ETV Bharat / international

പ്രതിഷേധക്കാരെ ആക്രമിച്ചാൽ ഇടപെടുമെന്ന് ട്രംപ്; മറുപടിയുമായി ഇറാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെതിരെ ഇറാനിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്‌ചയോളമായി പ്രതിഷേധം തുടരുന്നു.

DONALD TRUMP  ALI LARIJANI  IRAN PROTEST  IRAN LETTER TO UNITED NATIONS
US President Donald Trump and Iranian Secretary of Supreme National Security Council Ali Larijani (AP)
author img

By ETV Bharat Kerala Team

Published : January 3, 2026 at 12:27 PM IST

2 Min Read
Choose ETV Bharat

ദുബായ്: ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുമ്പോൾ രാജ്യത്തിന് മുന്നറിയിപ്പുമായി യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അക്രമാസക്തമായി കൊലപ്പെടുത്തിയാൽ അമേരിക്ക അവരുടെ രക്ഷക്കെത്തുമെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി മുന്നറിയിപ്പിന് തിരിച്ചടിച്ചിരിക്കുകയാണ് ഇറാൻ. ഇറാൻ്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് മേഖലയിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന് ഇറാൻ്റെ സൂപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു.

"ആഭ്യന്തര പ്രശ്‌നത്തിൽ ട്രംപ് ഇടപെടുന്നത് മുഴുവൻ മേഖലയിലെ കുഴപ്പങ്ങൾക്കും അമേരിക്കൻ താത്‌പര്യങ്ങളുടെ നാശത്തിനും കാരണമാകുമെന്ന് ട്രംപ് അറിയണം. ട്രംപ് സാഹസികത ആരംഭിച്ചുവെന്ന് അമേരിക്കയിലെ ജനങ്ങൾ അറിയണം. അവർ സ്വന്തം സൈനികരെ പരിപാലിക്കണം", അലി ലാരിജാനി എക്‌സിൽ കുറിച്ചു.

ഇറാൻ്റെ സുരക്ഷയിൽ കൈകടത്താൻ വരുന്ന ആരായാലും അവൻ വിവരമറിയുമെന്ന് ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്‌ടാവായ അലി ഷംഖാനി ട്രംപിന് മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് അമേരിക്ക

ഇറാനിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് അമേരിക്ക. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമണം നടത്തിയാൽ യുഎസ് ഇടപെടുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

എന്നാൽ ട്രംപ് നൽക്കുന്ന ഇത്തരം പിന്തുണ അപകട സാധ്യത ഉണ്ടാക്കുമെന്നും ഇതിന് പകരമായി അവർ പ്രതിഷേധകാർക്ക് എതിരെ തിരിയാൻ സാധ്യതയുണ്ടെന്ന് ഇൻ്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ വിദഗ്‌ദൻ നയ്‌സൻ റാഫതി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രകോപിതരായ ജനങ്ങൾ ഒരാഴ്‌ചയോളമായി പ്രതിഷേധം നടത്തുന്നു. ടെഹ്‌റാനിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് പല പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. 2022 ന് ശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്.

ഡിസംബർ 27 നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെതിരെ തെരുവുകളിൽ നടന്ന പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാസേന വ്യാപകമായി ശ്രമിച്ചതോടെ രാജ്യത്ത് മരണ സംഖ്യയും വർദ്ധിക്കാൻ തുടങ്ങി.

ഡിസംബർ 31നാണ് പ്രതിഷേധകാർക്ക് നേരെ സുരക്ഷാസേനയുടെ ആക്രമണം ഉണ്ടാവുന്നത്. ഏറ്റുമുട്ടലിൽ ഇതുവരെ ഏഴ്‌ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സാമ്പത്തിക സമ്മർദ്ദങ്ങൾ, പണപ്പെരുപ്പം, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമാണ് പ്രതിഷേധങ്ങൾ ഉണ്ടായത്.

2025ൽ ഇറാൻ്റെ ജിഡിപി 1.7 ശതമാനവും 2026ൽ 2.8 ശതമാനവും കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതോടെ സമ്പദ്‌വ്യവസ്ഥ നിലവിൽ ഭീഷണി നേരിടുകയാണ്. ഒക്‌ടോബറിൽ പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 48.6 ശതമാനത്തിലെത്തി. അതേസമയം തിങ്കാളാഴ്‌ച (ഡിസംബർ 28) ഡോളറിനെതിരെ റിയാലിൻ്റെ മൂല്യം 13,90,000 എന്ന പുതിയ റെക്കോർഡിലേക്ക് താഴ്‌ന്നിരുന്നു.

Also Read: യുക്രെയ്‌ൻ്റെ ആക്രമണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം; ഖാർകിവ് വ്യോമാക്രമണം തള്ളി റഷ്യ