ന്യൂയോർക്കിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് എഐ ഉപയോഗിക്കാൻ വിലക്ക്
കുട്ടികൾ സാങ്കേതികവിദ്യയുമായി എങ്ങനെ ഇടപഴകുന്നു എന്ന് വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് എഐ ടൂളുകൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്

Published : September 3, 2026 at 12:20 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയായ ന്യൂയോർക്ക് സിറ്റി പബ്ലിക് സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ടൂളുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. വരാനിരിക്കുന്ന അധ്യയന വർഷം മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി അറിയിച്ചു.
കുട്ടികൾ സാങ്കേതികവിദ്യയുമായി എങ്ങനെ ഇടപഴകുന്നു എന്ന് വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് എഐ ടൂളുകൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ഉപയോഗിക്കുന്ന എല്ലാ ജനറേറ്റീവ് എഐ സോഫ്റ്റ്‌വെയറുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് മേയറുടെ ഓഫിസ് വ്യക്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ എഐ നിയന്ത്രണ നയമായാണ് ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വർഷത്തിൽ രണ്ടുതവണ എഐ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കും. അധ്യാപകരുടെ മേൽനോട്ടത്തിൽ ചില എഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ഹൈസ്കൂൾ വിദ്യാർഥികളെ അനുവദിക്കുന്ന പൈലറ്റ് പ്രോഗ്രാമുകളും ആരംഭിക്കും. എന്നാൽ, എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്ക് കംപാനിയൻ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിന് പൂർണമായ വിലക്കുണ്ട്.
ക്ലാസ് മുറികളിലും പുറത്തും എഐ ടൂളുകളുടെ ഉപയോഗം നിയന്ത്രിക്കാൻ രാജ്യത്തുടനീളമുള്ള സ്കൂളുകളും രക്ഷിതാക്കളും ശ്രമിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതും കോപ്പിയടിക്കാൻ ഉപയോഗിക്കുന്നതും തടയുന്നതിനൊപ്പം, അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കുട്ടികളെ പഠിപ്പിക്കാനാണ് സ്കൂളുകൾ ലക്ഷ്യമിടുന്നത്. കുട്ടികൾ സ്കൂളിൽ വരുമ്പോൾ ചോദ്യങ്ങൾ ചോദിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും നമ്മൾ പഠിപ്പിക്കാറുണ്ടെന്നും, എഐയുടെ കാര്യത്തിലും ഇതേ ഉത്തരവാദിത്തം നമുക്കുണ്ടെന്നും വാർത്താസമ്മേളനത്തിൽ മേയർ സൊഹ്റാൻ മംദാനി പറഞ്ഞു.
സ്ക്രീൻ സമയത്തിനും നിയന്ത്രണം
ഓഗസ്റ്റ് പകുതിയോടെ അധ്യയനം ആരംഭിച്ച ലോസ് ആഞ്ചലസ് സ്കൂൾ ഡിസ്ട്രിക്റ്റിലും വിദ്യാർഥികൾക്ക് ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ സ്കൂൾ ശൃംഖലയായ ഇവിടെ, പുതിയ എഐ നയം രൂപീകരിക്കുന്നത് വരെ വിലക്ക് തുടരുമെന്ന് ലോസ് ആഞ്ചലസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് ബുധനാഴ്ച അറിയിച്ചു.
കഴിഞ്ഞ ജൂണിൽ, ചെറിയ കുട്ടികൾക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉപകരണങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന ആദ്യത്തെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റായി ലോസ് ആഞ്ചലസ് മാറിയിരുന്നു. രണ്ടാം ക്ലാസിന് താഴെയുള്ള കുട്ടികൾക്ക് ഉപകരണങ്ങൾ വിലക്കുകയും, മറ്റ് ക്ലാസുകളിലുള്ളവർക്ക് സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയും ചെയ്തു. കൂടാതെ, സ്കൂൾ സമയത്ത് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി.
ന്യൂയോർക്കിലും വിദ്യാർഥികളുടെ സ്ക്രീൻ സമയത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ശിപാർശയുണ്ട്. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രതിദിനം 30 മിനിറ്റും, ആറ് മുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർക്ക് 45 മിനിറ്റും സ്ക്രീൻ സമയം നിജപ്പെടുത്താനാണ് നിർദേശം.
എന്നാൽ, അധ്യാപകർക്ക് പാഠ്യപദ്ധതി തയ്യാറാക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും എഐ ഉപയോഗിക്കാൻ അനുമതിയുണ്ട്. നിലവിൽ അമേരിക്കയിലെ 37 സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് ഉപയോഗിക്കാവുന്ന ഔദ്യോഗിക എഐ മാർഗനിർദേശങ്ങളുണ്ട്. കഴിഞ്ഞ വർഷം ന്യൂയോർക്ക് സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
സ്കൂളുകളിൽ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക ഉപകരണങ്ങളെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തും. പഠനത്തിന് അനിവാര്യമല്ലാത്തവ ഒഴിവാക്കാനാണ് തീരുമാനം. സ്ക്രീൻ സമയ നിയന്ത്രണങ്ങളെ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് പ്രസിഡൻ്റ് മൈക്കൽ മൾഗ്രൂ സ്വാഗതം ചെയ്തു. എന്നാൽ, സ്കൂളുകൾ വാങ്ങുന്ന ഉത്പന്നങ്ങളിൽ എഐ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് എങ്ങനെ ഇടപെടും എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് പുതിയ നയം ഉത്തരം നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഫെയർപ്ലേ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോഷ് ഗോളിനും പ്രതികരണവുമായി രംഗത്തെത്തി. എഐ ടൂളുകൾ വിലയിരുത്താൻ ഒരു വർഷം മതിയാകില്ലെന്നും, കൂടുതൽ കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ഫലപ്രദമാണെന്നും, സുരക്ഷിതമാണെന്നും തെളിയിക്കേണ്ട ഉത്തരവാദിത്തം എഐ പ്ലാറ്റ്‌ഫോമുകൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ആഴ്ചയാണ് ന്യൂയോർക്ക് സിറ്റി പബ്ലിക് സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.
Also Read: സമാധാന കരാറിന് തയാറെങ്കിൽ മാത്രം ചർച്ച; പുടിന് മുന്നിൽ ഉപാധിവച്ച് ട്രംപ്

