ETV Bharat / international

'ലെബനൻ ആക്രമണങ്ങളിൽ നെതന്യാഹുവിനെ വിമർശിച്ചു'; ഇസ്രയേലിൻ്റെ ചില തീരുമാനങ്ങളിൽ അതൃപ്‌തിയുണ്ടായിരുന്നുവെന്ന് ട്രംപ്

ബെഞ്ചമിൻ നെതന്യാഹുവിനെ താൻ രൂക്ഷമായി വിമർശിച്ചതായും ഇറാനുമായുള്ള സമാധാന ചർച്ചകളെ തടസപ്പെടുത്തുന്ന രീതിയിൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണങ്ങളിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും ട്രംപ്.

DONALD TRUMP  NETANYAHU  PEACE TALKS WITH IRAN  ISRAEL
US President Donald Trump (File/Ap)
author img

By ETV Bharat Kerala Team

Published : June 4, 2026 at 4:42 PM IST

2 Min Read
Choose ETV Bharat

വാഷിംഗ്‌ടൺ: ലെബനനിൽ ഇസ്രയേൽ സൈനിക നടപടി ശക്തമാക്കിയതിനെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ താൻ രൂക്ഷമായി വിമർശിച്ചതായും ഭ്രാന്തനെന്ന് വിളിച്ചതായും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന ചർച്ചകളെ തടസപ്പെടുത്തുന്ന രീതിയിൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണങ്ങളിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും ട്രംപ് പോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി.

ചില തീരുമാനങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും താനും ബെഞ്ചമിൻ നെതന്യാഹും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും ഇരുവരും യുദ്ധകാല നേതാക്കളായതിനാൽ പല കാര്യങ്ങളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് വളരെക്കാലമായി നന്നായി പ്രവർത്തിച്ചു പോകുന്നവരാണ്. എൻ്റെ വളരെ അടുത്ത സുഹൃത്തുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ബുധനാഴ്‌ച നടത്തിയ അഭിമുഖത്തിൽ ഫോൺ കോളിൽ നെതന്യാഹുവിനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ട്രംപിൻ്റെ വിമർശനങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരണവുമായി രംഗത്തുവന്നിരുന്നു. തനിക്കും ട്രംപിനും ചില സന്ദർഭങ്ങളിൽ തന്ത്രപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും തങ്ങൾക്ക് പൊതുവായ ലക്ഷ്യമുണ്ടെന്നും പ്രധാന കാര്യങ്ങളിൽ പരസ്‌പരം യോജിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രംപ് നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിനിടെ കോപാകുലനായെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസാണ് റിപ്പോർട്ട് ചെയ്‌തത്. നിനക്ക് ഭ്രാന്താണെന്നും ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിൽ പോകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ എല്ലാവരും നിന്നെ വെറുക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇസ്രയേലിനെയും വെറുക്കുന്നുവെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ലെബനനിനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ യുഎസുമായുള്ള ചർച്ചകൾ അവസാനിപ്പിക്കുമെന്ന ഇറാൻ ഭീഷണിയെ തുടർന്നാണ് ട്രംപ് നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തിയത്. ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ബെയ്റൂട്ടിലെ ഭീകര കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ട്രംപ് നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിനിടെ പ്രശ്‌നം ഗുരുതരമായെന്നും ആക്‌സിയോസ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇസ്രയേൽ - ലെബനൻ വെടിനിർത്തൽ

അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ വച്ച് ചേർന്ന അതിനിർണ്ണായക ചർച്ചയ്‌ക്ക് ശേഷമാണ് വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേലും ലെബനനും പൂർണമായും അംഗീകരിച്ചത്. തുടർന്ന് സായുധ സംഘടനയായ ഹിസ്ബുള്ള സൈനികാക്രമണങ്ങൾ നിർത്തിവയ്‌ക്കണമെന്നും തെക്കൻ ലിറ്റാനിയിൽ നിന്നും ഹിസ്ബുള്ള പ്രവർത്തകരെ പൂർണമായും പിൻവലിക്കണമെന്നും കരാറിൽ ആവശ്യപ്പെട്ടു.

നീണ്ട ചർച്ചകൾക്ക് ശേഷമാണ് അമേരിക്ക ഔദ്യോഗിക പ്രസ്‌താവന പുറത്തുവിട്ടത്. ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നിർണായക തീരുമാനം. കഴിഞ്ഞ മാസം സമാനരീതിയിൽ ഇരുവിഭാഗങ്ങൾ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും പിന്നീട് ധാരണകൾ ലംഘിച്ച് അതിർത്തിയിൽ കടുത്ത പോരാട്ടം തുടർന്നിരുന്നു.

Also Read: ജി7 ഉച്ചകോടിക്കായി ട്രംപ് ഫ്രാൻസിലേക്ക്; ചർച്ചയാവുക ഇറാൻ പ്രതിസന്ധി