ETV Bharat / international

നേപ്പാൾ പ്രളയം: മരണസംഖ്യ ആയിരം കടക്കാൻ സാധ്യതയെന്ന് വിദഗ്ധർ

2024-ലും ഈ മേഖലയിൽ പ്രളയം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വേഗത്തിൽ വിനാശകരമായ ഒരു പ്രളയം ഉണ്ടാകുന്നത് ഇതാദ്യമായാണ്

NEPAL FLASH FLOOD UPDATES  NEPAL DISASTER MANAGEMENT CHHETRI  NEPAL EARTHQUAKE FLOOD DAMAGE  REASONS FOR NEPAL FLOOD
Nepal Disaster Management Executive Director Chhetri and nepal flood image (ETV Bharat,AP)
author img

By ETV Bharat Kerala Team

Published : August 28, 2026 at 11:02 AM IST

2 Min Read
Choose ETV Bharat

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ ജീവനും സ്വത്തിനും ഉണ്ടായ നഷ്ടം നിലവിലെ കണക്കുകളേക്കാൾ വളരെ വലുതാണെന്നും മരണസംഖ്യ ആയിരം കടക്കാൻ സാധ്യതയുണ്ടെന്നും നേപ്പാൾ സെൻ്റർ ഫോർ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫസർ മീൻ ബഹാദൂർ പൗഡ്യാൽ ഛേത്രി വ്യക്തമാക്കി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വലിയ പ്രളയമുണ്ടായതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

കാരണം കണ്ടെത്താൻ പഠനം
ഭൂകമ്പമോ ഹിമാനീ തടാകങ്ങൾ (Glacial lakes) പൊട്ടിയതോ ആകാം പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ രണ്ട് സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോ അതോ തടാകം പൊട്ടിയത് മാത്രമാണോ ദുരന്തത്തിന് കാരണമെന്ന് കണ്ടെത്താൻ പഠനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ലും ഈ മേഖലയിൽ പ്രളയം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വേഗത്തിൽ വിനാശകരമായ ഒരു പ്രളയം ഉണ്ടാകുന്നത് ഇതാദ്യമായാണ്. മഞ്ഞുരുകുന്നത് തടാകങ്ങളിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കുന്നതിനാൽ അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നേപ്പാൾ-ചൈന അതിർത്തിയിൽ ടിബറ്റൻ ഭാഗത്തുള്ള ഗൈറോങ് മേഖലയിലെ രസുവഗധിക്ക് മുകളിലുള്ള ലെൻഡെ നദീതടത്തിലാണ് ഈ വലിയ പ്രളയം രൂപപ്പെട്ടത്. ഹിമാനീ തടാകങ്ങൾ പൊട്ടിയുണ്ടായ പ്രളയത്തിൽ ചെളിയും വലിയ പാറക്കല്ലുകളും ഒഴുകിയെത്തി. നദിയുടെ ഇരു കരകളിലുമുള്ള ഗ്രാമങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. കൂടാതെ നിരവധി ജലവൈദ്യുത പദ്ധതികളും പൂർണമായി തകർന്നു. ഉയർന്ന പ്രദേശത്തുള്ള ലെൻഡെ നദിയിലേക്ക് മഞ്ഞും പാറക്കഷണങ്ങളും ഇടിഞ്ഞുവീണ് താത്കാലിക അണക്കെട്ട് രൂപപ്പെടുകയും നീരൊഴുക്ക് തടസപ്പെടുകയും ചെയ്തിരുന്നു. ഈ തടസം തകർന്നതോടെയാണ് തിമുരെ, രസുവഗധി പ്രദേശങ്ങളിലേക്ക് പെട്ടെന്ന് വലിയ തോതിൽ വെള്ളം ഇരച്ചെത്തിയത്. എട്ട് മുതൽ 10 മീറ്റർ വരെ ഉയരത്തിലാണ് പലയിടത്തും വെള്ളം കുതിച്ചെത്തിയത്.

ബുധനാഴ്ച രാവിലെ 8.37ന് ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇതേ സമയത്ത് തന്നെ ലെൻഡെ നദിയുടെ മുകൾ ഭാഗത്ത് മഞ്ഞുരുകുകയും ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്തിരിക്കാമെന്നും ഇതേക്കുറിച്ച് നിലവിൽ പഠനം നടന്നുവരികയാണെന്നും പ്രൊഫസർ ഛേത്രി വിശദീകരിച്ചു.

തകർന്നടിഞ്ഞ് അടിസ്ഥാന സൗകര്യങ്ങൾ
പ്രളയത്തിൽ നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന രസുവഗധിയിലെ മിതേരി പാലം പൂർണമായും ഒലിച്ചുപോയി. പാസാങ് ലാമോ ഹൈവേയുടെ വലിയൊരു ഭാഗവും തകർന്നിട്ടുണ്ട്. രസുവഗധി, ചിലിമെ തുടങ്ങിയ പ്രധാന ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളും താപനിലയിലുണ്ടാകുന്ന വർധനവുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെയും ജനജീവിതത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും തകർന്ന റോഡുകളും വെല്ലുവിളിയാകുന്നുണ്ട്. വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. ഇത്തരം ദുരന്തങ്ങൾ നേരിടാൻ കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

Also Read: നേപ്പാൾ പ്രളയം: മരണസംഖ്യ 469 ആയി; 178 ഇന്ത്യക്കാരുൾപ്പെടെ 1400 പേരെ കാണാതായി