ഇറാന്‍-ഇസ്രയേല്‍ ആക്രമണം; ഇറാനില്‍ കുടുങ്ങി 9000 ഇന്ത്യക്കാര്‍, നാട്ടിലെത്തിക്കാന്‍ ശ്രമം

Published : March 4, 2026 at 7:16 AM IST
|Updated : March 7, 2026 at 8:50 AM IST
ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും യുഎസും. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. 9000ത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലെ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളാണ് ഇക്കൂട്ടത്തില്‍ കൂടുതലും. ഇവരെ ഉടനടി നാട്ടിലെത്തിക്കാനുള്ള നീക്കം തുടരുകയാണ്.
'വ്യോമസേന തകർന്നു, ഇനി കീഴടങ്ങുകയോ മരിക്കുകയോ ചെയ്യാം': ട്രംപ്
മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിലാണ് ഇറാൻ്റെ തകർച്ച സംഭവിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള വൻ തകർച്ചയാണ് നിലവിലുള്ളതെന്നും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂർണമായും ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
അമേരിക്കൻ സൈന്യത്തിൻ്റെ ഏത് കരയാക്രമണത്തെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. അമേരിക്കൻ ഉദ്യോഗസ്ഥരെ വധിച്ചും തടവിലാക്കിയും ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
തുടരുന്ന ആക്രമണങ്ങൾ
കഴിഞ്ഞ ശനിയാഴ്‌ച മുതൽ ഇറാനിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ 1,230 പേർക്കെങ്കിലും ജീവൻ നഷ്‌ടമായെന്നാണ് വിവരം. തലസ്ഥാനമായ ടെഹ്‌റാൻ്റെ തെക്കുപടിഞ്ഞാറുള്ള പാരന്ദ് നഗരത്തിലെ രണ്ട് സ്‌കൂളുകളിൽ മിസൈലുകൾ പതിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്‌തു. ഇതിനിടെ യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെ ഇറാൻ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന സാഹചര്യവുമുണ്ട്.
ലോകമെമ്പാടുമുള്ള എംബസികളിലെ ഇറാനിയൻ നയതന്ത്രജ്ഞരോട് കൂറുമാറാനും അമേരിക്കയിൽ അഭയം പ്രാപിക്കാനും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ ആയുധം വച്ച് കീഴടങ്ങിയാൽ പൂർണ പരിരക്ഷ നൽകും. അല്ലാത്തപക്ഷം മരണം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകണമെന്നാണ് ട്രംപിൻ്റെ നിലപാട്. അമേരിക്കയുമായി സൗഹൃദം പുലർത്തുന്ന പുതിയ നേതൃത്വത്തെ ടെഹ്‌റാനിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ഉപയോഗത്തിനെതിരെ പ്രതിഷേധം
ഇറാന് നേരെയുള്ള യുഎസ് സൈന്യത്തിൻ്റെ ആക്രമണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നതിനെതിരെ സാമൂഹിക പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കൻ പ്രതിരോധ വകുപ്പുമായി ഓപ്പൺഎഐ സഹകരിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ചാറ്റ്ജിപിടി ബഹിഷ്കരിക്കാനും ഇവർ ആഹ്വാനം ചെയ്‌തു.
ഇസ്രയേലിലും ബഹ്റൈനിലും ആക്രമണം
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ രാത്രികാല ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്‌തു. മനാമയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക വിവരപ്രകാരം രണ്ട് ഹോട്ടലുകളിലും ഒരു പാർപ്പിട സമുച്ചയത്തിലുമാണ് ആക്രമണം നടന്നത്. വസ്‌തുവകകൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്‌ച രാത്രി വൈകി ഇസ്രയേലിലെ ടെൽ അവീവിലും രാജ്യത്തിൻ്റെ മധ്യഭാഗങ്ങളിലുമായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് സംയുക്ത ആക്രമണവും നടത്തിയിരുന്നു.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇറാനിലെ ഇരുന്നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഭൂമിക്കടിയിൽ ഒളിപ്പിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളും കുറഞ്ഞത് 30 ഇറാനിയൻ നാവിക കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
യുഎസ് സഭയുടെ നടപടി
ഇറാന് മേലുള്ള ട്രംപിൻ്റെ യുദ്ധം അവസാനിപ്പിക്കാനും രാജ്യത്തിനെതിരായ ഏതൊരു സൈനിക നടപടിക്കും കോൺഗ്രസിൻ്റെ അനുമതി വേണമെന്നുമുള്ള നിർദേശം റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ വോട്ടിനിട്ട് തള്ളി. 212നെതിരെ 219 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ഈ നീക്കം നിരസിച്ചത്. അമേരിക്കയും ഇസ്രയേലും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന വിമർശനങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിഷേധിച്ചു. ഇതിൽ യാതൊരു സത്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ആശങ്കയുമായി ഈജിപ്‌ത്
മിഡിൽ ഈസ്റ്റിലെ യുദ്ധം വിലക്കയറ്റത്തിന് ഭീഷണിയാകുന്നതിനാൽ രാജ്യം സാമ്പത്തികമായി അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലാണെന്ന് ഈജിപ്‌ത് പ്രസിഡൻ്റ് അബ്‌ദുൽ ഫത്താഹ് അൽ സിസി മുന്നറിയിപ്പ് നൽകി. ഇതിനിടെ ടെഹ്‌റാൻ്റെ പ്രാന്തപ്രദേശത്തുള്ള 12,000 സീറ്റുകളുള്ള ആസാദി സ്‌പോർട്‌സ് കോംപ്ലക്‌സിന് നേരെയുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ ഇറാൻ സർക്കാർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഒളിമ്പിക് ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.
