ക് ശേഷവും ഈ ലോഹച്ചീളുകൾക്ക് രൂപമാറ്റം സംഭവിക്കില്ല. ഇത് അവയെ കൂടുതൽ മാരകമാക്കുന്നു.
ലാമർദിലെ ഷാഹിദ് നൈമി സ്പോർട്സ് ഹാളിന് മുകളിൽ പൊട്ടിത്തെറിച്ച മിസൈൽ കാരണം ഏകദേശം 170 മീറ്റർ അകലെയുള്ള ഒരു സ്കൂളിന് കേടുപാടുകൾ സംഭവിച്ചതിൻ്റെ ദൃശ്യങ്ങൾ എയർവാർസ് കണ്ടെത്തി. ഈ സ്ഫോടനത്തിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. വോളിബോൾ കളിച്ചുകൊണ്ടിരുന്ന മൂന്ന് പെൺകുട്ടികളും വീടിന് മുന്നിലിരുന്ന് ഹുക്ക വലിക്കുകയായിരുന്ന ഒരു സ്ത്രീയും ഇതിൽ ഉൾപ്പെടുന്നു. തൽ-ഇ ഖന്ദാഗ് പരിസരത്തുണ്ടായ മറ്റൊരു സ്ഫോടനത്തിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവിന ബർസെഗർ എന്ന രണ്ട് വയസുകാരി കൊല്ലപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 50 മീറ്റർ സഞ്ചരിച്ചാണ് ലോഹച്ചീൾ കുട്ടിക്ക് കൊണ്ടതെന്ന് എയർവാർസ് കണക്കാക്കുന്നു. കുട്ടിയുടെ വീടിൻ്റെ ഗേറ്റ് കാണിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ വീടിൻ്റെ സ്ഥാനം കണ്ടെത്തി ദൂരം അളന്നാണ് അവർ ഈ നിഗമനത്തിലെത്തിയത്.
ആക്രമണങ്ങളിൽ സൈനികരോ സുരക്ഷാ ഉദ്യോഗസ്ഥരോ കൊല്ലപ്പെട്ടതായോ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായോ ഉള്ള റിപ്പോർട്ടുകളൊന്നും എയർവാർസിനോ എപിക്കോ കണ്ടെത്താനായില്ല. ലാമർദ് ആക്രമണത്തിന് ശേഷം പിആർഎസ്എം ഉത്പാദനം നാലിരട്ടിയാക്കാൻ പെൻ്റഗൺ ലോക്ഹീഡ് മാർട്ടിനുമായി 400 കോടിയിലധികം ഡോളറിൻ്റെ കരാർ ഒപ്പിട്ടു.
ആയുധം വാങ്ങുന്നതിനായി 13 കോടി പൗണ്ട് മാറ്റിവച്ചതായി ബ്രിട്ടൻ ജൂണിൽ അറിയിച്ചു. 2025ൽ ഓസ്ട്രേലിയയും ഈ മിസൈലുകൾ വാങ്ങിയിരുന്നു. ഏപ്രിലിൽ അവർ പിആർഎസ്എം പ്രോഗ്രാമിലേക്ക് കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്തു. പിആർഎസ്എം മികച്ച പ്രഹരശേഷി നൽകുന്നുണ്ടെങ്കിലും അത് ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് ആയുധ വിദഗ്ധർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശത്രുസൈന്യത്തിൻ്റെ വലിയ കൂട്ടങ്ങൾക്കെതിരെ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂവെന്ന് പ്രിസിഷൻ വാർഫെയർ മുൻ പെൻ്റഗൺ ഉപദേഷ്ടാവ് വെസ് ബ്രയാൻ്റ് പറഞ്ഞു. യുഎസ് ആർമിയുടെ മുൻ സ്ഫോടകവസ്തു വിദഗ്ധനായ ട്രെവർ ബോളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. മതിലുകളുടെ സംരക്ഷണമില്ലാതെ വീടിന് പുറത്ത് നിൽക്കുന്നവരെ ഇത് കൊല്ലുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also read:- 'അനന്തമായ യുദ്ധമല്ല, യുദ്ധത്തിന്‍റെ അവസാനമാണ് പ്രധാനം'; ബിഷ്കെക്കിൽ പുടിനോട് പ്രധാനമന്ത്രി മോദി

