ETV Bharat / international

നേപ്പാൾ പ്രളയം: മരണസംഖ്യ 469 ആയി; 178 ഇന്ത്യക്കാരുൾപ്പെടെ 1400 പേരെ കാണാതായി

നേപ്പാളിലെ നുവാകോട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. കെട്ടിടങ്ങളുടെ രണ്ടാം നില വരെ ചെളിയിൽ മുങ്ങിയ നിലയിലാണ്

Nepal Flash Flood Updates China Border Glacier Collapse Missing Indians In Nepal Himalayan Climate Change Impact
nepal china border glacier collapse flash flood hundreds missing (AP)
author img

By ETV Bharat Kerala Team

Published : August 28, 2026 at 6:23 AM IST

4 Min Read
Choose ETV Bharat

ദേവിഘട്ട്: നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിഞ്ഞുള്ള മിന്നൽപ്രളയത്തിൽ മരണം 469 ആയി. ആയിരത്തി നാനൂറിലധികം പേരെ കാണാതായി. വിദേശികളും തീർഥാടകരും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ഹിമാലയൻ പർവതനിരകൾക്ക് താഴെയുള്ള താഴ്‌വരകളിൽ ബുധനാഴ്ചയാണ് വൻ ദുരന്തമുണ്ടായത്. കാലാവസ്ഥ വ്യതിയാനം കാരണം മഞ്ഞുമലകൾ ഉരുകുന്നത് ഈ മേഖലയിൽ പതിവായിരിക്കുകയാണ്. കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ മേഖലയിലാകെ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

Nepal Flash Flood Updates China Border Glacier Collapse Missing Indians In Nepal Himalayan Climate Change Impact
nepal china border glacier collapse flash flood hundreds missing (AP)

വൻ നാശനഷ്ടം
നേപ്പാളിലെ നുവാകോട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. കെട്ടിടങ്ങളുടെ രണ്ടാം നില വരെ ചെളിയിൽ മുങ്ങിയ നിലയിലാണ്. നദീതീരങ്ങളും ഗ്രാമങ്ങളിലെ റോഡുകളും പൂർണമായും ചെളിമൂടി. മരച്ചില്ലകളിലും വൈദ്യുത കമ്പികളിലും അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. വാഹനങ്ങൾ മണ്ണിനടിയിലായി. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി പുറത്തുവിട്ട ദൃശ്യങ്ങളിലും സമാനമായ നാശനഷ്ടങ്ങൾ കാണാം. ടിബറ്റിലെ ഷിഗാസെ പ്രവിശ്യയിൽ നദീതീരത്തുള്ള ഇരുനില പാത പൂർണമായും മണ്ണിനടിയിലായി. ചൈന-നേപ്പാൾ അതിർത്തിയിൽ പുതിയൊരു തടാകം രൂപപ്പെട്ടതായും വ്യോമദൃശ്യങ്ങളിൽ വ്യക്തമാണ്.

കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ നിരഞ്ജൻ പൗഡ്യാൽ തൻ്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കുറിച്ച് ആശങ്ക പങ്കുവച്ചു. സോളി ഗ്രാമത്തിലുള്ള ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയം ഭയാനകമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ശക്തമായ കെട്ടിടങ്ങൾ പോലും തകർന്നു വീണുവെന്നും നേപ്പാൾ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ എല്ലാ സഹായങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

Nepal Flash Flood Updates, China Border Glacier Collapse, Missing Indians In Nepal, Himalayan Climate Change Impact
nepal china border glacier collapse flash flood hundreds missing (AP)

നേപ്പാളിൽ മാത്രം 389 പേർ മരിക്കുകയും 460 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 910 പേരെയാണ് ഇവിടെ കാണാതായത്. ചൈനയുടെ സ്വയംഭരണ പ്രദേശമായ ടിബറ്റിൽ മൂന്ന് പേർ മരിക്കുകയും 558 പേരെ കാണാതാവുകയും ചെയ്തു. ഡസൻ കണക്കിന് പാലങ്ങൾ തകരുകയും 40 കിലോമീറ്റർ റോഡ് തകരുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

നേപ്പാൾ സൈന്യം ഹെലികോപ്ടർ വഴി നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെറ്റ് അറിയിച്ചു. ത്രിശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്ത് കുടുങ്ങിയവരെയും സൈന്യം ഒഴിപ്പിച്ചു. പരിക്കേറ്റ നിരവധി പേരെ കാഠ്മണ്ഡുവിലേക്ക് മാറ്റി. ദുരന്തബാധിത പ്രദേശത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ചിത്വാൻ ജില്ലയിൽ നിന്നുവരെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തേക്കാൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് നേപ്പാൾ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ വിശാൽ കുമാർ ഭണ്ഡാരി വ്യക്തമാക്കി. മൂന്ന് ഗ്രാമങ്ങളിൽ നിന്നായി 1200 പേരെ മാറ്റിപ്പാർപ്പിച്ചു. ടിബറ്റിലെ ഗൈറോങ് പോർട്ടിൽ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ബസ് പാർക്കിങ് കേന്ദ്രം ഉൾപ്പെടെ മണ്ണിനടിയിലായി.