LIVE FEED
പശ്ചിമേഷ്യയിലേക്ക് ഇന്‍ഡിഗോ സര്‍വീസ്
പശ്ചിമേഷ്യയിലെ അഞ്ചിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താന്‍ ഇന്‍ഡിഗോ. ദുബായ്, അബുദാബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം, ഷാർജ, അക്രോതിരി, ഫുജൈറ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് എയർലൈൻ അറിയിച്ചു. ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്.
ഇറാൻ യുദ്ധം ഉടനടി അവസാനിക്കില്ല; നയതന്ത്ര ചർച്ചകൾക്ക് സമയമായിട്ടില്ലെന്ന് ഇസ്രായേൽ
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് സമയമായിട്ടില്ലെന്നും, സൈനിക നടപടികൾ തുടരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ വ്യക്തമാക്കി. ഇറാന്‍റെ ആണവ പദ്ധതികൾ, ബാലിസ്റ്റിക് മിസൈൽ ശേഷി, പ്രാദേശിക സായുധ ഗ്രൂപ്പുകൾ, നാവിക ഭീഷണികൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കിയ ശേഷമേ ചർച്ചകളെക്കുറിച്ച് ആലോചിക്കൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്‍റെ ഈ കർക്കശ നിലപാട്.
"നയതന്ത്രം ഉടൻ ഉണ്ടാകും, പക്ഷേ ഇപ്പോഴല്ല. ഞങ്ങൾക്ക് ഈ ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്," എന്ന് ഡാനൻ പറഞ്ഞു. ഇറാന്‍റെ സൈനിക ശേഷിയെ തകർക്കുന്ന നടപടികൾ ഇസ്രായേൽ തുടരുമെന്നും, ഈ യുദ്ധം മാസങ്ങളോളം നീണ്ടുനിൽക്കില്ലെന്നും ഏതാനും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-ലെ ഇറാൻ ആണവ കരാർ പൂർണ്ണ പരാജയമായിരുന്നുവെന്നും, ഇറാൻ വീണ്ടും ഭീഷണിയാകുന്നത് തടയാൻ കൂടുതൽ ശക്തമായ സംവിധാനങ്ങൾ ആവശ്യമാണെന്നും ഇസ്രായേൽ പ്രതിനിധി വ്യക്തമാക്കി.
ഖത്തറിന് നേരെ ഇറാന്‍റെ മിസൈൽ വർഷം; 14 ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചു
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾക്കും ഡ്രോണുകൾക്കും നേരെ കരുത്തുറ്റ പ്രതിരോധം തീർത്ത് ഖത്തർ. വ്യാഴാഴ്ച രാത്രി ഖത്തറിന് നേരെ 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തൊടുത്തുവിട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ നാല് ഡ്രോണുകളും 13 മിസൈലുകളും ഖത്തറിന്‍റെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തു.
ലക്ഷ്യം തെറ്റിയ പതിനാലാമത്തെ മിസൈൽ ഖത്തർ തീരത്തിന് സമീപം കടലിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മിസൈൽ വിക്ഷേപണത്തെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ സംപ്രേഷണം ചെയ്തിരുന്നു.
പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ മുന്നറിയിപ്പ്
ഇറാൻ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യൻ കടൽമേഖലയിൽ രൂപപ്പെട്ട കടുത്ത സുരക്ഷാഭീഷണി കണക്കിലെടുത്ത് ഹോർമുസ് കടലിടുക്ക്, ഒമാൻ കടൽ, പേർഷ്യൻ ഗൾഫ് എന്നീ ഭാഗങ്ങളെ 'യുദ്ധകാല പ്രവർത്തന മേഖല' ആയി സമുദ്രമേഖലാ സംഘടനകൾ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിലെ തൊഴിലുടമകളും വിവിധ യൂണിയനുകളും സംയുക്തമായാണ് വ്യാഴാഴ്ച ഈ സുപ്രധാന തീരുമാനമെടുത്തത്. മാർച്ച് 2-ന് ഈ മേഖലയെ 'അതിജാഗ്രതാ പ്രദേശം' എന്ന് തരംതിരിച്ചിരുന്നെങ്കിലും, കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
മേഖലയിലൂടെ കടന്നുപോകുന്ന കപ്പൽ ജീവനക്കാർക്കും ചരക്ക് നീക്കത്തിനും നേരിടുന്ന അതീവ ഗുരുതരമായ ഭീഷണി നിലവിലുണ്ടെന്ന യാഥാർത്ഥ്യമാണ് ഈ മാറ്റത്തിലൂടെ വ്യക്തമാകുന്നത്.
ഇറാഖിലെ കുർദിഷ് ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇറാൻ; ഇസ്രയേലിന് നേരെ ആക്രമണ പരമ്പര
അയൽരാജ്യമായ ഇറാഖിലെ കുർദിഷ് സ്വയംഭരണ മേഖലയിലുള്ള കുർദിഷ് ഗ്രൂപ്പുകൾക്കെതിരെ ഇറാൻ സൈന്യം സൈനിക നടപടി ആരംഭിച്ചു. ഇതിന് പിന്നാലെ ഇസ്രയേലിനും മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾക്കും നേരെ പത്തൊൻപതാമത് മിസൈൽ-ഡ്രോൺ ആക്രമണ പരമ്പരയും ഇറാൻ തുടങ്ങിക്കഴിഞ്ഞു. ഇറാൻ്റെ പടിഞ്ഞാറൻ അതിർത്തി വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച "വിഘടനവാദി ഗ്രൂപ്പുകളുടെ" താവളങ്ങളാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ്റെ രഹസ്യാന്വേഷണ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ ആക്രമണത്തിൽ അവർക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു.
77 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം
ലെബനനിൽ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ 77 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ രാജ്യത്തുണ്ടായ വിവിധ ആക്രമണങ്ങളിലായി ആകെ 77 പേർ കൊല്ലപ്പെടുകയും 527 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് നടന്ന ആക്രമണങ്ങളിൽ മാത്രം കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തെക്കൻ ഗ്രാമമായ ക്ഫാർ ടെബ്നിറ്റിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടതും ഇതിൽ ഉൾപ്പെടുന്നു.
കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ കപ്പലിനെ യുഎസ് നശിപ്പിച്ചതില്‍ കേന്ദ്രത്തിന്‍റെ നിലപാടിനെ ചോദ്യം ചെയ്‌ത് കോൺഗ്രസ്. ഇത്രയും ഭീരുത്വവും ഭയവും നിറഞ്ഞ ഒരു സര്‍ക്കാരിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് എംപി ജയറാം രമേശ് പറഞ്ഞു. വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഇല്ലാത്തത് ഞെട്ടലുളവാക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടനം
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍.
നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കില്‍ ബന്ധപ്പെട്ടത് 787 പേര്‍
ഹെല്‍പ്പ് ഡെസ്‌കില്‍ 787 പേരാണ് ബന്ധപ്പെട്ടത് (ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 04). ഇന്ത്യയില്‍ നിന്നും 510 പേരും യുഎഇ – 134, ഖത്തർ – 59, ബഹ്റൈൻ – 52, കുവൈത്ത് – 16, ഒമാൻ – 5, സൗദി അറേബ്യ – 9, യുകെ – 2 പേരുമാണ് ബന്ധപ്പെട്ടത്. പ്രവേശന വിസകൾക്ക് ഒരു മാസത്തേക്ക് കാലാവധി നീട്ടി നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്കും അടിയന്തര ഇടപെടല്‍ ആവശ്യമുളളവര്‍ക്കും ഗവണ്‍മെന്‍റുകളുടെയും സന്നദ്ധ സംഘടനകളുടെയും നോര്‍ക്ക സഹായ കൂട്ടായ്‌മകളുടേയും പിന്തുണയില്‍ സഹായങ്ങള്‍ ലഭ്യമാക്കി. വ്യാജ വാര്‍ത്തകള്‍, എഐയിലൂടെ സൃഷ്‌ടിച്ച സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ സമൂഹ മാധ്യമങ്ങളിലോ അല്ലാതേയോ പങ്കുവയ്ക്കരുതെന്ന് മിക്ക രാജ്യങ്ങളിലും കര്‍ശന നിര്‍ദേശമുണ്ട്. പ്രവാസി കേരളീയര്‍ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യന്‍ മിഷനുകളും ബന്ധപ്പെട്ട അധികാരികളും നല്‍കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരേണ്ടതാണ്.
