എച്ച്-1ബി വിസ തട്ടിപ്പ്: പ്രമുഖ ഐ ടി കമ്പനി കോഗ്നിസെൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ യു എസ് സർക്കാരിൻ്റെ വൻ അന്വേഷണം
എച്ച്-1ബി, പെം വർക്ക് വിസകളിൽ വ്യാപകമായ രീതിയിൽ തട്ടിപ്പ് നടത്തിയ കമ്പനികൾക്കെതിരെ യു എസ് തൊഴിൽ വകുപ്പ് ശക്തമായ അന്വേഷണം ആരംഭിച്ചു

Published : July 9, 2026 at 2:45 PM IST
വാഷിങ്ടൺ : അമേരിക്കൻ തൊഴിൽ വിസകളായ എച്ച്- 1 ബി (H-1B), പെം (PERM) എന്നിവയിൽ വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയിൽ പ്രമുഖ കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി യു എസ് ഭരണകൂടം. പ്രമുഖ ഐ ടി കമ്പനിയായ കോഗ്നിസെൻ്റ് ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങൾ നിലവിൽ യു എസ് തൊഴിൽ വകുപ്പിൻ്റെ കർശന നിരീക്ഷണത്തിലാണെന്ന് ഫെഡറൽ ലേബർ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വ്യാജ അപേക്ഷകൾ സമർപ്പിച്ചും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്‌തും വിപണിയിൽ കൃത്രിമത്വം കാണിച്ച തൊഴിലുടമകളെയും ഇടനിലക്കാരെയും കണ്ടെത്താനാണ് യു എസ് നീക്കം.
വിദേശ തൊഴിലാളികളെ ചൂഷണം ചെയ്‌തതായി കണ്ടെത്തൽ
തൊഴിലുടമകളും ലേബർ ബ്രോക്കർമാരും ചേർന്ന് യു എസിൽ വൻതോതിൽ വിസാ ക്രമക്കേടുകൾ നടത്തിയതായി ഡിപ്പോർട്ട്മെൻ്റ് ഓഫ് ലേബറിന് കീഴിലുള്ള ഓഫീസ് ഓഫ് ഇൻസ്‌പെക്‌ടർ ജനറൽ കണ്ടെത്തി. വ്യാജ വിസ അപേക്ഷകൾ നൽകുക, നിർബന്ധിത വേതന കിക്ക്ബാക്ക് കരാറുകൾ വഴി വിദേശ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ എത്തിച്ച് അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോഗ്നിസെൻ്റ് ഉൾപ്പെടെയുള്ള ഭീമന്മാർ നിരീക്ഷണത്തിൽ
വിസ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ അന്വേഷണസംഘം ഡസൻ കണക്കിന് സബ്‌പോണകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോഗ്നിസെൻ്റ് പോലുള്ള വൻകിട കമ്പനികളിലെ ക്രമക്കേടുകളെക്കുറിച്ച് വിസിൽബ്ലോവർമാർ തങ്ങൾക്ക് സൂചന നൽകിയിട്ടുണ്ടെന്ന് ലേബർ ഡിപ്പാർട്ട്‌മെൻ്റ് ഇൻസ്‌പെക്‌ടർ ജനറൽ ആൻ്റണി ഡി എസ്പോസിറ്റോ വ്യക്തമാക്കി. എല്ലാ സൂചനകളും കൃത്യമായി പിന്തുടർന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ്
അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ നേത്യത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ടു എലിമിനേറ്റ് ഫ്രോഡ്' എന്ന പ്രത്യേക സമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ ശക്തമായ നടപടി. രാജ്യത്തെ യഥാർത്ഥ തൊഴിൽ ക്ഷാമം പരിഹരിക്കാൻ രൂപകൽപ്പന ചെയ്‌ത തൊഴിൽ വകുപ്പിൻ്റെ പദ്ധതികളെ അട്ടിമറിച്ച്, അമേരിക്കക്കാരുടെ ജോലി നഷ്‌ടപ്പെടുത്തിക്കൊണ്ട് ചില താല്‌പര്യക്കാർ പോക്കറ്റ് വീർപ്പിക്കുന്നത് അനുവദിക്കില്ലെന്ന് യു എസ് ഭരണകൂടം വ്യക്തമാക്കി.
മനുഷ്യക്കടത്തിനും നിർബന്ധിത തൊഴിലിനും എതിരെ കർശന നിലപാട്
വിദേശ അതിഥി തൊഴിലാളി വിസ സമ്പ്രദായത്തെ ദുരുപയോഗം ചെയ്യുന്ന മനുഷ്യക്കടത്ത് ശൃംഖലകളെയും നിർബന്ധിത തൊഴിൽ രീതികളെയും അടിച്ചമർത്താൻ ഒ.ഐ.ജി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്‌താവനയിൽ പറയുന്നു. ദുർബലരായ തൊഴിലാളികളെ ഇരയാക്കുകയും അമേരിക്കൻ പൗരന്മാരുടെ തൊഴിൽ കവരുകയും ചെയ്യുന്ന എല്ലാത്തരം വിസ മാഫിയകളെയും പൂർണ്ണമായി വേരറുക്കാനാണ് ഈ നീക്കം.
Also Read: 'അവരുടെ ഹിറ്റ്‌ലിസ്റ്റിൽ ഒന്നാമൻ ഞാൻ'; സുരക്ഷാ ഭീഷണിക്കിടെ വിമാനം മാറ്റി അമേരിക്കൻ പ്രസിഡൻ്റ്

