ഇസ്രയേലിൽ ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം
തന്ത്രപ്രധാന പങ്കാളിത്തം ദൃഢമാക്കാൻ ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ചകൾ നടത്തും. അവിടത്തെ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാകും.


Published : February 25, 2026 at 5:24 PM IST
ടെൽ അവീവ്: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തവും വൈവിധ്യപൂർണവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെൽ അവീവിൽ എത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹത്തിൻ്റെ ഈ ദ്വിദിന സന്ദർശനം.
ബെൻ ഗുരിയൻ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മളമായ വ്യക്തിബന്ധം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം. നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും ചേർന്നാണ് മോദിയെ നേരിട്ട് സ്വീകരിക്കാൻ എത്തിയത്. ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് സന്തോഷം പങ്കിട്ടു. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസറും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സന്നിഹിതനായിരുന്നു.

ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കാനുള്ള അവസരമാണെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ ശ്രദ്ധേയമായ വളർച്ചയും ഊർജസ്വലതയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനായി നെതന്യാഹുവുമായി നടത്തുന്ന ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഉത്സവപ്രതീതിയിൽ ജറുസലേം
പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ജറുസലേമിലെ തെരുവുകൾ ഉത്സവപ്രതീതിയിലായിരുന്നു. കടകളുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാകകൾ നിറഞ്ഞു നിന്നു. പ്രവാസി നേതാക്കളുടെ നേതൃത്വത്തിൽ സ്വാഗത പരിപാടികൾക്കുള്ള ഒരുക്കങ്ങളും സജീവമായി നടന്നു. ഇന്ത്യൻ സമൂഹം കൂടുതലുള്ള പ്രദേശങ്ങളിൽ ഹിന്ദി സംഭാഷണങ്ങൾ മുഴങ്ങിക്കേട്ടതും ശ്രദ്ധേയമായി.

ചരിത്രനേട്ടമായി നെസറ്റിലെ അഭിസംബോധന
സന്ദർശന വേളയിൽ അദ്ദേഹം ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന്, ഇസ്രയേൽ പാർലമെൻ്റായ നെസറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെസറ്റിലെ പ്രസംഗത്തിന് മുൻപായി അദ്ദേഹം ഇന്ന് നെതന്യാഹുവുമായി ലഘു ചർച്ച നടത്തുന്നുണ്ട്.
ഇസ്രയേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിയുന്നത് വലിയ ബഹുമതിയാണെന്നും, ഇത് ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ശക്തമായ പാർലമെൻ്ററി-ജനാധിപത്യ ബന്ധങ്ങൾക്കുള്ള ആദരവാണെന്നും മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവിടുത്തെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കാനും താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മോദിയുടെ വരവിനായി തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പ്രതികരിച്ചു. മോദിയുടെ യാത്രാ പ്രസ്താവന എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേലിലേക്ക് സ്വാഗതം ചെയ്യാൻ രാജ്യവും ജനങ്ങളും കാത്തിരിക്കുകയാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ട് ഹെർസോഗ് കുറിച്ചു.