നോര്‍ക്ക സെന്‍റ്റില്‍ കണ്‍ട്രോള്‍ റൂം
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ് ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്‌ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്ക് പുറമേ നോര്‍ക്ക സെന്‍ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 (9 AM to 9 PM).
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്‌മകളില്‍ ബന്ധപ്പെടാം
പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസി കേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്‌മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വൊളന്‍റിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്‌മകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേത്യത്വത്തില്‍ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേര്‍ന്നിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്‍ററില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ് നോര്‍ക്ക കൂട്ടായ്‌മകളുടെ പ്രവര്‍ത്തനങ്ങള്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്, ഡല്‍ഹി കേരള ഹൗസ് ഹെല്‍പ്പ് ഡെസ്‌ക്, നോര്‍ക്ക സെന്‍റര്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകന യോഗം വിലയിരുത്തി.
നോര്‍ക്ക സഹായ കൂട്ടായ്‌മകള്‍
യുഎഇ (UAE)
ഷിജു ബഷീര്‍ – ദുബായ് – +971 55 5712550
നൗഫല്‍ പട്ടാമ്പി – ദുബായ് – +971 56 9978452
മുഹമ്മദ് റാഫി – ദുബായ് – +971 50 4558100
കൃഷ്‌ണകുമാര്‍ – അബുദാബി – +971 56 4019318
മനോജ് – അബുദാബി – +971 50 6914501
ഇബ്രാഹിം അംബിക്കാന – ഷാര്‍ജ – +971 56 1140607
ശ്രീപ്രകാശ് – ഷാര്‍ജ – +971 50 7945948
പോള്‍ ടി ജോസഫ് – ദുബായ് – +97155 5584700
മോഹനൻ പിള്ള -റാസ് അൽ ഖൈമ-+971 55 9492729
ഒമാന്‍ (Oman)
സുനില്‍ കുമാര്‍ – +968 96676406
അനു ചന്ദ്രന്‍ – +968 92060939
സന്തോഷ് കുമാര്‍ – +968 92338105
വില്‍സണ്‍ ജോര്‍ജ് – +968 99241140
എകെ പവിത്രന്‍ (സലാല) – +968 9967 1062
അമ്പു മയില്‍ (സലാല) – +968 95220518
ബഹ്റൈന്‍ (Bahrain)
പിവി രാധാകൃഷ്‌ണ പിള്ള – +973 3969 1590
പി.സുബൈര്‍ – +973 3968 2974
സഖറിയ – +973 3982 7543
സഞ്ജിത് – +973 3612 9714
കെടി സലിം – +973 3375 0999
സുധീര്‍ തിരുനില്ലത്ത് – +973 3946 1746
ഖത്തര്‍ (Qatar)
ഷംസീര്‍ അരിക്കുളം – +974 55978668
ഇഎം സുധീര്‍ – +974 5585 9609
സബിത് സഹീര്‍ – +974 3316 3774
ഓമനക്കുട്ടന്‍ – +974 5003 5901
എ.സുനില്‍ കുമാര്‍ – +974 6668 3986
കുവൈത്ത് (Kuwait)
സജി ജെ – +965 99122984
ടിവി ഹിക്‌മത് – +965 6776 5810
ജിതിന്‍ പ്രകാശ് – +965 9720 1260
മണിക്കുട്ടന്‍ ഇടക്കാട്ട് – +965 558 31679
സത്താര്‍ കുന്നില്‍ – +965 6688 2499
സൗദി അറേബ്യ (Saudi Arabia)
റിയാദ് (Riyadh)
സുരേഷ് കണ്ണപുരം – +966 50287 8719
ഷിഹാബ് കൊട്ടുകാട് – +966 56419 5323
നസീര്‍ മുള്ളൂർക്കര– +966 50262 3622
ജിദ്ദ (Jeddah)
ഡോ. ഷിബു – +966 0535504015
ജലീല്‍ ഉച്ചാരക്കടവ് – +966 0509710722
അബ്‌ദുള്ള മുല്ലപ്പള്ളി – +966 0501417878
ഹസൻ പാറക്കൽ +966 56 411 3528
ദമ്മാം (Dammam)
നാസ് ഷൗഖത്തലി – +966 56 995 6848
പവനന്‍ മൂലക്കല്‍ – +966 50 166 4800
ബഷീര്‍ വരോട് – +966 53 078 5172
സുനില്‍ മുഹമ്മദ് – +966 50 197 3118
അബഹ - കമീസ് മുശൈത്ത് (Abha – Khamis Mushait)
സൈനുദ്ദീൻ അമാനി +966 50 866 0176
ഇറാഖ് വിടാൻ അമേരിക്കൻ പൗരന്മാർക്ക് അന്ത്യശാസനം; ലെബനനിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ തുടങ്ങിയെന്ന് ഹിസ്ബുള്ള
പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇറാഖിലുള്ള എല്ലാ അമേരിക്കൻ പൗരന്മാരും എത്രയും വേഗം രാജ്യം വിടണമെന്ന് ബാഗ്ദാദിലെ യുഎസ് എംബസി നിർദ്ദേശിച്ചു. സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന ആദ്യ അവസരത്തിൽ തന്നെ മടങ്ങണമെന്നാണ് എംബസിയുടെ അന്ത്യശാസനം. രാജ്യം വിടാൻ സുരക്ഷിതമായ സാഹചര്യം ഒരുങ്ങുന്നത് വരെ നിലവിലുള്ള ഇടങ്ങളിൽ തന്നെ തുടരാനും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ദക്ഷിണ ലെബനനിലെ ഖിയാം പട്ടണത്തിൽ ഇസ്രായേൽ സൈന്യവുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ നടന്നതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ഖിയാമിൽ വച്ച് ഇസ്രായേൽ സേനയ്ക്ക് നേരെ സ്ഫോടകവസ്തുക്കൾ പ്രയോഗിച്ചതായും തുടർന്ന് നേരിട്ടുള്ള പോരാട്ടം നടന്നതായും ഹിസ്ബുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുവിഭാഗവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.
പശ്ചിമേഷ്യയിൽ നിന്ന് 17,500 അമേരിക്കക്കാർ മടങ്ങി; രക്ഷാദൗത്യം ശക്തമാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ 17,500-ലധികം അമേരിക്കൻ പൗരന്മാർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിലെ ഗ്ലോബൽ പബ്ലിക് അഫയേഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി ഡിലൻ ജോൺസൺ എക്സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കക്കാരെ സഹായിക്കുന്നതിനായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി സുരക്ഷാ നിർദ്ദേശങ്ങളും യാത്രാ സഹായങ്ങളും നൽകി ഇതുവരെ 6,500-ഓളം പേരെ സഹായിക്കാൻ സാധിച്ചുവെന്നും ഡിലൻ ജോൺസൺ വ്യക്തമാക്കി. പ
ശ്ചിമേഷ്യയിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാർക്കും ആവശ്യമായ എല്ലാ പിന്തുണയും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തുടർന്നും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്കായി എയർ ഇന്ത്യയുടെ അടിയന്തര ഇടപെടൽ; അധിക സർവീസുകൾ പ്രഖ്യാപിച്ചു
ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. മാർച്ച് 5 മുതൽ ജിദ്ദയിലേക്കും ദുബായിലേക്കും നിശ്ചയിച്ചിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. ഇതുസംബന്ധിച്ച വിവരങ്ങൾ എയർ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ഡൽഹി-ജിദ്ദ-ഡൽഹി, മുംബൈ-ജിദ്ദ-മുംബൈ റൂട്ടുകളിൽ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ബി777 (B777) വിമാനം ഉപയോഗിച്ച് മുംബൈ-ദുബായ്-ഡൽഹി റൂട്ടിലും മാർച്ച് 5-ന് അധിക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ലെബനനിലെ എംബസി ആക്രമിച്ചാല്‍ ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍
ലെബനനിലെ ഇറാന്‍റെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാൻ സായുധ സേനാ വക്താവ് അബുൽഫസൽ ഷെകാർച്ചി ബുധനാഴ്ച ടെലിവിഷനിലൂടെയാണ് ഈ ഭീഷണി മുഴക്കിയത്. "ഇസ്രായേൽ ഇത്തരമൊരു കുറ്റകൃത്യത്തിന് മുതിർന്നാൽ, ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ ഞങ്ങളുടെ നിയമപരമായ ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റാൻ ഞങ്ങൾ നിർബന്ധിതരാകും" എന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ലെബനനിലുള്ള ഇറാൻ പ്രതിനിധികൾ ഉടൻ രാജ്യം വിടണമെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചായ് അദ്രായി മുന്നറിയിപ്പ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ലെബനൻ വിട്ടില്ലെങ്കിൽ ആക്രമിക്കുമെന്നായിരുന്നു ഇസ്രായേലിന്‍റെ അന്ത്യശാസനം. ഇതിന് മറുപടിയായാണ് ഇറാന്‍റെ ഭാഗത്തുനിന്നും ഇപ്പോൾ ശക്തമായ പ്രത്യാക്രമണ ഭീഷണി ഉണ്ടായിരിക്കുന്നത്.
