വീണ്ടും ഇറാനെതിരെ ഉപരോധവുമായി അമേരിക്ക, ഇക്കുറി ഉപരോധം ഇറാനിയൻ ചരക്ക് കമ്പനിക്ക് മേലെ
യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള കാരാറിലേക്ക് ഇറാൻ നേതൃത്വത്തെ എത്തിക്കാനുമുള്ള അമേരിക്കയുടെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് റിപ്പോർട്ട്.

Published : May 28, 2026 at 12:04 PM IST
വാഷിങ്ടൺ: ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. യുദ്ധകാലത്ത് വ്യാപകമായ സാമ്പത്തിക സമ്മർദ്ദത്തിൻ്റെ ഭാഗമായാണ് ഉപരോധം. ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന ഇറാൻ്റെ പുതിയ ഏജൻസിയെ ലക്ഷ്യം വച്ചാണ് അമേരിക്കയുടെ ഉപരോധം.
യുദ്ധം അവസാനിപ്പിക്കാനും ലോകത്തിലെ ഇന്ധനത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള കാരാറിലേക്ക് ഇറാൻ നേതൃത്വത്തെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിൻ്റെ ഭാഗമായി ആഗോള ഊർജ്ജ വിലയിലെ വർധനവ് അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനും മറ്റ് നേതാകൾക്കും മേൽ രാഷ്‌ട്രീയ സമ്മർദ്ദം ചെലുത്തിയിരിക്കെയാണ് പുതിയ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
"ആഗോള സമുദ്ര വ്യാപാരം നിയന്ത്രണത്തിലാക്കാനുള്ള ഇറാനിയൻ സൈന്യത്തിൻ്റെ പുതിയ ശ്രമം ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രഹരം ഉണ്ടാക്കിയിരിക്കുന്നു എന്ന്", ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇറാൻ്റെ ഏജൻസിയുമായി സഹകരിക്കുന്ന ഏതൊരു വ്യക്തിയെയും സ്ഥാപനത്തെയും ഈ ഉപരോധങ്ങൾ ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ ട്രാൻസിസ്‌റ്റ് ഫീസ് ഈടാക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു.
ജലപാതയിലൂടെയുള്ള ഗതാഗതത്തിന് ഏക സുരക്ഷിത മാർഗം ഇതാണെന്നും ഈ പാതയിൽ നിന്ന് വ്യതിചലിക്കുന്ന ഏതൊരു കപ്പലും നിരവധി ആക്രമണങ്ങളും അപകടസാധ്യകളും നേരിടേണ്ടിവരുമെന്ന് ഇറാൻ്റെ സൈനിക ഗാർഡ് പറഞ്ഞു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും ഇറാൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. ഇത് ആഗോള എണ്ണ വിലയുടെ വർധനവിന് കാരണമായി. ജലപാത വീണ്ടും തുറന്നുകഴിഞ്ഞാൽ കപ്പൽ ഗതാഗതവും വിലയും സാധാരണ ഗതിയാവാൻ നിരവധി ആഴ്‌ചകളോ മാസങ്ങളോ എടുക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
അതേസമയം സമാധാന കരാറിൽ ഒപ്പ് വയ്‌ക്കാതെ വരാനിരിക്കുന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പ് വരെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ഇറാൻ്റെ പദ്ധതിയെന്നാണ് ട്രംപ് പറയുന്നത്. ഇതിലൂടെ കൂടുതൽ അനുകൂലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തനാണ് ശ്രമിക്കുന്നതെന്നും പ്രസിഡൻ്റ് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള സമാധാന ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുന്നിണ്ടെങ്കിലും മറു വശത്ത് ഹോർമുസിന് സമീപം ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ച് കൊണ്ടിരിക്കുകയാണ്.
Also Read: 'എൺപതിലേക്കടുക്കുന്ന ട്രംപിൻ്റെ ആരോഗ്യ പരിശോധന'; ഔദ്യോഗിക പ്രസ്‌താവന പുറത്ത്

