ETV Bharat / international

വെനസ്വേല ഭരിക്കാന്‍ ട്രംപ്? അമേരിക്കയുടെ പദ്ധതി വിശദീകരിച്ച് മാര്‍കോ റൂബിയോ

വെനസ്വേലയുടെ ഭരണം സംബന്ധിച്ച് വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി. ഭരണം ഏറ്റെടുക്കാന്‍ പദ്ധതിയില്ല. എണ്ണ വിപണിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം തുടരുമെന്ന് മാര്‍കോ റൂബിയോ.

MARCO RUBIO  US VENEZUELA  DONALD TRUMP  US CAPTURES NICOLAS MADURO
MARCO RUBIO (ETV Bharat)
author img

By ETV Bharat Kerala Team

Published : January 5, 2026 at 10:53 AM IST

2 Min Read
Choose ETV Bharat

വാഷിങ്‌ടണ്‍: വെനസ്വേലയുടെ ഭരണം ഏറ്റെടുക്കാന്‍ അമേരിക്കയ്‌ക്ക് പദ്ധതിയില്ലെന്ന് യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. അതേസമയം യോഗ്യതയുള്ള ഒരാളെ കണ്ടെത്തും വരെ വെനസ്വേലയെ അമേരിക്ക നയിക്കുമെന്ന പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ യുദ്ധം വെനസ്വേലയുമായിട്ടല്ലെന്നും ലഹരിക്കടത്ത് സംഘങ്ങളുമായാണെന്നും മാര്‍കോ റൂബിയോ പറഞ്ഞു.

വെനസ്വേലക്കെതിരെയുണ്ടായത് നിയമ പാലനത്തിന്‍റെ ഭാഗമായ നടപടി മാത്രമാണ്. യുഎസ്‌ വെനസ്വേലയുടെ ഭരണത്തില്‍ നേരിട്ട് ഇടപെടില്ലെന്നും പകരം എണ്ണ ഉപരോധം ശക്തമാക്കി മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമെന്നും മാര്‍കോ റൂബിയോ പറഞ്ഞു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവന വെനസ്വേലയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള തന്ത്രമാണ്. അത് വെനസ്വേലയുടെ നേരിട്ടുള്ള നിയന്ത്രണമല്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍ അമേരിക്ക വെനസ്വേലയുടെ എണ്ണ വിപണിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം തുടരുമെന്നും മാര്‍കോ പറഞ്ഞു. ഇതുവഴി വെനസ്വേലയില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഉപരോധം അമേരിക്ക തുടരുമെന്നും അതാണ് പ്രസിഡന്‍റ് ഉദ്ദേശിച്ച സമ്മര്‍ദമെന്നും മാര്‍കോ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ എണ്ണ വ്യവസായത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് യുഎസ് കരുതുന്നത്. അതേസമയം മയക്ക് മരുന്ന് കടത്ത് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുമെന്നും മാര്‍കോ റൂബിയോ പറഞ്ഞു.

വെനസ്വേലയിലെ എണ്ണ ടാങ്കറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം തുടരും. ഇത് വലിയ സമ്മര്‍ദം ചെലുത്താന്‍ സഹായകരമാകും. വെനസ്വേലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവിയുണ്ടാക്കുന്നതിന് ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്. മാത്രമല്ല അമേരിക്കയുടെ ദേശീയ താത്‌പര്യങ്ങളും ഇതിലൂടെ സംരക്ഷിക്കപ്പെടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ശരിയായ മാറ്റം വരുന്നത് വരെ ഞങ്ങള്‍ രാജ്യം ഭരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ശനിയാഴ്‌ച ഫ്ലോറിഡയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് മാര്‍കോ റൂബിയോ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. നെവസ്വേലയുടെ ഭരണം അമേരിക്ക ഏറ്റെടുക്കില്ല. നിലവില്‍ ഭരണം നടത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നാണ് പ്രസിഡന്‍റ് പറഞ്ഞതെന്നും മാര്‍കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.

ഡെല്‍സി റോഡ്രിഗസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. നേരത്തെ വൈസ് പ്രസിഡന്‍റായിരുന്ന റോഡ്രിഗസിനെ വെനസ്വേല സുപ്രീംകോടതിയാണ് ഇടക്കാല പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. ആര്‍ട്ടിക്കിള്‍ 233,234 ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് നിയമനം.

എന്നാല്‍ അധികാരമേറ്റതിന് പിന്നാലെ റോഡ്രിഗസിനെ ഭീഷണിപ്പെടുത്തി ട്രംപ് എത്തി. യുഎസിനെ അനുസരിച്ചില്ലെങ്കില്‍ മഡുറോയേക്കാള്‍ മോശമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. അമേരിക്കയിലെ ഒരു മാസികയ്‌ക്ക് നല്‍കിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന്‍റെ ഭീഷണി.

Also Read: മഡുറോയും ഭാര്യയും ഫെഡറൽ കോടതിയിലേക്ക്; മയക്കുമരുന്ന്-ഭീകരവാദ കുറ്റങ്ങളിൽ വിചാരണ