ETV Bharat / international

ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധകാഹളം; ഇറാൻ്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

ഹോർമുസ് കടലിടുക്കിലെ ലാരക് ദ്വീപിന് സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Strait Of Hormuz Attack Donald Trump Iran War US Military Action Iran Middle East Conflict News
അമേരിക്കൻ സൈന്യത്തിൻ്റെ ആക്രമണത്തെ തുടർന്ന് തെരുവിലിറങ്ങിയ ജനം (AP)
author img

By ETV Bharat Kerala Team

Published : August 31, 2026 at 6:30 AM IST

3 Min Read
Choose ETV Bharat

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിൻ്റെ ആക്രമണം. ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്ക വീണ്ടും സൈനിക നടപടി ആരംഭിച്ചത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

കടലിൽ നിക്ഷേപിക്കുന്ന മൈനുകൾ അടങ്ങിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് സേന തയ്യാറെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി. കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ പാതകളിൽ നിന്ന് മൈനുകൾ നീക്കം ചെയ്യുന്ന നടപടികൾ കഴിഞ്ഞയാഴ്ച അമേരിക്കൻ സൈന്യം പൂർത്തിയാക്കിയിരുന്നു.

ഹോർമുസ് കടലിടുക്കിലെ ലാരക് ദ്വീപിന് സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നിരവധി പോരാളികൾക്കും പൗരന്മാർക്കും ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി റെവല്യൂഷണറി ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതുമുതൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. വീണ്ടും തുറന്ന പോരിലേക്ക് കടക്കുന്നത് മേഖലയെ കൂടുതൽ അപകടത്തിലാക്കും.

സാമ്പത്തിക ഉപരോധവും സൈനിക നടപടിയും
സൈനിക നടപടികൾക്ക് പകരം സാമ്പത്തിക ഉപരോധം ശക്തമാക്കി യുദ്ധം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ശിക്ഷിക്കാനാണ് പുതിയ തന്ത്രം. എന്നാൽ സാമ്പത്തിക യുദ്ധത്തിനിടെ ട്രംപ് ഭരണകൂടം ചെയ്ത മാരകമായ തെറ്റാണ് ഞായറാഴ്ചത്തെ ആക്രമണമെന്നും ഇതിന് സൈനികമായും സാമ്പത്തികമായും ശത്രുക്കൾ വലിയ വില നൽകേണ്ടിവരുമെന്നും റെവല്യൂഷണറി ഗാർഡ് വക്താവ് ജനറൽ ഹുസൈൻ മൊഹെബി പ്രതികരിച്ചു.

മാസങ്ങൾ നീണ്ട യുദ്ധത്തെ തുടർന്ന് ആയുധശേഖരത്തിൽ കുറവ് വന്നതിനാലാണ് അമേരിക്ക ഉപരോധത്തിലേക്ക് തിരിഞ്ഞതെന്നാണ് വിലയിരുത്തൽ. നീണ്ടുനിൽക്കുന്ന സംഘർഷം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ അമേരിക്കൻ സൈനിക സജ്ജീകരണങ്ങളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ മുൻ പ്രഖ്യാപനങ്ങളും മങ്ങുകയാണ്. ഇറാനെ വീണ്ടും ചർച്ചാമേശയിലെത്തിക്കാൻ തനിക്ക് തിടുക്കമില്ലെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇസ്‌ലാമിക രാജ്യത്തിൻ്റെ നേതൃത്വം തകർച്ചയിലാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള ഉപരോധങ്ങളെ അതിജീവിച്ച ഇറാൻ, കഴിഞ്ഞ മാസം ഉന്നത സുരക്ഷാ നേതൃത്വത്തിൽ നടത്തിയ നിയമനങ്ങളിലൂടെ തങ്ങളുടെ വെല്ലുവിളി തുടരുകയാണെന്ന് വ്യക്തമാക്കുന്നു. രാജ്യത്തിനകത്തെ എതിർപ്പുകളെ വച്ചുപൊറുപ്പിക്കില്ലെന്ന സൂചനയും ഇതിലൂടെ നൽകുന്നുണ്ട്.

നാശനഷ്ടങ്ങളും ഹോർമുസ് കടലിടുക്കും
അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ ഇറാൻ്റെ നാവിക, വ്യോമ സേനകൾക്ക് കനത്ത നാശം വിതച്ചതായി ട്രംപ് ആവർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ തങ്ങൾക്ക് 270 ബില്യൺ ഡോളറിൻ്റെ പ്രത്യക്ഷവും പരോക്ഷവുമായ നാശനഷ്ടങ്ങൾ ഉണ്ടായതായി ഇറാൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. യുദ്ധത്തിൻ്റെ ആദ്യ ആഴ്ചകളിൽ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണങ്ങളിൽ ഇറാൻ്റെ ഭരണനേതൃത്വത്തിൻ്റെ വലിയൊരു ഭാഗം തകർന്നിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയാണ് ഇറാൻ ഇതിന് മറുപടി നൽകുന്നത്.

ലോകത്തെ എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിലൂടെ നിലവിൽ വളരെ കുറച്ച് എണ്ണ, പ്രകൃതിവാതക കപ്പലുകൾ മാത്രമാണ് അപകടസാധ്യതകൾ അവഗണിച്ച് യാത്ര ചെയ്യുന്നത്. ഈ ജലപാതയിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ പ്രയോഗിക്കാൻ ആവശ്യമായ ഡ്രോണുകളും മിസൈലുകളും ഇപ്പോഴും ഇറാൻ്റെ പക്കലുണ്ട്.

കടലിടുക്കിൻ്റെ മറുവശത്തുള്ള ഒമാനുമായി ചേർന്ന് ഒരു മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കിയാലും, ജൂൺ പകുതിയോടെ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാതെ അമേരിക്കയ്ക്ക് ഈ പാത ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ടെഹ്റാൻ്റെ നിലപാട്.

ഹോർമുസ് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്നും കഴിഞ്ഞയാഴ്ച 24 കപ്പലുകൾ ഇതിലൂടെ കടന്നുപോയെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുദ്ധം തുടങ്ങുന്നതിന് മുൻപ് പ്രതിദിനം ഏകദേശം 130 കപ്പലുകൾ സഞ്ചരിച്ചിരുന്ന സ്ഥാനത്താണിത്. കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം വളരെ കുറഞ്ഞ നിരക്കിലാണെന്ന് യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ബഹുരാഷ്ട്ര സഖ്യവും ഞായറാഴ്ച വ്യക്തമാക്കി.

ശനിയാഴ്ച ഒമാനിലെ ഖസബിന് വടക്ക് കടലിടുക്കിലൂടെ പോവുകയായിരുന്ന ഒരു ടാങ്കർ കപ്പലിന് നേരെ അജ്ഞാത മിസൈൽ ആക്രമണം ഉണ്ടായതായി ബ്രിട്ടീഷ് സൈന്യത്തിൻ്റെ നിരീക്ഷണ ഏജൻസി അറിയിച്ചു. ആളപായമോ പാരിസ്ഥിതിക പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ ഉപരോധത്തിൻ്റെ ഭാഗമായി ഞായറാഴ്ച വരെ 83 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിടുകയും മൂന്നെണ്ണത്തിൻ്റെ പ്രവർത്തനം തടയുകയും ചെയ്തതായി അമേരിക്കൻ സൈന്യം അറിയിച്ചു.

Also Read:- നേപ്പാളിലും ടിബറ്റിലും വെള്ളപ്പൊക്കം; പെട്ടെന്നുള്ള ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം?