ഖമനേയിയുടെ സംസ്‌കാരം ഇന്ന്, മൂന്ന് ദിവസം നീണ്ട വിലാപയാത്രയ്ക്കും ചടങ്ങുകള്‍ക്കും ശേഷം പരമോന്നത നേതാവിന് പിറന്ന നാട്ടില്‍ അന്ത്യനിദ്ര
ഖമനേയിയുടെ വിലാപയാത്രയില്‍ ലക്ഷക്കണിന് പേരാണ് പങ്കെടുത്തത്.

Published : July 9, 2026 at 9:07 AM IST
|Updated : July 9, 2026 at 9:38 AM IST
ടെഹ്‌റാന്‍: തങ്ങളുടെ പരമോന്നത നേതാവിനെ യാത്രയാക്കാനുള്ള അന്തിമ ഒരുക്കങ്ങളിലാണ് ഇറാന്‍. അലി ഖമനേയിയുടെ ജന്മനാടായ വടക്കന്‍ ഇറാനിലെ മാഷാദിലാണ് അദ്ദേഹത്തിന്‍റെ നിത്യനിദ്ര.
അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് അന്ത്യവിശ്രമം ഇവിടെ ആക്കിയത്. രക്തസാക്ഷികളുടെ നഗരമെന്നാണ് മാഷ്ഹാദിന്‍റെ അര്‍ത്ഥം. എട്ടാം ഷിയ ഇമാം ആയിരുന്ന ഇമാം റസയുടെ അന്ത്യവിശ്രമ സ്ഥാനവും ഇവിടെയാണ്. ഇവിടേക്ക് പ്രതിവര്‍ഷം രണ്ട് കോടിയോളം തീര്‍ത്ഥാടകര്‍ എത്തുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. അമേരിക്ക-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഖമനേയിയുടെ മരണം രക്തസാക്ഷിത്വമാണെന്ന പ്രഖ്യാപനമാണ് ഇവിടെത്തന്നെ അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുന്നതിലൂടെ ഇറാന്‍ നടത്തുന്നത്. റസയിലെ ഈ സംസ്‌കാരം ഷിയ ഇസ്ലാമിക മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളും അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും അഖണ്ഡതയോടെ നിലനിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്ക ഇറാന് മേല്‍ പുത്തന്‍ ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖമനേയിയുടെ സംസ്‌കാരം. ദിവസങ്ങള്‍ നീണ്ട ചടങ്ങുകള്‍ക്ക് ശേഷമാണ് ഖമനേയിയുടെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കുന്നത്. ചടങ്ങുകള്‍ക്ക് ലക്ഷക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിച്ചു.

ഖമനേയിയുടെ വിലാപയാത്രയില്‍ പ്രതികാരത്തിന്‍റെ ചിഹ്‌നമായ ചുവന്ന പതാകകള്‍ വീശിയാണ് ജനങ്ങള്‍ അണിനിരന്നത്. അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം എന്നീ മുദ്രാവാക്യങ്ങളും ടെഹ്‌റാനിലെ തെരുവുകളില്‍ അലയടിച്ചു. അതേസമയം സംസ്‌കാര ചടങ്ങ് നടക്കുന്ന വേളയില്‍ ആക്രമണം നിര്‍ത്തി വയ്ക്കാന്‍ ഇരുപക്ഷവും ധാരണയായിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളില്‍ ഇറാനിലും ഇറാഖിലും നിന്നുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. തിരിച്ചടിയ്ക്കൂ എന്ന് ആഹ്വാനം ചെയ്‌തു കൊണ്ടുള്ള ബാനറുകളും വിലാപയാത്രയില്‍ പങ്കെടുത്തവര്‍ ഏന്തിയിരുന്നു. ഖമനേയി വധം ഇറാനിലെമ്പാടും അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഫെബ്രുവരി 28ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയ് അമേരിക്ക-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ഇതേ ആക്രമണത്തിന് മരണത്തിന് കീഴടങ്ങിയിരുന്നു. ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സമാധാന ചര്‍ച്ച പുനരാരംഭിക്കാമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഖമനേയിയുടെ വിലാപയാത്രയിലൊന്നും തന്നെ ഇപ്പോഴത്തെ ഇറാന്‍ പരമോന്നത നേതാവും ഖമനേയിയുടെ മകനുമായ മൊജ്‌താബ അലി ഖമനേയിയെ കണ്ടില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം രംഗത്ത് എത്താത്തത് എന്നാണ് സൂചന. വിലാപയാത്രാവേളയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടമായേക്കാമെന്ന് ഒരു ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ വിലാപയാത്രയില്‍ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഈ മാസം മൂന്ന് മുതല്‍ അഞ്ച് വരെ ഖമനേയിയുടെ ഭൗതികശരീരം ടെഹ്‌റാനിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമുച്ചയവും രാജ്യത്തെ പരമോന്നത നേതാവ് വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇറാന്‍റെ മതരാഷ്‌ട്രീയ അധീശത്വത്തിന്‍റെ പ്രതീകമാണ് ഈ സ്ഥലം. ലോകനേതാക്കളും മതനേതാക്കളും ഇവിടെയെത്തിയാണ് ഖമനേയിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പ്രതിനിധി സംഘവും ഖമനേയിക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ബിഹാര്‍ ഗവര്‍ണര്‍ ലഫ്.ജന.(റിട്ട.)സയീദ് അത ഹസ്‌നെയിന്‍, വിദേശകാര്യസഹമന്ത്രി പബിത്ര മാര്‍ഗരറ്റ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖൂര്‍ഷിദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.

ജൂലൈ ആറിന് ഇമാം ഹുസൈന്‍ ചത്വരത്തില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര പത്ത് കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടായിരുന്നു. ഖമനേയി വെള്ളിയാഴ്‌ചകളില്‍ പ്രസംഗം നടത്താറുണ്ടായിരുന്ന ടെഹറാന്‍ സര്‍വകലാശാല വഴി വിലാപയാത്ര കടന്നു പോയി. ആസാജി ചത്വരത്തിലാണ് യാത്ര അവസാനിച്ചത്.

