പാകിസ്ഥാനിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; വെടിവയ്‌പ്പില്‍ ഒമ്പത് പേർ കൊല്ലപ്പെട്ടു
അമേരിക്കയും ഇസ്രയേലും ഖമേനിയെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്.

Published : March 1, 2026 at 6:13 PM IST
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ യുഎസ് കോൺസുലേറ്റിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പതോളം പേർ കൊല്ലപ്പെടുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസും ആശുപത്രി ജീവനക്കാരും അറിയിച്ചു. ഖമേനിയയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാൻ തുറമുഖ നഗരമായ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേയ്‌ക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർക്ക് നേരെയാണ് വെടിവയ്‌പ് നടത്തിയത്. അമേരിക്കയും ഇസ്രയേലും ഖമേനിയെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്.
പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റിൻ്റെ മുൻ ഭാഗത്തെ ചില്ല് തകർക്കുകയും ചിലയിടങ്ങളിൽ തീയിടുകയും ചെയ്‌തു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് അധികൃതരും ആശുപത്രി ജീവനക്കാരും വ്യക്തമാക്കി. പരിക്കേറ്റ ആളുകളേയും മൃതദേഹങ്ങളും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് സർജനായ സുമ്മയ്യ സയ്യിദ് താരിഖ് അറിയിച്ചു. പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് പരിധിയിൽ ആക്രമണം നടത്തിയെങ്കിലും സ്ഥിതിഗതികൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് മുതിർന്ന പാക് പൊലീസ് ഉദ്യോഗസ്ഥൻ ഇർഫാൻ ബലൂച്ച് പറഞ്ഞു. കോൺസുലേറ്റ് കെട്ടിടത്തിൻ്റെ ഏതെങ്കിലും ഭാഗം കത്തിച്ചുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ, സുരക്ഷാ സേന എത്തുകയും നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്യുന്നതിനുമുമ്പ് പ്രതിഷേധക്കാർ അടുത്തുള്ള ഒരു പൊലീസ് പോസ്റ്റ് കത്തിക്കുകയും കോൺസുലേറ്റിൻ്റെ ജനാലകൾ തകർക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റിൽ നിന്ന് ഒരു കിലോമീറ്റർ (അര മൈൽ) അകലെ ഡസൻ കണക്കിന് ഷിയാ അംഗങ്ങൾ തടിച്ചുകൂടിയതായും മറ്റുള്ളവരെ തങ്ങളോടൊപ്പം ചേരാൻ പ്രേരിപ്പിച്ചതായും ആളുകൾ പറഞ്ഞു.
പാകിസ്ഥാനിലെ ഏകദേശം 250 ദശലക്ഷം ജനസംഖ്യയുടെ 15 ശതമാനവും ഷിയാക്കളാണ്. മുമ്പ് ഷിയാകൾ പലപ്പോഴായി ഇസ്രയേൽ യുഎസ് വിരുദ്ധ റാലികൾ നടത്തിയിട്ടുണ്ട് എങ്കിലും ഇത്രയും വലിയ ഏറ്റുമുട്ടലുകൾ നടത്തിയത് അപൂർവമാണ്. കിഴക്കൻ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ യുഎസ് കോൺസുലേറ്റിന് സമീപവും ഷിയാക്കള്‍ ഒരു റാലി നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോൺസുലേറ്റിന് പുറത്ത് പ്രതിഷേധിക്കാൻ ഇവർ ശ്രമിച്ചെങ്കിലും അവരെ അനുവദിച്ചില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഫൈസൽ കമ്രാൻ പറഞ്ഞു. കെട്ടിടത്തിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കറാച്ചിയിലേയും ലാഹോറിലേയും യുഎസ് കോൺസുലേറ്റിന് മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിച്ചുവരികയാണെന്നും യുഎസ് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലും പെഷവാറിലെ കോൺസുലേറ്റ് ജനറലിലും നടക്കാനിടയുള്ള പ്രതിഷേധങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.
പ്രാദേശിക വാർത്തകൾ നിരീക്ഷിക്കാനും, ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും യുഎസ് സർക്കാരുമായി യാത്രാ രജിസ്ട്രേഷൻ താത്കാലികമായി നിലനിർത്താനും പാകിസ്ഥാനിലെ യുഎസ് പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. തെക്കൻ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനവും പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരവുമാണ് കറാച്ചി. ഖമേനിയുടെ മരണത്തെ തുടർന്ന് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
ALSO READ: ഖമൈനി വധം; ഇന്ത്യയിലും പ്രതിഷേധം,ലഖ്‌നൗവിലും ജമ്മുവിലും വന്‍ പ്രകടനങ്ങള്‍

