ഫുജൈറയിലെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; യുഎഇയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ
യുഎഇയുടെ കിഴക്കൻ കടൽത്തീരത്ത് അടുത്തിടെ നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പ്രതികാര നടപടിയായി ഇറാനെതിരെ ആക്രമണം നടത്തുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിരുന്നു.

By ANI
Published : May 6, 2026 at 9:58 AM IST
ടെഹ്‌റാൻ: യുഎഇയുടെ കിഴക്കൻ തീരത്തെ തന്ത്രപ്രധാനമായ ഊർജ കേന്ദ്രമായ ഫുജൈറയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഇറാൻ. യുഎഇ നൽകിയ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ. സ്വന്തം മണ്ണിൽനിന്ന് ഇറാനെതിരെ എന്തെങ്കിലും നീക്കമുണ്ടായാൽ യുഎഇ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രാജ്യം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാൻ്റെ ഔദ്യോഗിക വാർത്താവിതരണ ഏജൻസിയായ ഐആർഐബിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇക്ക് നേരെ ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ സായുധ സേന യാതൊരുവിധ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടില്ലെന്ന് ഉന്നത ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ വക്താവ് വ്യക്തമാക്കി.
അമേരിക്ക, ഇസ്രയേൽ തുടങ്ങിയ വിദേശ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യുഎഇ ഭരണകൂടത്തിൻ്റെ നടപടികളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. യുഎഇക്ക് നേരെ സൈനിക നീക്കം നടത്തിയിരുന്നെങ്കിൽ അത് വളരെ വ്യക്തമായിത്തന്നെ പ്രഖ്യാപിക്കുമായിരുന്നുവെന്നും അതിനാൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകളിൽ യാതൊരു സത്യവുമില്ലെന്നും വക്താവ് വിശദീകരിച്ചു. ഇറാൻ്റെ കരസേനയും ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സും തമ്മിലുള്ള സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്ന ഏറ്റവും ഉയർന്ന ജനറൽ കമാൻഡ് യൂണിറ്റാണ് ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ്.
യുഎഇ വിദേശ ശക്തികളുടെ താവളമാകുന്നു
യുഎഇ ഇപ്പോൾ വിദേശ സൈനിക സാന്നിധ്യത്തിൻ്റെ പ്രധാന താവളമായി മാറിയിരിക്കുകയാണെന്നും ഇത് സ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്നും ഇറാൻ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും ഒഴിവാക്കണം. ഇവ അന്താരാഷ്ട്ര തലത്തിൽ പ്രശ്നങ്ങൾ രൂക്ഷമാക്കാനേ ഉപകരിക്കൂവെന്നും ഇത്തരം നീക്കങ്ങൾ സംഘർഷം പരിഹരിക്കാൻ സഹായിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഒരു ഇസ്ലാമിക രാജ്യമെന്ന നിലയിൽ സിയോണിസ്റ്റുകൾക്കും അമേരിക്കൻ സൈന്യത്തിനും സങ്കേതമൊരുക്കി യുഎഇ ഇസ്‌ലാമിക ലോകത്തെയും മുസ്‌ലിംകളെയും വഞ്ചിക്കരുത്. അമേരിക്കയുടെയും സിയോണിസ്റ്റുകളുടെയും കെണിയിൽ വീഴാതെ അവിശ്വാസികൾക്കെതിരെ പോരാടുകയാണ് വേണ്ടത്. അതിന് പകരം ഇറാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും മാധ്യമങ്ങളിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ഉദ്യോഗസ്ഥർ ശക്തമായി ഓർമ്മിപ്പിച്ചു.
ആക്രമിച്ചാൽ കനത്ത തിരിച്ചടി
യുഎഇയിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഇറാൻ ഇതുവരെ സംയമനം പാലിച്ചത്. എന്നാൽ യുഎഇയുടെ പരിധിയിൽനിന്ന് ഇറാൻ്റെ ദ്വീപുകൾ, തുറമുഖങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയ്ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ പിന്നീട് ദുഃഖിക്കേണ്ടി വരുന്ന തരത്തിലുള്ള കനത്ത തിരിച്ചടി നൽകുമെന്നും വക്താവ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ പ്രതികരണം
ഇറാൻ്റെ ഭാഗത്തുനിന്ന് നിർവിഘ്നം വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചിരുന്നു. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അകപ്പെട്ടതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാൻ്റെ നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യയും രംഗത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാധാരണ ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങൾക്കൊപ്പം ചേർന്ന് ഇന്ത്യയും ആവശ്യപ്പെട്ടു. നിരപരാധികളെ ലക്ഷ്യമിടുന്ന ഇത്തരം നീക്കങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും പ്രസ്താവനയിലൂടെ വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ചകളാണ് ആവശ്യമെന്ന് ഇന്ത്യ തങ്ങളുടെ മുൻ നിലപാട് ആവർത്തിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാനിൽനിന്ന് യുഎഇയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമാക്കി നാല് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം കണ്ടെത്തിയത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കേട്ട വലിയ ശബ്ദങ്ങൾ ഈ മിസൈലുകളെ വിജയകരമായി തടഞ്ഞതിൻ്റെ ഫലമായി ഉണ്ടായതാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ALSO READ: സ്ഫോടനത്തിൽ 3 ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് കേന്ദ്രസർക്കാർ

