ഇറാനില്‍ പ്രക്ഷോഭം കത്തുന്നു; 'പ്രതിഷേധക്കാര്‍ ദൈവത്തിന്‍റെ ശത്രുക്കള്‍', വധശിക്ഷാ മുന്നറിയിപ്പുമായി ഭരണകൂടം
പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിഷേധമായി തുടങ്ങിയ സമരം പെട്ടെന്നുതന്നെ മതഭരണകൂടത്തിന്‍റെ അന്ത്യം കുറിക്കണമെന്ന രാഷ്ട്രീയ പ്രക്ഷോഭമായി മാറുകയായിരുന്നു.

Published : January 10, 2026 at 7:35 PM IST
ദുബായ്: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം പടരുന്നതിനിടെ പ്രക്ഷോഭകർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് രംഗത്ത്.
പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെ 'ദൈവത്തിന്‍റെ ശത്രുക്കൾ' ആയി കണക്കാക്കുമെന്നും ഇവർക്കെതിരെ വധശിക്ഷ ചുമത്തുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
ഇതിന് പിന്നാലെ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്‌സ് ശനിയാഴ്ച കടുത്ത ജാഗ്രത പ്രഖ്യാപിക്കുകയും പൊതുമുതൽ സംരക്ഷിക്കുമെന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്തു. പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിഷേധമായി തുടങ്ങിയ സമരം പെട്ടെന്നുതന്നെ മതഭരണകൂടത്തിന്‍റെ അന്ത്യം കുറിക്കണമെന്ന രാഷ്ട്രീയ പ്രക്ഷോഭമായി മാറുകയായിരുന്നു.
🚨🇮🇷 JUST IN: Iranian police arrest key instigators behind the Abadan riots in Khuzestan.
— WAR (@warsurveillance) January 10, 2026
Rioters plead: “I was tricked, I’m deeply sorry.”
Judiciary vows zero leniency — they had been warned three days ago. pic.twitter.com/45JMLrfRCr
അതേസമയം, പ്രക്ഷോഭകർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്തെത്തിയിട്ടുണ്ട്. ഇറാനിലെ ധീരരായ ജനങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് മാർക്കോ റൂബിയോ പ്രസ്താവിച്ചു. പ്രക്ഷോഭകർ കൊല്ലപ്പെട്ടാൽ അമേരിക്ക ഇടപെടുമെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, മുൻ ഷാ ഭരണാധികാരിയുടെ മകൻ പ്രക്ഷോഭകർ നഗരകേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ തയ്യാറെടുക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തു. ദേശീയ ചിഹ്നങ്ങളും പതാകകളുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ തെരുവിലിറങ്ങാനാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്.
ഹമദാൻ, മഷ്ഹദ്, തെഹ്‌റാൻ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഖമേനിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും ഷാ ഭരണകാലത്തെ പതാകകൾ വീശിയും ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്.
പ്രക്ഷോഭം അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ഇറാനിൽ കഴിഞ്ഞ 36 മണിക്കൂറിലധികമായി രാജ്യവ്യാപകമായി ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഇന്‍റർനെറ്റ് തടയുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് പ്രശസ്ത ഇറാനിയൻ ചലച്ചിത്ര പ്രവർത്തകരായ ജാഫർ പനാഹിയും മുഹമ്മദ് റസൂലോഫും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
അക്രമങ്ങളെ ലോകശ്രദ്ധയിൽ നിന്ന് മറയ്ക്കാനാണ് അധികൃതർ ഇത്തരം മർദ്ദനമുറകൾ സ്വീകരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തിന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ സൈന്യം ആവർത്തിച്ചു.
ശത്രുക്കളുടെ ഗൂഢാലോചനകൾ തകർക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങളിൽ ഇതിനകം നിരവധി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്. അമേരിക്കയും ഇസ്രായേലുമാണ് കലാപങ്ങൾക്ക് പിന്നിലെന്ന് ഇറാൻ ആരോപിക്കുന്നു.
Also Read: മഡൂറോയ്‌ക്ക് സദ്ദാം ഹുസൈൻ്റെ ഗതി വരുമോ? നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ച് മുൻ അംബാസഡര്‍

