ETV Bharat / international

ജെഫ്രി എപ്സ്റ്റീൻ്റെ ജയിലറയിലെ പുസ്തകത്തിൽ ഒളിപ്പിച്ചത് എന്ത്? വർഷങ്ങൾക്ക് ശേഷം ആ കുറിപ്പ് പുറത്ത്

മുൻ സഹതടവുകാരനായ നിക്കോളാസ് ടാർടാഗ്ലിയോണുമായി ബന്ധപ്പെട്ട കേസിലെ ഈ കുറിപ്പും മറ്റ് രേഖകളും പരസ്യമാക്കണമെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു

JEFFREY EPSTEIN CASE UPDATES  US DEMOCRATS ON EPSTEIN FILES  US FEDERAL LAW  US COURT RELEASES SUICIDE NOTE
purportedly a suicide note left by late convicted sex offender Jeffrey Epstein (AFP, FILE AP)
author img

By ETV Bharat Kerala Team

Published : May 7, 2026 at 11:04 AM IST

4 Min Read
Choose ETV Bharat

ന്യൂയോർക്ക്: കോടീശ്വരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ആദ്യത്തെ ആത്മഹത്യാശ്രമത്തിന് ശേഷം കണ്ടെത്തിയെന്ന് മുൻ സഹതടവുകാരൻ അവകാശപ്പെടുന്ന കുറിപ്പ് പുറത്തുവിട്ടു. മറ്റൊരു നിയമപരമായ തർക്കത്തിൻ്റെ ഭാഗമായി വർഷങ്ങളായി കോടതിയിലെ പൂർണ്ണ സുരക്ഷയിലുള്ള നിലവറയിൽ സൂക്ഷിച്ചിരുന്ന കുറിപ്പാണ് ഇന്നലെ പരസ്യമാക്കിയത്.

മുൻ സഹതടവുകാരനായ നിക്കോളാസ് ടാർടാഗ്ലിയോണുമായി ബന്ധപ്പെട്ട കേസിലെ ഈ കുറിപ്പും മറ്റ് രേഖകളും പരസ്യമാക്കണമെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസിലുള്ള യുഎസ് ജില്ല ജഡ്ജി കെന്നത്ത് കരാസ് കുറിപ്പ് പുറത്തുവിടാൻ ഉത്തരവിട്ടത്. രേഖകൾ പരസ്യമാക്കുന്നതിനെ ഫെഡറൽ പ്രോസിക്യൂട്ടർമാർ എതിർത്തിരുന്നില്ല.

നാലുപേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനായ ടാർടാഗ്ലിയോൺ കഴിഞ്ഞ വർഷം എഴുത്തുകാരി ജെസ്സിക്ക റീഡ് ക്രൗസിൻ്റെ പോഡ്കാസ്റ്റിൽ കുറിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അതുവരെ വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നത്.

2019 ജൂലൈ 23ന് മാൻഹട്ടൻ ഫെഡറൽ ജയിലിലെ സെല്ലിൻ്റെ തറയിൽ കഴുത്തിൽ ബെഡ്ഷീറ്റ് കുരുക്കിയ നിലയിൽ ജെഫ്രി എപ്സ്റ്റീനെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ സെല്ലിലുണ്ടായിരുന്ന ഒരു പുസ്തകത്തിൽ നിന്നാണ് തനിക്ക് ഈ കുറിപ്പ് ലഭിച്ചതെന്നാണ് ടാർടാഗ്ലിയോൺ അവകാശപ്പെടുന്നത്. ഈ സംഭവത്തിന് ശേഷം കൃത്യം മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് എപ്സ്റ്റീനെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എപ്സ്റ്റീൻ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അധികൃതരുടെ ഔദ്യോഗിക നിഗമനം.

