ETV Bharat / international

ഒമാൻ തീരത്ത് എണ്ണക്കപ്പലിനുനേരെ ആക്രമണം; പിന്നിൽ ഇറാനെന്ന് സംശയം

ഇറാൻ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര എണ്ണക്കടത്തുപാതയിൽ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.

Oman coast ship fire  Ayatollah Khamenei funeral Qom  Strait of Hormuz  Coast Of Oman
Strait of Hormuz off Bandar Abbas, Iran (AP)
author img

By ETV Bharat Kerala Team

Published : July 7, 2026 at 11:57 AM IST

3 Min Read
Choose ETV Bharat

മസ്കറ്റ്: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിനുനേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് കപ്പലിനുനേരെ പ്രൊജക്ടൈൽ ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്രിട്ടീഷ് സൈന്യം അറിയിച്ചു.

യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ആണ് ആക്രമണ വിവരം പുറത്തുവിട്ടത്. ഒമാനിലെ ലിമയ്ക്ക് സമീപത്തുവച്ചാണ് കപ്പലിൻ്റെ ഇടതുഭാഗത്ത് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിൽനിന്ന് തെക്കോട്ട് ഒമാൻ ഉൾക്കടലിലേക്ക് പോവുകയായിരുന്നു കപ്പൽ. ആക്രമണത്തിൽ പരിസ്ഥിതിക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമാധാനകാലത്ത് ലോകത്തെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പേർഷ്യൻ ഉൾക്കടലിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ഇറാനാണെന്നാണ് പ്രധാന സംശയം. തങ്ങൾ അംഗീകരിച്ച സുരക്ഷിത പാതയിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ എണ്ണക്കപ്പലുകളും തങ്ങൾ നിർദേശിക്കുന്ന പാത ഉപയോഗിക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സംയുക്ത സൈനിക കമാൻഡ് കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ സായുധസേനയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. കടലിടുക്കിലെ അമേരിക്കൻ സൈന്യത്തിൻ്റെ ഇടപെടലുകൾക്കും വേഗത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇടക്കാല കരാറിൻ്റെ ഭാഗമായി 60 ദിവസത്തേക്ക് കപ്പലുകൾക്ക് യാത്രാക്കൂലി ഇല്ലാതെ കടന്നുപോകാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായിരുന്നു. എന്നാൽ കപ്പലുകളുടെ സഞ്ചാരപാത നിയന്ത്രിക്കണമെന്നും പിന്നീട് യാത്രാക്കൂലി ഈടാക്കണമെന്നും ടെഹ്റാൻ ശഠിച്ചു. ഇതിനോട് അമേരിക്കയും ഗൾഫ് അറബ് രാജ്യങ്ങളും യോജിക്കുന്നില്ല. ഒമാനും യുഎൻ ഏജൻസിയും ചേർന്ന് ഒമാൻ തീരത്തിന് സമീപം പുതിയ പാത തുറക്കാൻ ശ്രമിച്ചത് മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ കുറഞ്ഞത് 108 കപ്പലുകളെങ്കിലും വിവിധ പാതകളിലൂടെ കടലിടുക്ക് കടന്നതായി ഡാറ്റ സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു.

ഖാമേനിയുടെ സംസ്‌കാരം വ്യാഴാഴ്ച

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതിനും ഇറാൻ്റെ ആണവപദ്ധതികൾ വെട്ടിച്ചുരുക്കുന്നതിനുമായി അമേരിക്ക ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ട്. എന്നാൽ യുദ്ധത്തിൻ്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം മാത്രമേ അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയുള്ളൂ. ഖാമേനിയുടെ വിലാപയാത്രയിൽ പങ്കെടുത്തവർ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരണത്തിനായി ആഹ്വാനം ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയോടെ ഖാമേനിയുടെ മൃതദേഹം ഷിയാ സെമിനാരി നഗരമായ ഖോമിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പുലർച്ചെ ഖോമിന് തെക്കുള്ള ജംകരൻ പള്ളിയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ വിലാപയാത്രയായി നീങ്ങുന്നതിൻ്റെ തത്സമയ ദൃശ്യങ്ങൾ ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഒൻപതാം നൂറ്റാണ്ടിൽ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെയും അവസാനത്തെയും ഷിയാ ഇമാമായ മുഹമ്മദ് അൽ മഹ്ദി ഒരിക്കൽ ലോകത്ത് നീതി കൊണ്ടുവരാൻ തിരിച്ചെത്തുമെന്നാണ് ഷിയാ വിഭാഗക്കാരുടെ വിശ്വാസം. ഈ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നും അവർ വിശ്വസിക്കുന്നു.

ഖാമേനിയുടെയും മകനും ഇറാൻ്റെ പുതിയ പരമോന്നത നേതാവുമായ ആയത്തുല്ല മൊജ്തബ ഖാമേനിയുടെയും ചിത്രങ്ങൾ പതിച്ച ബാനറുകളും പോസ്റ്ററുകളുമായാണ് ജനങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തത്. എന്നാൽ ദിവസങ്ങൾ നീളുന്ന സംസ്‌കാര ചടങ്ങുകളിൽ മൊജ്തബ ഖാമേനി ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ പരിക്കേറ്റ അദ്ദേഹം ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്. ഏപ്രിലിലെ വെടിനിർത്തലിന് മുൻപ് ഇസ്രയേൽ ഉന്നത ഇറാനിയൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നു. മൊജ്തബ ഖാമേനിയെ വധിക്കുമെന്നും ഇസ്രയേൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച ആരംഭിച്ച ദുഃഖാചരണം വ്യാഴാഴ്ചയോടെ അവസാനിക്കും. ഖാമേനിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ദേവാലയത്തിലാണ് കബറടക്കം നടക്കുക. ദുഃഖാചരണത്തിൻ്റെ ഭാഗമായി തെരുവുകളും വ്യോമപാതകളും അടച്ചിട്ടിരിക്കുകയാണ്. 86 വയസ്സായിരുന്നു ഖാമേനിക്ക്.

Also Read: ആയത്തുല്ല അലി ഖാമേനിയുടെ സംസ്‌കാരം; വിലാപ യാത്ര ജനസമുദ്രം, പ്രതികാരത്തിന് ആഹ്വാനം ചെയ്‌ത് ജനങ്ങള്‍