ആണവായുധം ഉപേക്ഷിക്കില്ലെന്ന് ഇറാൻ; ചർച്ചയ്ക്ക് തയാറെന്ന് ഡൊണാൾഡ് ട്രംപ്
ഇറാനുമായുള്ള പ്രശ്നപരിഹാരത്തിൽ വലിയ പുരോഗതിയുണ്ടായതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

By ANI
Published : August 6, 2026 at 11:40 AM IST
വാഷിങ്ടൺ: അമേരിക്കയും ഇസ്രയേലും ആണവായുധങ്ങൾ ഉപേക്ഷിക്കാതെ തങ്ങളും പിന്മാറില്ലെന്ന് ഇറാൻ. അമേരിക്കയും ഇസ്രയേലും ആണവായുധങ്ങൾ കൈവശം വയ്ക്കുന്നിടത്തോളം കാലം തങ്ങളുടെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ആണവായുധ നിർമാണം തുടരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ ഇൻ ചീഫ് അഹ്മദ് വാഹിദി വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയാറായാൽ മാത്രമേ ഇറാനും അതിന് മുതിരുകയുള്ളൂവെന്ന് അഹ്മദ് വാഹിദി പറഞ്ഞു. ഇസ്രയേൽ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ആണവ ബോംബ് നിർമിക്കാനുള്ള ഇറാൻ്റെ നീക്കങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമായാണ് അഹ്മദ് വാഹിദിയുടെ വാക്കുകളെ ഇസ്രയേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാൻ്റെ ഈ പ്രഖ്യാപനം വലിയ ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്.
ചർച്ചയ്ക്ക് തയാറായി ഇറാൻ
അതേസമയം ഇറാനുമായുള്ള പ്രശ്നപരിഹാരത്തിൽ വലിയ പുരോഗതിയുണ്ടായതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ചർച്ചകൾക്കായി ഇറാൻ അമേരിക്കയെ സമീപിച്ചിട്ടുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും ഫോക്സ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചലസിൽ നിന്ന് ലാസ് വെഗാസിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെടുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും 48 മണിക്കൂറിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാൻ സാധിക്കുമെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
ചർച്ചകൾക്ക് താത്പര്യം പ്രകടിപ്പിച്ച് ഇറാൻ ഉദ്യോഗസ്ഥർ അമേരിക്കയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായി ഒരു കരാറിലെത്താൻ ഇറാൻ ശ്രമിക്കുന്നത് അവരുടെ ബുദ്ധിപരമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. അവർ തന്നെ വിളിച്ച് സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ രസകരമായ കാര്യം അവർ ഇക്കാര്യം പുറത്തുപറയുന്നില്ല എന്നതാണ്. ഒരു കരാറിലെത്താൻ അവർ കാണിക്കുന്ന താത്പര്യം വളരെ മികച്ചതാണെന്നും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഡൊണാൾഡ് ട്രംപ് വിശദീകരിച്ചു.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും
ഇറാനും ഒമാനുമായുള്ള കരാറിൻ്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള താത്കാലിക കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്ന തൻ്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. തന്ത്രപ്രധാനമായ ജലപാത വീണ്ടും തുറക്കുന്നത് നിലവിലെ നയതന്ത്ര ശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും അവർക്കതിന് സാധിക്കില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, അല്ലെങ്കിൽ അവർക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. അതിനുശേഷം കടലിടുക്ക് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള 14 ഇന ധാരണാപത്രം കഴിഞ്ഞ മാസം തകർന്നതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ വലിയ സംഘർഷമാണ് നിലനിൽക്കുന്നത്. ഇത് വീണ്ടും തുറക്കുന്നതിനായി അമേരിക്കയും ഇറാനും ഒമാനും ഒരു താത്കാലിക കരാറിലെത്താൻ സാധ്യതയുണ്ടെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. രണ്ട് പ്രാദേശിക വൃത്തങ്ങളെയും ഒരു യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചാണ് ആക്സിയോസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