അവ്യക്തമായ കുറിപ്പ്

ചിലയിടങ്ങളിൽ വായിക്കാൻ കഴിയാത്ത വിധത്തിലുള്ള വളരെ ചെറിയൊരു കുറിപ്പാണ് കണ്ടെടുത്തത്. മാസങ്ങളോളം അന്വേഷിച്ചിട്ടും തനിക്കെതിരെ യാതൊന്നും കണ്ടെത്താനായില്ലെന്നും വിടപറയാനുള്ള സമയം തിരഞ്ഞെടുക്കാൻ കഴിയുന്നത് വലിയൊരു കാര്യമാണെന്നും കുറിപ്പിലുണ്ട്. താൻ പൊട്ടിക്കരയണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും, ഇതിലൊന്നും യാതൊരു രസവുമില്ലെന്നും അടിവരയിട്ട വാചകങ്ങളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

എന്നാൽ ടാർടാഗ്ലിയോണിന് ലഭിച്ചുവെന്ന് പറയുന്ന ഈ കുറിപ്പ് എഴുതിയത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എപ്സ്റ്റീൻ്റെ മരണസാഹചര്യങ്ങൾ വിശദീകരിക്കുന്ന സർക്കാരിൻ്റെ നീണ്ട റിപ്പോർട്ടുകളിലൊന്നും ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. കൂടാതെ, ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട ഫയലുകളിലും ഇങ്ങനെയൊരു കുറിപ്പിനെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു.

എപ്സ്റ്റീൻ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളുടെ സ്വകാര്യത പരിഗണിച്ചാണ് കുറിപ്പ് പുറത്തുവിടാൻ തീരുമാനിച്ചതെന്ന് ജഡ്ജി കെന്നത്ത് കരാസ് തൻ്റെ രേഖാമൂലമുള്ള വിധിന്യായത്തിൽ വ്യക്തമാക്കി. മരണപ്പെട്ട ഒരാളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് അവർക്ക് കൂടുതലായി യാതൊരു ദോഷവും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ നിലവിലെ നിയമവ്യവസ്ഥകൾ ഇത്തരം വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 23ലെ ആത്മഹത്യാശ്രമത്തിന് ശേഷം എപ്സ്റ്റീൻ്റെ കഴുത്തിൽ വലിയ പാടുകൾ ഉണ്ടായിരുന്നതായി ജയിൽ രേഖകളിൽ പറയുന്നുണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നതായി ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തന്നെ ടാർടാഗ്ലിയോൺ കൊലപ്പെടുത്താൻ ശ്രമിച്ചതായി എപ്സ്റ്റീൻ വിശ്വസിച്ചിരുന്നതായി അന്നൊരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിരുന്നതായി നീതിന്യായ വകുപ്പിൻ്റെ ഫയലുകളിലുണ്ട്.

ജയിലിലെ അവസാന നാളുകൾ

ആദ്യത്തെ ആത്മഹത്യാശ്രമത്തിന് ശേഷം 31 മണിക്കൂറോളം എപ്സ്റ്റീനെ ഉദ്യോഗസ്ഥർ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തെ മാനസികരോഗ വിദഗ്ധൻ്റെ നിരീക്ഷണത്തിലേക്ക് മാറ്റി. ഈ സമയത്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. എന്നാൽ താൻ സ്വയം അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, തൻ്റെ ജൂതമത വിശ്വാസപ്രകാരം ആത്മഹത്യ ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം മാനസികരോഗ വിദഗ്ധനോട് പറഞ്ഞതായി ജയിൽ രേഖകളിലുണ്ട്. വേദന സഹിക്കാൻ കഴിയാത്ത ഭീരുവാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂലൈ 23ലെ സംഭവത്തിന് ശേഷം നാല് ദിവസങ്ങൾ കഴിഞ്ഞാണ് തനിക്ക് ലഭിച്ച കുറിപ്പിനെക്കുറിച്ച് ടാർടാഗ്ലിയോൺ തൻ്റെ അഭിഭാഷകനോട് പറയുന്നത്. പിന്നീട് ഈ കുറിപ്പ് ടാർടാഗ്ലിയോണിൻ്റെ ക്രിമിനൽ കേസിൽ തെളിവായി കോടതിയിൽ ഹാജരാക്കുകയും, നിയമപരമായ ചില തർക്കങ്ങളെത്തുടർന്ന് സീൽ ചെയ്ത് സൂക്ഷിക്കുകയുമായിരുന്നു.

2019 ജൂലൈ 31ന് ജയിൽ അധികൃതർ ഇരുവരെയും പ്രത്യേകം ചോദ്യം ചെയ്തിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. ടാർടാഗ്ലിയോണുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും, ഭീഷണികൾ ഉണ്ടായിട്ടില്ലെന്നും, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കിപ്പറയാൻ താത്പര്യമില്ലെന്നും എപ്സ്റ്റീൻ അന്ന് വ്യക്തമാക്കിയിരുന്നു.

എപ്സ്റ്റീനൊപ്പം ഒരേ സെല്ലിൽ കഴിയുന്നതിൽ തനിക്ക് ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നെങ്കിലും, വളരെ കുറച്ച് മാത്രമാണ് പരസ്പരം സംസാരിച്ചിരുന്നതെന്ന് ടാർടാഗ്ലിയോണും പറഞ്ഞു. ജൂലൈ 23ന് കണ്ണുകൾ തുറന്നുപിടിച്ച് കൂർക്കം വലിക്കുന്നത് കണ്ടപ്പോൾ എപ്സ്റ്റീന് ഹൃദയാഘാതം സംഭവിച്ചതാകുമെന്നാണ് താൻ കരുതിയതെന്നും ടാർടാഗ്ലിയോൺ പറഞ്ഞിരുന്നു.

2019 ജൂലൈ ആറിന് എപ്സ്റ്റീൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഇരുവരും ഒരേ സെല്ലിൽ കഴിഞ്ഞിരുന്നത്. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം നടന്ന ആദ്യത്തെ ആത്മഹത്യാശ്രമം വരെ ഇവർ ഒരുമിച്ച് ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് എപ്സ്റ്റീൻ വിചാരണ നേരിട്ടിരുന്നത്. മയക്കുമരുന്ന് പണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരാളെ കൊലപ്പെടുത്തിയതുൾപ്പെടെ നാല് കൊലപാതക കേസുകളിലാണ് ടാർടാഗ്ലിയോൺ വിചാരണ കാത്തിരുന്നത്.

ഹഡ്സൺ റിവർ വാലിയിലെ ബ്രയർക്ലിഫ് മനോറിലെ ഉദ്യോഗസ്ഥനായിരുന്ന ടാർടാഗ്ലിയോൺ കുറ്റക്കാരനാണെന്ന് 2023ൽ കണ്ടെത്തിയിരുന്നു. നിലവിൽ കാലിഫോർണിയയിലെ ഫെഡറൽ ജയിലിൽ കഴിയുന്ന അദ്ദേഹം, തനിക്ക് മാപ്പുനൽകണമെന്ന് കാണിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അപേക്ഷ നൽകിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 10ന് മാൻഹട്ടനിലെ മെട്രോപൊളിറ്റൻ കറക്ഷനിൽ വെച്ച് മരിക്കുമ്പോൾ എപ്സ്റ്റീൻ്റെ സെല്ലിൽ മറ്റാരുമുണ്ടായിരുന്നില്ല. എപ്സ്റ്റീനെ നിരീക്ഷിക്കേണ്ട സമയത്ത് ജയിൽ ഉദ്യോഗസ്ഥർ ഇൻ്റർനെറ്റിൽ സമയം ചെലവഴിക്കുകയും ഉറങ്ങുകയും ചെയ്തതുൾപ്പടെയുള്ള വീഴ്ചകളാണ് അദ്ദേഹത്തിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

എപ്സ്റ്റീൻ്റെ മരണസമയത്ത് അദ്ദേഹത്തിൻ്റെ അറയിൽ നിന്ന് കൈപ്പടയിലെഴുതിയ മറ്റൊരു കുറിപ്പ് കണ്ടെത്തിയിരുന്നെങ്കിലും അതൊരു ആത്മഹത്യാക്കുറിപ്പായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പകരം, ഭക്ഷണം, കുളിമുറി, പ്രാണികളുടെ ശല്യം എന്നിവയുൾപ്പെടെ ജയിലിലെ മോശം സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികളായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്. ഫെഡറൽ ജയിലിൻ്റെയും ജയിൽ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള ഇത്തരം ഗുരുതരമായ വീഴ്ചകൾ വലിയ വിവാദങ്ങൾക്കും പുതിയ കേസുകൾക്കും വഴിവെച്ചിരുന്നു.

Also Read: ഇറാനുമായി സമാധാനത്തിന് തയാറെന്ന് അമേരിക്ക; ആണവായുധം ഉപേക്ഷിക്കണമെന്ന് ഡൊണാൾഡ് ട്രംപ്