മഡുറോയും ഭാര്യയും ന്യൂയോർക്കിൽ; യുഎസ് കോടതിയിൽ വിചാരണ നേരിടും, നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്
ശനിയാഴ്‌ച (ജനുവരി 03) യാണ് വെനസ്വേലയിൽ അമേരിക്കയുടെ കനത്ത സൈനിക ആക്രമണം ഉണ്ടായത്. പ്രസിഡൻ്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും വസതിയിൽ നിന്നും ബന്ദികളാക്കി അമേരിക്കയിലേക്ക് കടത്തുകയായരുന്നു.

Published : January 4, 2026 at 8:12 AM IST
കാരക്കാസ്: വെനസ്വേലയിൽ അമേരിക്ക നടത്തിയ കനത്ത സൈനിക ആക്രമണത്തിൽ ബന്ദികളാക്കിയ വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും ന്യൂയോർക്കിൽ എത്തിയതായി റിപ്പോർട്ട്. ഇരുവരും സഞ്ചരിച്ച വിമാനം ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിൽ ലാൻഡ് ചെയ്‌തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ശനിയാഴ്‌ച രാത്രിയാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക കനത്ത സൈനിക ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക ബന്ദികളാക്കിയിരുന്നു. മഡുറോയുടെ വസതിയിൽ നിന്നുമാണ് ഇരുവരെയും സൈന്യം വളഞ്ഞതെന്ന് ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദഗ്‌ധമായി ഇരുവരും രഹസ്യ വഴിയിലൂടെ രക്ഷപ്പെടുന്നതിന് മുൻപ് കരുത്തരായ അമേരിക്കൻ സൈന്യം വളയുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ തോതിൽ കൊക്കെയ്‌ൻ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ അമേരിക്കയിലേക്ക് വെനസ്വേല കടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം ഇരുവരേയും അറസ്റ്റ് ചെയ്‌തതെന്നാണ് വിവരം. മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയതെന്നും അമേരിക്കൻ കോടതിയിൽ കടുത്ത വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്' എന്നാണ് വെനസ്വേലയെ അട്ടിമറിക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടിയുടെ പേര്. ആക്രമണത്തിനായി നാല് മാസമായി പ്രത്യേക പരിശീലനത്തിലായിരുന്നു അമേരിക്കൻ സൈന്യമെന്നും മാധ്യമങ്ങൾ കൂട്ടിച്ചേർത്തു.
ഭരണകൂടം രൂപീകരിക്കുന്നത് വരെ നിയന്ത്രണം അമേരിക്കയ്ക്ക്
വെനസ്വേലയിൽ ഭരണകൂടം രൂപീകരിക്കുന്നത് വരെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് സമാധാനവും ജനങ്ങളുടെ നന്മയ്ക്കായി പ്രവൃത്തിക്കുന്ന ഭരണകൂടം സ്ഥാപിക്കാനും അമേരിക്ക ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. തലസ്ഥാനമായ കാരക്കാസിൽ നടത്തിയ ആക്രമണത്തിന് ശേഷമുണ്ടായിരുന്ന പത്രസമ്മേളനത്തിലാണ് ട്രംപിൻ്റെ പ്രസ്‌താവന.
സൈനിക ആക്രമണം അമേരിക്കയുടെ നേട്ടം
വെനസ്വേലയുടെ തലസ്ഥാനത്ത് നടത്തിയ കനത്ത സൈനിക ആക്രമണം ലോകത്ത് ഒരു രാജ്യത്തിനും നടത്താനാവില്ലെന്ന പ്രസ്‌താവനയുമായി ഡൊണാൾഡ് ട്രംപ്. രാജ്യ ഭരണാധികാരിയെ ബന്ദിയാക്കിയതോടെ വെനസ്വേലയിലെ മുഴുവൻ സൈനിക ശേഷികളും അശക്തമായെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയിലെ ജനങ്ങളെ അഴിമതിയിൽ നിന്നും രക്ഷിച്ച് സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കും. നിയമവിരുദ്ധമായി പ്രവർത്തിച്ച വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡുറോ വൻ തോതിൽ മയക്കുമരുന്ന് കടത്തുന്ന വലിയൊരു ശൃംഖലയുടെ തലവനായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.
ALSO READ: വെനസ്വേലയിൽ ആക്രമണം: 'മഡുറോയെയും ഭാര്യയെയും ബന്ദികളാക്കി, നാടുകടത്തിയെന്ന്' ട്രംപ്

