ETV Bharat / international

നിക്കോളാസ് മഡുറോയും ഭാര്യയും ന്യൂയോർക്ക് കോടതിയിൽ; വിചാരണ നടപടികൾക്ക് തുടക്കം

ഹെലികോപ്റ്ററില്‍ കൈവിലങ്ങ് അണിയിച്ച് എത്തിച്ച മഡുറോയെയും ഭാര്യയേയും പിന്നീട് റോഡു മാര്‍ഗം കോടതിയില്‍ എത്തിക്കുകയായിരുന്നു.

NICOLAS MADURO  VENEZUELAN PRESIDENT  USA  NEW YORK COURT
നിക്കോളാസ് മഡുറോയെയും ഭാര്യയെയും ന്യൂയോർക്ക് കോടതിയിൽ എത്തിക്കുന്നു (X.com)
author img

By ETV Bharat Kerala Team

Published : January 5, 2026 at 8:31 PM IST

2 Min Read
Choose ETV Bharat

ന്യൂയോര്‍ക്ക്: അമേരിക്കൻ സൈനിക നീക്കത്തിലൂടെ വെനസ്വേലയിൽ നിന്ന് പിടികൂടിയ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ വിചാരണയ്ക്കായി ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കി.

ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ കമാൻഡോകൾ നടത്തിയ അതിസാഹസികമായ മിന്നൽ ആക്രമണത്തിലാണ് 63-കാരനായ മഡുറോയും 69-കാരിയായ ഭാര്യ സിലിയ ഫ്ലോറസും പിടിയിലായത്. യുദ്ധവിമാനങ്ങളുടെയും നാവികസേനയുടെയും പിന്തുണയോടെ ഹെലികോപ്റ്ററുകളിലെത്തിയ യുഎസ് പ്രത്യേക സേന മഡുറോയെയും ഭാര്യയെയും ബലമായി പിടികൂടുകയായിരുന്നു.

തുടർന്ന് ഇവരെ യുഎസ് നാവികസേനാ കപ്പലിലേക്ക് മാറ്റുകയും അവിടെ നിന്ന് വിമാനമാർഗം ശനിയാഴ്ച രാത്രി തന്നെ ന്യൂയോർക്കിലെത്തിച്ച് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിൽ അടയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം ഇന്നു രാത്രിയോടെയാണ് സായുധരായ ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിൽ മഡുറോയെ മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയത്. ഹെലികോപ്റ്ററില്‍ കൈവിലങ്ങ് അണിയിച്ച് എത്തിച്ച മഡുറോയെയും ഭാര്യയേയും പിന്നീട് റോഡു മാര്‍ഗം കോടതിയില്‍ എത്തിക്കുകയായിരുന്നു.

ഭീകരവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റാരോപണങ്ങളാണ് മഡുറോയ്ക്കും സംഘത്തിനുമെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് മാഫിയകളുമായി ചേർന്ന് അമേരിക്കയിലേക്ക് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തിയെന്നതാണ് പ്രധാന കേസ്.

കുറ്റം തെളിയിക്കപ്പെട്ടാൽ മഡുറോയ്ക്കും കുടുംബാംഗങ്ങൾക്കും ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിച്ചേക്കാം. ഒരു വിദേശ രാജ്യത്തിന്‍റെ ഭരണത്തലവൻ എന്ന നിലയിലുള്ള നിയമപരിരക്ഷ ഉപയോഗിച്ച് ഈ അറസ്റ്റിനെ നിയമപരമായി നേരിടാനാണ് മഡുറോയുടെ അഭിഭാഷകർ ലക്ഷ്യമിടുന്നത്. എന്നാൽ മഡുറോയെ വെനസ്വേലയുടെ ഔദ്യോഗിക നേതാവായി അമേരിക്ക അംഗീകരിക്കുന്നില്ലാത്തതിനാൽ ഈ വാദം കോടതിയിൽ നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.

അതേസമയം, മഡുറോയുടെ അറസ്റ്റിനെ തുടർന്ന് വെനസ്വേലയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മഡുറോയുടെ വിശ്വസ്തയും മുൻ വൈസ് പ്രസിഡന്‍റുമായ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു. ട്രംപ് ഭരണകൂടവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ച അവർക്ക് വെനസ്വേലൻ സൈന്യത്തിന്‍റെയും കോടതിയുടെയും പിന്തുണയുണ്ട്.

മഡുറോയെ പിടികൂടിയത് അമേരിക്കയുടെ ശക്തിപ്രകടനമാണെന്ന് അവകാശപ്പെട്ട പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്കയുടെ ആധിപത്യം ഇനി ചോദ്യം ചെയ്യപ്പെടില്ലെന്നും വെനസ്വേലയിലെ എണ്ണ ശേഖരത്തിന്‍റെ നിയന്ത്രണം അമേരിക്കയുടെ മേൽനോട്ടത്തിലായിരിക്കുമെന്നും വ്യക്തമാക്കി.

വെനസ്വേലയിലെ ജനങ്ങളെ അഴിമതിയിൽ നിന്നും രക്ഷിക്കുമെന്നും സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. അന്താരാഷ്‌ട്ര നിയമത്തേയും ഐക്യരാഷ്‌ട്ര സഭയെയും അമേരിക്ക ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക വെനസ്വേലയ്ക്ക് മേലെടുത്ത നടപടികളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ യോഗം വിളിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടത്.

Also Read: മഡൂറോയ്ക്ക് ശേഷം ആര്? ഗ്രീന്‍ലാന്‍ഡിനെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് അമേരിക്കയോട് ഡാനിഷ് പ്രധാനമന്ത്രി