ETV Bharat / international

യോഗ സെഷനിൽ പങ്കെടുത്ത് മോദി; ഉസ്ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം

പ്രസിഡൻ്റ് ഷവ്കത്ത് മിർസിയോയേവിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നു.

PM MODI JOINS YOGA SESSION  MODI YOGA SESSION IN UZBEKISTAN  MODI 2 DAY UZBEKISTAN VISIT  INDIA UZBEKISTAN RELATION
PM Modi Joins Yoga Session In Uzbekistan (PTI)
author img

By ETV Bharat Kerala Team

Published : August 30, 2026 at 1:16 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: യോഗ ഫെഡറേഷൻ ഓഫ് ഉസ്ബെക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച് താഷ്‌കൻ്റിൽ നടന്ന യോഗ സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച പങ്കെടുത്തു. ജനങ്ങളെയും സംസ്‌കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരികയും ഇന്ത്യയ്ക്കും ഉസ്ബെക്കിസ്ഥാനും ഇടയിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നുതാണ് ഉസ്ബെക്കിസ്ഥാനിൽ നടന്ന യോഗ സെഷൻ എന്ന് വിദേശകാര്യ മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. യോഗയിൽ പങ്കെടുക്കാനെത്തിയ ആളുകളുമായി മോദി സംവദിക്കുന്നതിൻ്റെയും യോഗ സെഷൻ വീക്ഷിക്കുന്നതിൻ്റെയും ചിത്രങ്ങൾ മന്ത്രാലയം പങ്കിട്ടു.

ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത്ത് മിർസിയോയേവിൻ്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി താഷ്കെൻ്റിലെത്തിയത്. ഓഗസ്റ്റ് 29, 30 തീയതികളിലായി നടത്തിയ സന്ദർശനം നരേന്ദ്ര മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണ്. ശനിയഴ്‌ച താഷ്‌കെൻ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ നിന്ന് ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്.

അവിടെ എത്തിയ ശേഷം മോദി യാംഗി ഉസ്ബെക്കിസ്ഥാൻ പാർക്ക് സന്ദർശിക്കുകയും ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത്ത് മിർസിയോയേവിനൊപ്പം സ്വാതന്ത്ര്യ സ്‌മാരകത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുകയും ചെയ്‌തു. ശേഷം താഷ്‌കെൻ്റിലെ ഒരു ഹോട്ടലിൽ ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്‌ച നടത്തി. അവിടെ പ്രവാസികളുടെ കഥക്, ആൻഡിജാൻ പോൾക്ക പ്രകടനങ്ങളും 'ഉഡെ ജബ് ജബ് സുൽഫെ തേരി' എന്ന ഇന്ത്യൻ ഗാനത്തിലേക്കുള്ള ഉസ്ബെക്ക് കുട്ടികളുടെ നൃത്തവും അദ്ദേഹം ആസ്വദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരമ്പരാഗത ഉസ്ബെക്ക് ഉപകരണങ്ങളായ ദൊയ്‌റ, ചാങ് എന്നിവയ്‌ക്കൊപ്പം തബലയുടെ സംയോജന പ്രകടനവും അവിടെ അരങ്ങേറി. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മിർസിയോയേവുമായി പ്രതിനിധിതല ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 26-ാമത് ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ കിർഗിസ്ഥാനിലേക്ക് പോകുന്ന മോദി ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ ആദ്യ ഘട്ടത്തിലാണ്.

വേൾഡ് നൊമാഡ് ഗെയിംസ്
മധ്യേഷ്യയുടെ പരമ്പരാഗത സംസ്കാരം ലോകത്തിന് മുന്നിൽ കാണിക്കുന്ന ആറാമത് വേൾഡ് നൊമാഡ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. മധ്യേഷ്യൻ രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കാനും, സാമ്പത്തിക-സുരക്ഷാ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കാനും ഇന്ത്യ നൽകുന്ന വലിയ പ്രാധാന്യമാണ് ഈ സന്ദർശനം കാണിക്കുന്നത്.

Also Read: ശക്തമായ പര്‍വതക്കാറ്റും ദുർഘടമായ മഞ്ഞുമലയും; 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം