ETV Bharat / international

പ്രതിരോധവും സുരക്ഷയും ചർച്ചയാകും; പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിൽ

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടമായാണ് അദ്ദേഹം ബുധനാഴ്ച ഓസ്ട്രേലിയയിൽ എത്തിയത്

PM MODI MEETS AUSTRALIAN PM  PM ALBANESE  INDIA AUSTRALIA TIES  PM MODI VISIT ON AUSTRALIA
PM Modi Meets Australian PM Albanese in Melbourne (ANI)
author img

By ANI

Published : July 9, 2026 at 8:58 AM IST

2 Min Read
Choose ETV Bharat

മെൽബൺ: ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസുമായി കൂടിക്കാഴ്ച നടത്തി. മെൽബണിലെ ഗവൺമെൻ്റ് ഹൗസ് വിക്ടോറിയയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി.

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടമായാണ് അദ്ദേഹം ഇന്നലെ ഓസ്ട്രേലിയയിൽ എത്തിയത്. ഇന്തോനേഷ്യയിലെ വിജയകരമായ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം മെൽബണിൽ വിമാനമിറങ്ങിയത്. ഇന്ത്യൻ സമൂഹം അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും സ്വീകരണത്തിൻ്റെ ഭാഗമായി നടന്നു.

സാംസ്കാരിക വിനിമയം
ഓസ്ട്രേലിയൻ-ഇന്ത്യ ഓർക്കസ്ട്ര അവതരിപ്പിച്ച മാ തുഝേ സലാം എന്ന സംഗീത ശിൽപം ശ്രദ്ധേയമായി. ഇതിൻ്റെ വീഡിയോ നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചു. സംഗീതം ജനങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ഈ പ്രകടനം മനോഹരമായി കാണിച്ചുതരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഓർക്കസ്ട്രയിലെ ഓരോ അംഗത്തെയും അദ്ദേഹം അഭിനന്ദിച്ചു. വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അതിന് ലഭിക്കുന്ന ആഗോള സ്വീകാര്യതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയുടെ പൗരാണിക വാദ്യോപകരണമായ ഡിഡ്ജറിഡൂവും ഇന്ത്യയുടെ തബലയും ചേർന്നുള്ള സംഗീത വിരുന്നും പ്രധാനമന്ത്രി ആസ്വദിച്ചു. ഡിഡ്ജറിഡൂ കലാകാരനായ റോൺ മുറെയും തബല മാന്ത്രികൻ ഡോ. സാം ഇവാൻസുമാണ് പരിപാടി അവതരിപ്പിച്ചത്. ഇതിൻ്റെ ദൃശ്യങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഈ രണ്ട് സംഗീതോപകരണങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. സംഗീത പാരമ്പര്യങ്ങളെ സംരക്ഷിക്കുന്ന കലാകാരന്മാരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിൻ്റെ സ്വീകരണ പരിപാടിക്കിടെ നടന്ന കഥക് നൃത്തവും പ്രധാനമന്ത്രി വീക്ഷിച്ചു. നർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഓസ്ട്രേലിയയിലുടനീളം ഇന്ത്യൻ നൃത്തങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉഭയകക്ഷി ബന്ധം ശക്തമാക്കും
മൂന്ന് ദിവസത്തെ സന്ദർശനത്തിൽ പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് നരേന്ദ്ര മോദിയും ആൻ്റണി ആൽബനീസും വിശദമായ ചർച്ചകൾ നടത്തും. ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകും. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, കായികം, സ്പോർട്സ് സയൻസ് എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഓസ്ട്രേലിയൻ സന്ദർശനം അവസരമൊരുക്കുമെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും നിർണായക പങ്കുവഹിക്കാനുണ്ട്. വ്യാപാര കരാറുകൾ വിപുലീകരിക്കുന്നതിലൂടെ സാമ്പത്തിക രംഗത്തും വലിയ മുന്നേറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യാ കൈമാറ്റവും ഗവേഷണ മേഖലയിലെ സംയുക്ത പദ്ധതികളും ഇരു നേതാക്കളുടെയും ചർച്ചകളിൽ ഇടംപിടിക്കും. ഓസ്ട്രേലിയയിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം സന്ദർശനത്തിൻ്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി ന്യൂസിലൻഡിലേക്ക് തിരിക്കും.

Also Read:ട്രംപിനെ കൊലയാളിയെന്നും കുറ്റവാളിയെന്നും വിളിച്ച് ഇറാന്‍, ധാരണാപത്രത്തിലെ പ്രതിബദ്ധതകള്‍ അമേരിക്ക ലംഘിച്ചെന്നും ആരോപണം