ETV Bharat / international

'മോദി എൻ്റെ സഹോദരൻ'; ഇന്ത്യ മഹാശക്തിയെന്ന് നെതന്യാഹു, നെസെറ്റിൽ മോദിക്ക് ആദരം

ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച മോദി ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഭീകരവാദത്തിനെതിരെ ഏകോപിതമായ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും വർധിച്ചതായി നെതന്യാഹു ചൂണ്ടിക്കാട്ടി.

PM Modi Israel visit Narendra Modi Knesset speech Benjamin Netanyahu India Israel relations
ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നു. (ANI)
author img

By ETV Bharat Kerala Team

Published : February 25, 2026 at 10:12 PM IST

3 Min Read
Choose ETV Bharat

ജറുസലേം: ദ്വിദിന സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേൽ പാർലമെൻ്റായ നെസെറ്റിൽ ഉജ്ജ്വല സ്വീകരണം. മോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ വലിയ ശക്തിയാണെന്ന് പ്രശംസിച്ചു. പാർലമെൻ്റിൽ അംഗങ്ങൾ എഴുന്നേറ്റുനിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആദരവ് നൽകിയത്.

ലോകവേദിയിലെ മഹാനായ നേതാവും ഇസ്രയേലിൻ്റെ ഉറച്ച സഖ്യകക്ഷിയുമാണ് നരേന്ദ്ര മോദിയെന്ന് സ്വീകരണ ചടങ്ങിൽ നെതന്യാഹു പറഞ്ഞു. ലോകമെമ്പാടും പ്രശസ്‌തനായ മോദിയുടെ ആലിംഗനം ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. നൂറ്റിനാൽപത് കോടി ജനങ്ങളുള്ള ഇന്ത്യ വലിയൊരു ശക്തിയാണെന്നും ഇസ്രയേൽ വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും അത്രതന്നെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് രാജ്യങ്ങളുടെയും സഖ്യം ഇരുവർക്കും വലിയ കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PM Modi Israel visit Narendra Modi Knesset speech Benjamin Netanyahu India Israel relations
2018-ൽ പലസ്തീൻ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് വിദേശ നേതാക്കൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് കോളർ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്തീൻ' സമ്മാനിക്കുന്നു. ഇസ്രയേലിൽ നിന്നും പലസ്തീനിൽ നിന്നും പരമോന്നത പുരസ്കാരങ്ങൾ ലഭിക്കുന്ന അപൂർവ ലോകനേതാക്കളിൽ ഒരാളായി ഇതോടെ മോദി മാറി. (ANI)

ഇന്ത്യയെ വലിയ രീതിയിൽ മാറ്റിമറിച്ച നേതാവാണ് മോദിയെന്ന് നെസെറ്റ് സ്‌പീക്കർ അമീർ ഒഹാനയും പ്രശംസിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്നും സ്‌പീക്കർ വ്യക്തമാക്കി. മോദി മോദി വിളികളോടെയാണ് സദസ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹുവും പങ്കെടുത്തു. നേരത്തെ ടെൽ അവീവിലാണ് മോദി സന്ദർശനത്തിനായി എത്തിയത്.

തനിക്ക് എപ്പോഴും ഏറെ അടുപ്പം തോന്നിയിട്ടുള്ള രാജ്യത്തേക്ക് മടങ്ങിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ഒൻപത് വർഷം മുൻപ് ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിച്ചിരുന്നു. ഇന്ത്യ ഔദ്യോഗികമായി ഇസ്രയേലിനെ അംഗീകരിച്ച 1950 സെപ്റ്റംബർ പതിനേഴിന് തന്നെയാണ് താൻ ജനിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. നൂറ്റിനാൽപത് കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിൻ്റെയും ബഹുമാനത്തിൻ്റെയും സന്ദേശവുമായാണ് ഒരു പ്രാചീന സംസ്കാരത്തിൻ്റെ പ്രതിനിധിയായി താൻ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരമോന്നത ബഹുമതി

