ETV Bharat / international

യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ്റെ മിസൈൽ മഴ; തിരിച്ചടിച്ച് അമേരിക്കയും

ഇറാൻ്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, നാവിക കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സെൻ്റ്കോം

US IRAN CONFLICT  CENTCOM  Esmaiel Baqaei  IRGC
Representational image (@CENTCOM)
author img

By ANI

Published : September 2, 2026 at 7:24 AM IST

3 Min Read
Choose ETV Bharat

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമാകുന്നു. അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കനത്ത പ്രത്യാക്രമണം നടത്തി. അമേരിക്കൻ ആക്രമണത്തിൽ സിരിക്കിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത 50ൽ അധികം സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയുടെ വിശദീകരണം
ഇറാൻ്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, നാവിക കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സൈനികർക്കും നേരെ ഐആർജിസി അടുത്തിടെ നടത്തിയ ആക്രമണ ശ്രമങ്ങൾക്കുള്ള മറുപടിയായാണ് ഈ നടപടിയെന്ന് സെൻ്റ്കോം വിശദീകരിച്ചു. പശ്ചിമേഷ്യയിലുടനീളം 50,000ൽ അധികം അമേരിക്കൻ സൈനികർ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും, കമാൻഡർ ഇൻ ചീഫിൻ്റെ നിർദേശപ്രകാരം ഏത് സാഹചര്യവും നേരിടാൻ ഇവർ സജ്ജരാണെന്നും കുറിപ്പിൽ പറയുന്നു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു വീഡിയോയും അമേരിക്കൻ സേന പുറത്തുവിട്ടിട്ടുണ്ട്.

ഇറാൻ്റെ പ്രതികരണം
അതേസമയം, സിരിക്കിലെ കുഹെസ്തകിൽ ഒരു വിവാഹച്ചടങ്ങ് നടക്കുന്ന വീടിന് നേരെയാണ് അമേരിക്കൻ ആക്രമണം ഉണ്ടായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു. നിരപരാധികളായ 50ൽ അധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഈ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇറാൻ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ന് നിശബ്ദത പാലിക്കുന്നവർ നാളെ ഇതിൻ്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തരാകില്ലെന്നും, അനീതിക്ക് നേരെ കണ്ണടയ്ക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ ധൈര്യം നൽകുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരിച്ചടിച്ച് ഇറാൻ
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ യുഎസ് പ്രിൻസ് ഹസ്സൻ എയർ ബേസിൽ ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആർക്യു-4, എംക്യു-9 ഡ്രോണുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി ഡ്രോണുകൾ തകർത്തതായും പൈലറ്റുമാരും ഫ്ലൈറ്റ് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഇതിനുപുറമെ, ബഹ്റൈനിലെ ഷെയ്ഖ് ഈസ താവളത്തിലെ അമേരിക്കൻ സേനയുടെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ സൈന്യം ഡ്രോൺ ആക്രമണം നടത്തി. ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും പ്രധാന അറ്റകുറ്റപ്പണി കേന്ദ്രമായ ഇവിടെ നിരീക്ഷണ വിമാനങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ജോർദാനിലെ യുഎസ് മറൈൻ ബേസായ ക്യാമ്പ് ടിറ്റിനിലും ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായും സൈനികർക്ക് ആളപായം ഉണ്ടായതായും ഐആർജിസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി വ്യക്തമാക്കി.

ജാഗ്രതാ നിർദേശം
പശ്ചിമേഷ്യയിൽ സംഘർഷം അതിവേഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാരോടും താമസക്കാരോടും ശാന്തത പാലിക്കാനും, ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഔദ്യോഗിക ചാനലുകളിലൂടെയുള്ള വാർത്തകൾ പിന്തുടരാനും മന്ത്രാലയം അഭ്യർഥിച്ചു. അതിനിടെ, ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നേരിടുന്നതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ തൊടുത്തുവിട്ട 13 ബാലിസ്റ്റിക് മിസൈലുകൾ ജോർദാൻ്റെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹോർമുസ് കടലിടുക്കിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതിന് മറുപടിയായാണ് പുതിയ ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ ശക്തമായ പ്രത്യാക്രമണം. തികച്ചും ന്യായീകരിക്കാവുന്ന ഈ ആക്രമണത്തിനെതിരെ ഇറാൻ്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി ഉണ്ടായാൽ വാഷിങ്ടണിൻ്റെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ടെഹ്‌റാനെതിരെ ഇതിലും വലിയ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.

Also Read: ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം; തിരിച്ചടിച്ച് ഐആർജിസി, ഗൾഫിൽ കനത്ത ജാഗ്രത