ശരാശരി ഒന്നര മീറ്റർ ഉയരത്തിലാണ് ഇവിടെ ചെളി അടിഞ്ഞുകൂടിയത്. മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രീമിയർ ലി ചിയാങ് ഗൈറോങ്ങിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 500 സൈനികരും അർധസൈനിക വിഭാഗവും ഇവിടെയുണ്ട്. വ്യോമമാർഗവും തിരച്ചിൽ തുടരുകയാണ്. സോങ്യാൽ, പുരുപ്ചിയാങ്സാങ്ബു നദികൾ സംഗമിക്കുന്നിടത്ത് പുതിയതായി രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകി.

Nepal Flash Flood Updates China Border Glacier Collapse Missing Indians In Nepal Himalayan Climate Change Impact
nepal china border glacier collapse flash flood hundreds missing (AP)

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിൽ നിന്ന് രണ്ട് ദശലക്ഷം ഡോളർ അനുവദിച്ചതായി യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ എക്സിലൂടെ അറിയിച്ചു. അടിയന്തര സഹായം എത്തിക്കാൻ പിന്തുണ നൽകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാത്തിരിപ്പോടെ ഉറ്റവർ
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ദുരന്തബാധിത മേഖലയിലുള്ളവർ. ഭർത്താവ് രാജൻ ശ്രേഷ്ഠയെ കണ്ടെത്താനായി 33 കാരിയായ ശോഭ ശ്രേഷ്ഠ കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. പ്രളയത്തിന് ശേഷം ആദ്യം വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. നുവാകോട്ട് ജില്ലയുടെ തലസ്ഥാനമായ ബിദൂരിൽ ഇറങ്ങുന്ന ഓരോ ഹെലികോപ്ടറിലും തൻ്റെ ഭർത്താവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശോഭ.

നേപ്പാൾ ടൂറിസം ബോർഡിൻ്റെ കണക്കുകൾ പ്രകാരം 517 വിദേശികളെയാണ് കാണാതായത്. ഇതിൽ 178 ഇന്ത്യക്കാരും 60 ലധികം അമേരിക്കക്കാരും ഉൾപ്പെടുന്നു. യുക്രെയ്ൻ, യുകെ, ദക്ഷിണാഫ്രിക്ക, ജപ്പാൻ തുടങ്ങി 30 രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ ഭൂരിഭാഗവും ടിബറ്റിലെ കൈലാസ മാനസസരോവർ യാത്രയ്ക്ക് പോയവരാണെന്നാണ് നിഗമനം.

അതിർത്തിയിലെ ഇമിഗ്രേഷൻ ഓഫിസിലുണ്ടായിരുന്ന 77 തീർഥാടകർ പ്രളയത്തിൽപ്പെട്ടതായി ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ് എക്സിൽ കുറിച്ചു. ഇതിൽ 22 അമേരിക്കക്കാരും ഉൾപ്പെടുന്നുണ്ടെന്നും ഇവരെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.

Nepal Flash Flood Updates China Border Glacier Collapse Missing Indians In Nepal Himalayan Climate Change Impact
nepal china border glacier collapse flash flood hundreds missing (AP)

ചൈനയിലും നേപ്പാളിലുമായി 90 അമേരിക്കക്കാരെ കാണാതായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. മൂന്ന് അമേരിക്കക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വൈദ്യുത പദ്ധതിയിലെ തൊഴിലാളികൾ ഉൾപ്പെടെ 288 ഇന്ത്യക്കാരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിൽ നൂറോളം ചൈനീസ് പൗരന്മാരെ കാണാതായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അറിയിച്ചു. ടിബറ്റിൽ കാണാതായവരിൽ 260 പേർ വിദേശികളാണെന്നാണ് പ്രാഥമിക വിവരം.

കാഠ്മണ്ഡുവിന് വടക്ക് 65 കിലോമീറ്റർ അകലെ ബുധനാഴ്ച പുലർച്ചെ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് 5.2 തീവ്രതയുള്ള മഞ്ഞുമല ഇടിഞ്ഞതാണെന്ന് പിന്നീട് തിരുത്തി. മഞ്ഞുമല ഇടിഞ്ഞതാണ് മിന്നൽപ്രളയത്തിന് കാരണമായതെന്ന് കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെൻ്റിലെ കാലാവസ്ഥ വിദഗ്ധരും സ്ഥിരീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അര മണിക്കൂറിനുള്ളിൽ ത്രിശൂലി നദിയിലെ ജലനിരപ്പ് ഒൻപത് മീറ്റർ വരെ ഉയർന്നതായി അവർ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഹിമാലയൻ മേഖലയിലെ മഞ്ഞുമലകൾ ഉരുകുന്നത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 2025 ഓഗസ്റ്റിലും സമാനമായ മിന്നൽപ്രളയമുണ്ടായിരുന്നു. ഉയർന്ന താപനിലയെ തുടർന്ന് ടിബറ്റിലെ തടാകം കരകവിഞ്ഞൊഴുകിയുണ്ടായ അന്നത്തെ അപകടത്തിൽ ഒൻപത് പേർ മരിക്കുകയും നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന പാലം ഉൾപ്പെടെ തകരുകയും ചെയ്തിരുന്നു.

Also Read:- 33 മലയാളികളെ കാണാനില്ല, നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം 273 കടന്നു, ആശങ്ക