ഇറാന്‍ കപ്പലിനെ ആക്രമിച്ച് യുഎസ് അന്തര്‍വാഹിനി
വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക സൈനികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്‍റെ 'ഐറിസ് ദേന' (IRIS Dena) എന്ന കപ്പലിന് നേരെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ ആക്രമണമുണ്ടായതെന്ന് സ്ഥിരീകരണം.
ഇറാനുനേരെ യു.എസും ഇസ്രായേലും നടത്തുന്ന തുടർച്ചയായ സൈനിക നടപടികളുടെ ഭാഗമായി, ബുധനാഴ്ച പുലർച്ചെ ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് സമീപത്തുവെച്ചായിരുന്നു അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്.
ഫെബ്രുവരി 15 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന നാവിക സേനാഭ്യാസത്തിൽ പങ്കെടുക്കാനാണ് ഇറാന്‍റെ ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട ഈ കപ്പൽ ഇന്ത്യയിലെത്തിയത്. ആക്രമണം നടക്കുമ്പോൾ കപ്പലിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യു.എസ് ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 80 പേർ കൊല്ലപ്പെട്ടതായും 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായും ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനിൽ അയ്യായിരത്തിലധികം ബോംബുകൾ വർഷിച്ച് ഇസ്രായേൽ
കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സൈനിക നടപടിക്ക് ശേഷം ഇതുവരെ ഇറാനിൽ അയ്യായിരത്തിലധികം ബോംബുകൾ വർഷിച്ചതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ഇറാന് മേലുള്ള വ്യോമാധിപത്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തലസ്ഥാനമായ ടെഹ്‌റാനിലും പരിസരപ്രദേശങ്ങളിലുമാണ് ഇസ്രായേൽ പ്രധാനമായും ആക്രമണം കേന്ദ്രീകരിക്കുന്നത്.
ടെഹ്‌റാനിലെ ഇറാൻ സർക്കാരിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. അതേസമയം, ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണങ്ങളിൽ ഇതുവരെ 1,045 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി സ്കൂളുകൾക്കും ആശുപത്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
87 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ശ്രീലങ്കൻ നാവികസേന
ശ്രീലങ്കയുടെ തെക്കൻ തീരത്ത് യുഎസ് അന്തർവാഹിനി തകർത്ത ഇറാനിയൻ യുദ്ധക്കപ്പലിലെ 87 നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്കൻ നാവികസേന കണ്ടെടുത്തു. കഴിഞ്ഞ മാസം വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാനിയൻ ഫ്രിഗേറ്റിനെ (യുദ്ധക്കപ്പൽ) അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് നേരത്തെ അറിയിച്ചിരുന്നു. "ഞങ്ങൾ ഇതുവരെ 87 മൃതദേഹങ്ങൾ കണ്ടെടുത്തു, കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്," പേര് വെളിപ്പെടുത്താത്ത ഒരു നാവികസേനാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. 61 നാവികരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസും നാവികസേനയും അറിയിച്ചു. രക്ഷപ്പെടുത്തിയ 32 പേരെ ഗാൾ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം
ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കം അഞ്ചാം ദിവസത്തിലേക്ക് കടക്കവെ, ഇറാനിൽ നിന്ന് മിസൈലുകൾ തൊടുത്തുവിട്ടതായി ബുധനാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചു. "കുറച്ചുസമയം മുമ്പ്, ഇറാനിൽ നിന്ന് ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ടതായി ഐഡിഎഫ് (IDF) തിരിച്ചറിഞ്ഞു," സൈന്യം പ്രസ്താവനയിൽ പറഞ്ഞു. മിസൈലുകളെ തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിൽ സന്ദേശം അയച്ചിട്ടുണ്ട്.
ഇറാൻ യുദ്ധ കപ്പല്‍ അപകടം; മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് ശ്രീലങ്കൻ നാവിക സേന
ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ ഫ്രിഗേറ്റിൽ (യുദ്ധക്കപ്പൽ) അപകടത്തില്‍പെട്ടെന്നും മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും നാവികസേന വക്താവ് അറിയിച്ചു. ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് തൊട്ടുപുറത്ത് വച്ച് അപായസന്ദേശം അയച്ച ഇറാനിയൻ സൈനിക കപ്പലിലെ ജീവനക്കാർക്കായി നടത്തുന്ന തെരച്ചിലിനിടയിലാണ് കപ്പലിലെ ജീവനക്കാരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് നാവികസേന വക്താവ് പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കപ്പലിൽ നിന്ന് 32 പേരെ രക്ഷപ്പെടുത്തിയതായും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും വക്താവ് അറിയിച്ചു. കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതിനെ തുടർന്ന് നാവികസേന ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെടുകയായിരുന്നു. ആ പ്രദേശത്ത് മറ്റ് കപ്പലുകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. നിലവിൽ ജീവനുകൾ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പിന്നീട് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഖമയേനിയുടെ സംസ്‌കാര ചടങ്ങുകൾ ഇറാൻ മാറ്റിവെച്ചു
വിദേശാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല ഖമയേനിയുടെ സംസ്‌കാര ചടങ്ങുകൾ ഇറാൻ മാറ്റിവെച്ചു. ബുധനാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന രീതിയിലായിരുന്നു ചടങ്ങുകൾ ആദ്യം നിശ്ചയിച്ചിരുന്നത്. യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 86 വയസ്സുകാരനായ തങ്ങളുടെ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നതിനായിരുന്നു ഈ ക്രമീകരണം.
സൗദിയിലെ എണ്ണ ടാങ്കിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, തടഞ്ഞെന്ന് അധികൃതര്‍
സൗദി അറേബ്യയിലെ കൂറ്റൻ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയെ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ ഗൾഫ് തീരത്തെ ഈ സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായത്. "പ്രാഥമിക നിഗമനങ്ങൾ പ്രകാരം ഒരു ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല," എന്ന് മന്ത്രാലയം 'എക്സിൽ' പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം
ഇറാനെതിരായ ഇസ്രയേലി-യുഎസ് ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കാനഡ പ്രധാനമന്ത്രി പറഞ്ഞു. സിഡ്‌നിയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളനത്തിലാണ് മാര്‍ക്ക് കാര്‍ണി ഇക്കാര്യം പറഞ്ഞത്.
യുഎഇയുടെ വാര്‍ത്താസമ്മേളനം വൈകിട്ട്
നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ യുഎഇ സർക്കാർ ഇന്ന് വൈകുന്നേരം 3.30ന് വാര്‍ത്താ സമ്മേളനം നടത്തും.
മടങ്ങാന്‍ നിര്‍ദേശം
സൗദിയില്‍ നിന്നും യുഎസ് പൗരന്മാരോട് മടങ്ങാന്‍ നിര്‍ദേശം.
ഖാമനേയിയുടെ അന്ത്യവിശ്രമം മഷാദില്‍
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെ ഖബറടക്കം മഷാദില്‍. ഖാമനേയിയുടെ ജന്മ സ്ഥലമാണ് മഷാദ്. 36 വര്‍ഷം രാജ്യം ഭരിച്ച ഖാമനേയിയ്‌ക്ക് ഇനി വിശുദ്ധ നഗരമായ മഷാദില്‍ അന്ത്യവിശ്രമം. ആയത്തുള്ള ഖാമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
ഇറാനില്‍ മരണം 1000 കടന്നു
ഇരുരാജ്യങ്ങളും തുടരുന്ന ആക്രമണത്തില്‍ ഇറാനില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 1000 കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 181 പേര്‍ കുട്ടികളാണെന്നും വിവരം.
