ഭീകരതയുടെ ആവാസവ്യവസ്ഥ തകർത്തെറിയണം; ഷാങ്ഹായ് ഉച്ചകോടിയിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ വേദിയിലിരുത്തി നരേന്ദ്ര മോദി
ഉച്ചകോടിയിൽ സുരക്ഷ, കണക്റ്റിവിറ്റി, അവസരം എന്നിവ എടുത്തുയര്‍ത്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.

Published : September 1, 2026 at 3:00 PM IST
ബിഷ്‌കെക്ക്: ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഭീകരതയുടെ മുഴുവൻ ശൃംഖലയും തകർത്തെറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. കിർഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ്.സി.ഒ) ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഭീകരവാദത്തിന്റെ കാര്യത്തിൽ ഒരുതരത്തിലുള്ള ഇരട്ടത്താപ്പും അനുവദിക്കരുതെന്നും, അതിന്റെ സാമ്പത്തിക സഹായം, റിക്രൂട്ട്‌മെന്റ്, തീവ്രവാദ പ്രചാരണം, ഒളിത്താവളങ്ങൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വേദിയിലിരിക്കെ മോദി വ്യക്തമാക്കി.
യുദ്ധക്കളത്തിൽ ഒരു പ്രശ്നത്തിനും പരിഹാരമില്ലെന്നും എല്ലാ തർക്കങ്ങളും സംഘർഷങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെയും വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്.
മേഖലയിലെ വികസന പദ്ധതികളിൽ പരസ്പര സഹകരണം ആവശ്യമാണെന്നും എന്നാൽ അത്തരം പദ്ധതികൾ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉച്ചകോടിയിൽ സുരക്ഷ, കണക്റ്റിവിറ്റി, അവസരം എന്നിവ എടുത്തുയര്‍ത്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. സുരക്ഷ, കണക്റ്റിവിറ്റി, അവസരം എന്നിവ എസ്‌സിഒയുടെ മൂന്ന് തൂണുകളാണെന്നും, വെറും കാഴ്‌ചപ്പാടിനപ്പുറം മൂർത്തമായ ഫലങ്ങളാക്കി ഇവയെ മാറ്റേണ്ട സമയമാണെന്നും മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാധാരണ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികണങ്ങളിലൂടെയും ഭീകരതയെ നേരിടാൻ കഴിയില്ല. ഭീകരവാദ ധനസഹായം, റിക്രൂട്ട്മെൻ്റ്, സുരക്ഷിത താവളങ്ങൾ എന്നിങ്ങനെയുള്ള മുഴുവൻ ആവാസവ്യവസ്ഥയും തകർത്ത് കൊണ്ട് മാത്രമാണ് ഭീകരവാദം നിരായുധീകരിക്കാന്‍ കഴിയുന്നത്. തീവ്രവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അത് സംസ്ഥാന നയത്തിൻ്റെ ഉപകരണമായി ഉപയോഗിക്കുന്നതോ തീവ്രവാദികൾക്ക് അഭയം നൽകുന്നതോ ആയ രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിക്കുന്ന മെച്ചപ്പെട്ട സഹകരണം അംഗരാജ്യങ്ങള്‍ക്കിടയില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിപണികളെ ബന്ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും വികസനത്തിനായി പുതിയ വഴികൾ തുറക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മികച്ച റോഡുകൾ, റെയിൽവേകൾ, വ്യോമ ഇടനാഴികൾ, ലളിതമായ കസ്റ്റംസ് പ്രക്രിയകൾ, കൂടുതൽ കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് നെറ്റ്‌വർക്കുകൾ എന്നിവ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സഹകരണത്തിൻ്റെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് മൂന്നാമത്തെ സ്‌തംഭമായ അവസരങ്ങള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. യുവാക്കൾക്ക് അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിൻ്റെ പ്രധാന്യവും അദ്ദേഹം വ്യക്തമാക്കി. സംരംഭകർക്കായി പുതിയ വിപണികൾ തുറക്കപ്പെടുന്നതും, കർഷകരിലേക്ക് എത്തുന്ന സാങ്കേതികവിദ്യയും പൗരന്മാരുടെ ജീവിതത്തിലെ പുരോഗതിയും അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വിജയം അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള ഊർജ്ജ സുരക്ഷ, സമുദ്ര വ്യാപാരം, വിതരണ ശൃംഖലകൾ എന്നിവയിൽ വിശാലമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പിരിമുറുക്കങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ ഭീഷണികൾ, സംഘടിത കുറ്റകൃത്യങ്ങൾ, വിവര സുരക്ഷ, മയക്കുമരുന്ന് എന്നിവ നേരിടുന്നതിനായി എസ്‌സിഒ സംവിധാനങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ട്. പ്രായോഗിക ഏകോപനത്തിനും സമയബന്ധിതമായ നടപടികൾക്കും ഈ കേന്ദ്രങ്ങൾ ഫലപ്രദമായ ഉപകരണങ്ങളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നയിക്കുന്ന സഹകരണത്തിൽ നിന്ന് ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പങ്കാളിത്തത്തിലേക്കും സംഘടന നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലുകളും തെറ്റി; ജിഡിപി വളർച്ചയിൽ റെക്കോഡിട്ട് ഇന്ത്യ

