ETV Bharat / international

ഒരു മിനിട്ടിനുള്ളിൽ ഖമേനിയുള്‍പ്പെടെ കൊല്ലപ്പെട്ടത് 40 ഉന്നത ഉദ്യോഗസ്ഥർ; യുദ്ധവഴികളിലെ സംഭവ വികാസങ്ങള്‍

അമേരിക്കയും ഇറാനും തമ്മിൽ മധ്യസ്ഥ ചർച്ച നടത്താൻ ഒമാൻ തീരുമാനിച്ച ദിവസം തന്നെയാണ് അക്രമണം ഉണ്ടായിരിക്കുന്നത്.

ഇറാനെതിരെ ആക്രമണം  ഇറാൻ പ്രത്യാക്രമണം  ഇറാൻ യുഎസ് സംഘർഷം  ഖമേനിയുടെ കൊലപാതകം
Iran's Supreme Leader Ayatollah Khamenei was killed in US-Israeli strikes in Iran (AP)
author img

By ETV Bharat Kerala Team

Published : March 1, 2026 at 8:00 PM IST

2 Min Read
Choose ETV Bharat

അഫ്‌സൽ റഹ്മാൻ

ന്യൂഡൽഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ ഖമേനിയെ കൂടാതെ, നിരവധി ഉന്നത സൈനിക നേതാക്കളും കൊല്ലപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ മധ്യസ്ഥ ചർച്ച നടത്താൻ ഒമാൻ തീരുമാനിച്ച ദിവസം തന്നെയാണ് അക്രമണം ഉണ്ടായിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഘർഷങ്ങളിലെ സംഭവ വികാസങ്ങൾ

  • കഴിഞ്ഞ ദിവസം ഇറാനിൽ നടത്തിയ ആദ്യ ആക്രമണത്തിൽ രാജ്യത്തിൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെ 40 മുതിർന്ന കമാൻഡർമാരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. "ഇസ്രയേലിൽ നിന്നും ആയിരം മൈൽ അകലെ സ്ഥിതി ചെയ്യുന്ന രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിൽ വച്ച് ഖമേനി ഉൾപ്പെടെ 40 മുതിർന്ന കമാൻഡർമാരെ ഒരു മിനിറ്റിനുള്ളിൽ ഞങ്ങൾ വധിച്ചു," സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ നദവ് ഷോഷാനി മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു.
  • ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ യുഎസ്, ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും ഖമേനിയുടെ ഫോട്ടോകളുമായും ആയിരക്കണക്കിന് ഇറാനികൾ തെരുവുകളിലും കവലകളിലും ഒഴുകിയെത്തി.
  • ഇറാൻ്റെ പരമോന്നത നേതാവിൻ്റെ കൊലപാതകത്തെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
  • ആക്രമണങ്ങളിൽ ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് മണിക്കൂറുകൾക്ക് ശേഷം, ഇന്ന് രാവിലെ ഇറാൻ്റെ ടെലിവിഷൻ ചാനൽ ഖമേനി മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആയത്തുള്ള അലി ഖമേനിയുടെ അടുത്ത ഉപദേഷ്‌ടാവ് അലി ഷംഖാനി, ജനറൽ അബ്‌ദുൾ റഹീം മൗസവി, പ്രതിരോധ മന്ത്രി ജനറൽ അസീസ് നാസിർസാദെ, ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ മുഹമ്മദ് പക്‌പൂർ എന്നിവരും ആക്രമണത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു.
  • ആക്രമണത്തെ സംബന്ധിച്ച് പ്രമുഖ ലോക ശക്തികളിൽ നിന്ന് വ്യത്യസ്‌ത പ്രതികരണങ്ങളാണ് ലഭിച്ചത്. കാനഡ, ഓസ്‌ട്രേലിയ, യുക്രെയ്ൻ എന്നിവ യുഎസിനെയും ഇസ്രായേലിനെയും പിന്തുണച്ച ആദ്യ രാജ്യങ്ങളിലൊന്നാണ്. റഷ്യ, ചൈന, സ്‌പെയിൻ എന്നിവ ആക്രമണത്തെ അപലപിച്ചു, ഒരു പ്രകോപനവുമില്ലാത്ത സായുധ ആക്രമണമാണ് ഇതെന്ന് ഇവർ വിശേഷിപ്പിച്ചു.
  • ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തി, ഇത് വ്യാപകമായ നാശനഷ്‌ടങ്ങൾ വരുത്തിവയ്ക്കുകയും വ്യോമഗതാഗതം സ്‌തംഭിപ്പിക്കുകയും ചെയ്‌തു. കപ്പലുകൾ പോകരുതെന്ന് ഐആർജിസി റേഡിയോ സന്ദേശങ്ങൾ നൽകിയതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടു.
  • ഇറാനെതിരെ വലിയ ഒരു യുദ്ധ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുഭരണം ഏറ്റെടുക്കാൻ ഇറാനികളോട് ട്രംപ് അഭ്യർഥിച്ചു.
  • ഇറാൻ റെവല്യൂഷണറി ഗാർഡ് കേന്ദ്രം, വ്യോമ പ്രതിരോധ ശേഷികൾ, മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രം, സൈനിക വ്യോമതാവളങ്ങൾ എന്നിവയായിരുന്നു ലക്ഷ്യങ്ങളെന്ന് യുഎസ് സൈന്യം വെളിപ്പെടുത്തി.
  • യുഎസ്-ഇസ്രയേൽ സംയുക്ത ഓപ്പറേഷൻ മാസങ്ങളായി ആസൂത്രണം ചെയ്‌തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ പ്രവൃത്തി ദിവസത്തിൻ്റെ ആരംഭത്തിലാണ് ആക്രമണം നടന്നത്. അതുപോലെ റമദാൻ മാസം നടന്നു കൊണ്ടിരിക്കുകയാണ്.
  • വ്യാഴാഴ്‌ച ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദി, ജനീവയിൽ നടന്ന മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷം "സുപ്രധാന വഴിത്തിരിവ്" ഉണ്ടായതായി അവകാശപ്പെട്ടിരുന്നതിനാൽ ആക്രമണം തീർത്തും അപ്രതീക്ഷിതമായിരുന്നു.

ALSO READ: ഖമൈനി കൊല്ലപ്പെട്ടിരിക്കുന്നു; ആരാകും ഇറാന്‍റെ അടുത്ത പരമോന്നത നേതാവ്?