ചാരന്മാര്‍ ഖത്തറില്‍ പിടിയില്‍
ദുബായ്‌യിലെ യുഎസ് എംബസിക്ക് നേരെ ആക്രമണ ശ്രമം. എന്നാല്‍ ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിച്ചതായും റിപ്പോര്‍ട്ട്. അതേസമയം ഇറാനില്‍ യുഎസ് ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 2000 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്‍റെ 10 ചാരന്മാരെ പിടികൂടിയതായി ഖത്തറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടിക്കപ്പെട്ടവരില്‍ 7 പേര്‍ക്ക് രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള ചുമതലയായിരുന്നു. മറ്റ് മൂന്ന് പേരാകട്ടെ ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചവരുമാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണ് വിമാനക്കമ്പനികള്‍. സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികളുടെ 1,221 വിമാനങ്ങളും വിദേശ വിമാനക്കമ്പനികളുടെ 388 വിമാനങ്ങളുടെയും സര്‍വീസുകളാണ് റദ്ദാക്കിയത്.
വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാരുടെ സുഗമമായ നീക്കത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇന്ന് 24 സര്‍വീസുകള്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ 58 വിമാനങ്ങളുടേത് കൂടി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ഇൻഡിഗോയുടെ 30, എയര്‍ ഇന്ത്യയുടെ 23 വിമാനങ്ങളും ഉണ്ടാകുമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എമിറേറ്റ്‌സും ഇത്തിഹാദും ഗൾഫിൽ നിന്നും 9 വിമാന സർവീസുകളാണ് നടത്തിയത്.
യാത്രക്കാരുടെ സുരക്ഷ ഇപ്പോഴും പരമപ്രധാനമാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുമായി ആശയവിനിമയം തുടരുന്നുണ്ട്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നത് സംബന്ധിച്ചും യാത്ര പുനഃക്രമീകരണം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടന്നുമാണ് ലഭിക്കുന്ന വിവരം. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പായി അതത് എയര്‍ലൈനുകളുടെ പുതിയ അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.
മാർക്കോ റൂബിയോയുടെ വാദങ്ങള്‍ തള്ളി ട്രംപ്
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ്റെ ഭാഗത്തുനിന്ന് ആദ്യം ആക്രമണം ഉണ്ടാകുമെന്ന് താൻ വിശ്വസിച്ചതുകൊണ്ടാണ് ഇസ്രയേലിനൊപ്പം ചേരാൻ യുഎസ് സേനയ്ക്ക് അടിയന്തര ഉത്തരവ് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ സംഘർഷം അഞ്ചാം ദിവസത്തിലും കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
- ആക്രമണം ശക്തമായി തുടരുന്നു
ഇറാന് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്ത ആക്രമണങ്ങൾ മേഖലയിൽ അതിശക്തമായി തുടരുകയാണ്. ഇതിൻ്റെ ഭാഗമായി ഇറാനിലെ ഖോം നഗരത്തിലുള്ള അസംബ്ലി ഓഫ് എക്സ്പെര്‍ട്‌സ് കെട്ടിടത്തിന് നേരെയും വലിയ തോതിലുള്ള ആക്രമണം ഉണ്ടായി. ശനിയാഴ്‌ച മുതൽ ആരംഭിച്ച ഈ സൈനിക നീക്കങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നതായാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.
- ഇറാൻ്റെ പ്രത്യാക്രമണം
അതേസമയം അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സൈനിക നീക്കങ്ങൾക്ക് ഇറാനും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. തുടർച്ചയായ നാലാം രാത്രിയിലും ഇസ്രയേൽ, യുഎസ് ലക്ഷ്യങ്ങൾക്കു നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് കടുത്ത പ്രത്യാക്രമണം ഉണ്ടായി. ഇതിനുപുറമെ ദുബായിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് നേരെയും യുഎഇയിലെ ഫുജൈറ തുറമുഖത്തിന് നേരെയും ആക്രമണമുണ്ടായതായി വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
- ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി
യുദ്ധം വ്യാപിക്കുന്നതിനിടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ഈ വഴി കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കുന്നതിനായി അമേരിക്കൻ നാവികസേനയെ വിന്യസിക്കാൻ പൂർണ സജ്ജമാണെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
- എണ്ണ ഉത്പാദനത്തിൽ തടസം
യുദ്ധസമാനമായ നിലവിലെ സാഹചര്യം മിഡിൽ ഈസ്റ്റിലെ എണ്ണ ഉത്പാദനത്തെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാഖിലെ പ്രധാന എണ്ണപ്പാടങ്ങളിലൊന്നായ റുമൈല പാടത്തെയും വെസ്റ്റ് ഖുർണ 2 പ്രോജക്റ്റിലെയും എണ്ണ ഉത്പാദനം ഗണ്യമായി കുറയുകയോ അല്ലെങ്കിൽ താത്കാലികമായി പൂർണമായും നിലയ്ക്കുകയോ ചെയ്‌തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

