ട്രംപിൻ്റെ കുടിയേറ്റ നിയന്ത്രണം; ഇമിഗ്രേഷൻ ഓഫിസർ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം
മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഏജൻ്റുമാർ തൻ്റെ നഗരം വിട്ടുപോകണമെന്നും മേയർ ആവശ്യപ്പെട്ടു.

Published : January 8, 2026 at 10:26 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ യുഎസ് ഇമിഗ്രേഷൻ ഓഫിസർ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കൊല്ലപ്പെട്ടത് ആഭ്യന്തര തീവ്രവാദിയാണെന്ന വൈറ്റ് ഹൗസ് പ്രസ്‌താവനയ്‌ക്കെതിരെയും പ്രതിഷേധം ശക്തമാകുന്നു. അമേരിക്കൻ പൗരയായ 37 കാരി റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്‌ക്കിടെയാണ് സംഭവം. മുഖം മൂടി അണിഞ്ഞ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഏജൻ്റുമാർ അതിവേഗം കാർ വളയുകയും, നിയന്ത്രണം വിട്ട ഹോണ്ട എസ്‌യുവി വെട്ടിത്തിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതോടെ ഉദ്യോഗസ്ഥൻ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുർത്തതോടെ യുവതി കാറിൽ വച്ച് കൊല്ലപ്പെടുകയും ചെയ്‌തു.
താൻ അമേരിക്കൻ പൗരയാണെന്ന് വ്യക്തമാക്കിയതായും ഗുഡിലേക്ക് എത്താൻ ശ്രമിച്ച ഒരു ഡോക്‌ടറെയാണ് വെടിച്ചതെന്നും അനധികൃതമായി പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന സഹ യാത്രികൻ ബ്രാൻഡൻ ഹെവിറ്റ് വ്യക്തമാക്കി. ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിഭ്രാന്തരായ കാഴ്‌ചക്കാർ ഫെഡറൽ ഓഫിസർമാരെ അസഭ്യം പറയുന്നതും പുറത്ത് വരുന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വിവാദമായതോടെ സ്വയ രക്ഷാർഥം വെടിയുതിർക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മന്ത്രാലയത്തിൻ്റെ അവകാശവാദം ശരിവച്ച് രംഗത്തെത്തി.
എന്നാൽ മിനിയാപൊളിസ് മേയർ ആക്രമണത്തെ ശക്തമായി അപലപിച്ചു. യുഎസ് ഇമിഗ്രേഷൻ ഓഫിസറുടെ പ്രവൃത്തി വിഡ്ഢിത്തം എന്നാണ് മേയർ ജേക്കബ് ഫ്രേ വിമർശിച്ചത്. ഐസിഇയോട് തൻ്റെ നഗരം വിട്ടുപോകണമെന്നും മേയർ ആവശ്യപ്പെട്ടു. ആഭ്യന്തര ഭീകരതയാണ് നടക്കുന്നതെന്നാണ് ഹോം ലാൻഡ് സെക്യൂരിറ്റി മേധാവി ക്രിസ്റ്റി നോം പ്രതികരിച്ചു. എന്നാൽ ആക്രമണത്തെ പെയ്‌ഡ് ക്യാംപെയിൻ എന്നാണ് മിനസോട്ട ഗവർണർ ടിം വാൾസ് പറഞ്ഞത്.
അതേസമയം "ICE out of MPLS" എന്ന ബാനറുകളുമായി പ്രതിഷേധക്കാർ റോഡിൽ തടിച്ച് കൂടി. ട്രംപിൻ്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരെ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. സെപ്‌തംബറിൽ ഷിക്കാഗോയിലും യുഎസ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫിസർ ഒരാളെ വെടിവച്ച് കൊന്നതായും റിപ്പോർട്ടുകളുണ്ട്.
2020ൽ ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസ് ഓഫിസർ കൊലപ്പെടുത്തിയ സംഭവം വലിയ അന്താരാഷ്‌ട്ര തലത്തിൽ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ കൊലപാതകവും അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാകുന്നത്. 2024നുശേഷം ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോൾ ഗുഡിൻ്റേത്.