പ്രസംഗത്തിനിടെ ഇസ്രയേൽ പാർലമെൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവരുടെ പരമോന്നത ബഹുമതിയായ സ്പീക്കർ ഓഫ് ദ നെസെറ്റ് മെഡൽ സമ്മാനിച്ചു. നെസെറ്റിൻ്റെ ഏറ്റവും വലിയ ബഹുമതിയായ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് നരേന്ദ്ര മോദി. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് സ്വന്തം നേതൃത്വത്തിലൂടെ പ്രധാനമന്ത്രി നൽകിയ അസാധാരണമായ സംഭാവനകളെ മാനിച്ചാണ് മെഡൽ സമ്മാനിച്ചത്. ഇസ്രയേലിൽ നിന്നും പലസ്തീനിൽ നിന്നും പരമോന്നത പുരസ്‌കാരങ്ങൾ ലഭിക്കുന്ന അപൂർവ ലോകനേതാക്കളിൽ ഒരാളായി മോദി മാറി. വിദേശ നേതാക്കൾക്ക് നൽകുന്ന പലസ്‌തീൻ്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്‌തീൻ 2018ൽ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.

ഭീകരവാദത്തിനെതിരെ ഏകോപിത പോരാട്ടം

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കിരാതമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും ഇസ്രയേൽ ജനതയ്ക്കും പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരുടെ കൊലപാതകങ്ങളെയും ഭീകരവാദത്തെയും ഒരു കാരണവശാലും ന്യായീകരിക്കാനാകില്ലെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും ഇനിയങ്ങോട്ടും ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ പൗരന്മാർ ഉൾപ്പെടെ നിരവധി നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ട മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമകൾ പങ്കുവച്ച മോദി, ഇന്ത്യയും ദീർഘകാലമായി ഭീകരവാദത്തിൻ്റെ വേദന അനുഭവിച്ചിട്ടുള്ള രാജ്യമാണെന്ന് ഓർമിപ്പിച്ചു.

ഭീകരവാദത്തോട് വിട്ടുവീഴ്‌ചയില്ലാത്ത നയമാണ് ഇന്ത്യയ്ക്കുള്ളത്. സമൂഹങ്ങളെ അസ്ഥിരപ്പെടുത്താനും വികസനം തടയാനും വിശ്വാസം തകർക്കാനുമാണ് ഇത്തരം ശക്തികൾ ലക്ഷ്യമിടുന്നത്. എവിടെയെങ്കിലുമുള്ള ഭീകരവാദം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണെന്നും ഇതിനെ നേരിടാൻ ലോകരാജ്യങ്ങളുടെ ഏകോപിതവും തുടർച്ചയായതുമായ നടപടികൾ ആവശ്യമാണെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ശാശ്വതമായ സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും സംഭാവന നൽകുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം തന്നെ വല്ലാതെ വികാരഭരിതനാക്കിയെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ തവണ മെഡിറ്ററേനിയൻ തീരത്തുവച്ച് ഇരുവരും ഷൂസ് അഴിച്ച് വെള്ളത്തിലേക്ക് ഇറങ്ങിയ സംഭവം അദ്ദേഹം ഓർത്തെടുത്തു. അന്ന് വെള്ളത്തിന് മുകളിലൂടെ നടന്നില്ലെങ്കിലും പിന്നീട് ഇരു രാജ്യങ്ങളും അത്ഭുതങ്ങൾ പ്രവർത്തിച്ചുവെന്നും വ്യാപാരം ഇരട്ടിയാക്കാനും സഹകരണം മൂന്നിരട്ടിയാക്കാനും പരസ്‌പര ധാരണ നാലിരട്ടിയായി വർധിപ്പിക്കാനും ഇരുവർക്കും കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Read:- ഇസ്രയേലിൽ ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം