"ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം"; 'ഭ്രാന്തൻ' പരാമർശത്തിന് പിന്നാലെ ട്രംപ്
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച അടുത്ത ആഴ്‌ചകളിൽ വൈറ്റ് ഹൗസിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്.

Published : July 5, 2026 at 9:20 AM IST
വാഷിങ്ടൺ ഡിസി: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ വെച്ച് ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ ഉച്ചകോടിക്ക് ശേഷമായിരിക്കും ഈ കൂടിക്കാഴ്‌ചയെന്നും, തങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണെങ്കിലും "ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം" എന്നും ട്രംപ് പ്രമുഖ മാധ്യമത്തിന് നൽകിയ ഫോൺ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇരുനേതാക്കളും തമ്മിൽ സമീപകാലത്തായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രസ്‌താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അകൽച്ചയിലായ സൗഹൃദം; നെതന്യാഹുവിനെതിരെ ട്രംപ്
കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കാണാനൊരുങ്ങുന്നത്. അന്ന് ഇറാനെതിരായ സംയുക്ത നീക്കത്തിൻ്റെ പ്ലാൻ നെതന്യാഹു ട്രംപിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിനുശേഷമുള്ള മാസങ്ങളിൽ ട്രംപിൻ്റെ അടുത്ത അനുയായികൾക്കിടയിൽ നെതന്യാഹുവിനോടുള്ള വിശ്വാസ്യത കുറഞ്ഞതായാണ് റിപ്പോർട്ട്. നെതന്യാഹുവിന് എല്ലാ കാര്യങ്ങളിലും തെറ്റുപറ്റിയെന്നാണ് ട്രംപിൻ്റെ ഉപദേശകർ കരുതുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാസം ലബനനിൽ ഇസ്രായേൽ നടത്തിയ സൈനിക നീക്കങ്ങളിൽ ട്രംപ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഒരു ഫോൺ കോളിനിടെ നെതന്യാഹുവിനെ 'ഭ്രാന്തൻ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി നന്ദികേടാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. ലബനനിലെ സൈനിക നടപടികൾ കുറയ്ക്കാനും ദക്ഷിണ ലബനനിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണയ്ക്കാനും ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഒക്ടോബർ തെരഞ്ഞെടുപ്പിൽ ജനപ്രീതിയിൽ പിന്നിലായ നെതന്യാഹുവിന് ട്രംപുമായുള്ള കൂടിക്കാഴ്‌ച രാഷ്ട്രീയമായി ഏറെ നിർണായകമാണ്.
ഖമേനിയുടെ സംസ്‌കാര ചടങ്ങിനെക്കുറിച്ച് ട്രംപ്
യുഎസ് ഇസ്രായേൽ സംയുക്ത നീക്കത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ മുൻ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയെക്കുറിച്ചും ട്രംപ് അഭിമുഖത്തിൽ സംസാരിച്ചു. ഇറാൻ്റെ നേതാക്കളെല്ലാം വിലാപയാത്രയ്ക്കായി ഒത്തുകൂടിയിട്ടുണ്ടെന്നും, "ഒറ്റയടിക്ക് വേണമെങ്കിൽ അവരെയെല്ലാം തീർക്കാമായിരുന്നു, പക്ഷേ ചർച്ചകൾ നടത്താൻ പിന്നെ ആരും അവശേഷിക്കില്ല എന്നതിനാലാണ് അതിന് മുതിരാത്തത്" എന്നും ട്രംപ് പറഞ്ഞു.
സംസ്‌കാര ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ഒരാഴ്‌ചത്തേക്ക് ചർച്ചകൾക്ക് താൽക്കാലിക വിരാമം ഇട്ടിരിക്കുകയാണെന്നും ഈ സമയത്ത് സൈനിക നീക്കങ്ങൾ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖമേനിയുടെ മരണത്തിൽ ഇറാൻ ജനത കരയുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും, ജനങ്ങൾക്ക് അദ്ദേഹത്തെ വെറുപ്പായിരുന്നു എന്നാണ് താൻ കരുതിയതെന്നും പറഞ്ഞ ട്രംപ്," ഒരുപക്ഷേ അത് വ്യാജക്കണ്ണീർ ആയിരിക്കാം" എന്നും പരിഹസിച്ചു.

