ETV Bharat / international

അമേരിക്ക-ഇറാൻ സമാധാന ചർച്ച നാളെ; 10 അംഗ ഇറാൻ പ്രതിനിധി സംഘം ഇന്ന് ഇസ്‌ലാമാബാദിലെത്തും

എല്ലാ തർക്കങ്ങളും പരിഹരിച്ച് അന്തിമ കരാറിലെത്തുന്നതിനായി അമേരിക്ക, ഇറാൻ പ്രതിനിധി സംഘങ്ങളെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് രാജ്യത്തിൻ്റെ പ്രതിനിധികളെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചത്

PAK IRAN DELEGATION  CRUCIAL PARLEYS IN PAKISTAN  IRAN US DELEGATION IN US  WEST ASIA CONFLICT
Smoke rises following several Israeli airstrikes in Beirut, Lebanon (AP)
author img

By PTI

Published : April 9, 2026 at 2:24 PM IST

2 Min Read
Choose ETV Bharat

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി 10 അംഗ ഇറാൻ പ്രതിനിധി സംഘം വ്യാഴാഴ്‌ച പാകിസ്ഥാനിലെത്തും. ഇതോടെ സമാധാന ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. വെള്ളിയാഴ്‌ച ഇസ്‌ലാമാബാദിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച നടക്കുന്നത്.

സമാധാന നീക്കം

പാകിസ്ഥാൻ്റെ നിർദേശപ്രകാരം ഇറാനുമായി രണ്ടാഴ്‌ചത്തെ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ തർക്കങ്ങളും പരിഹരിച്ച് അന്തിമ കരാറിലെത്തുന്നതിനായി അമേരിക്ക, ഇറാൻ പ്രതിനിധി സംഘങ്ങളെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചത്. ഏപ്രിൽ 10ന് നടക്കുന്ന ചർച്ചയ്ക്കായി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പാകിസ്ഥാനിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇവർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഇറാൻ്റെ നിലപാട്

പാകിസ്ഥാനിലെ ഇറാൻ സ്ഥാനപതി റെസ അമീരി മൊഗാദമാണ് ഇറാൻ്റെ പങ്കാളിത്തം സ്ഥിരീകരിച്ചത്. എന്നാൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തിയതിനാൽ സമാധാന ചർച്ചകളിൽ ഇറാൻ ജനതയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര നീക്കങ്ങൾ അട്ടിമറിക്കാനാണ് ഇസ്രയേൽ നിരന്തരം ശ്രമിക്കുന്നത്. എങ്കിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ക്ഷണപ്രകാരം ഇറാൻ പ്രതിനിധി സംഘം ഇസ്‌ലാമാബാദിലെത്തുമെന്നും ഇറാൻ മുന്നോട്ടുവച്ച 10 വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാകും ചർച്ചകൾ നടക്കുകയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തിയ പുതിയ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറലും ശക്തമായി അപലപിച്ചു.

നയതന്ത്ര ചർച്ചകൾ

യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനും ഷെഹ്ബാസ് ഷെരീഫും ബുധനാഴ്‌ച ചർച്ച നടത്തിയിരുന്നു. ഇതിന് പുറമെ പാകിസ്ഥാൻ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും ഫോണിലൂടെ സംസാരിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പാകിസ്ഥാൻ നടത്തുന്ന നിരന്തര ശ്രമങ്ങളെ അബ്ബാസ് അരാഗ്ചി അഭിനന്ദിച്ചു.

വെടിനിർത്തൽ നടപ്പിലാക്കുന്നതിൽ പാകിസ്ഥാൻ്റെ ക്രിയാത്മകമായ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയും നിരവധി ഉന്നത സൈനിക കമാൻഡർമാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇറാൻ നടത്തിയ ശക്തമായ പ്രത്യാക്രമണം ഗൾഫ് മേഖലയിലാകെ യുദ്ധം വ്യാപിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകളിലേക്ക് തിരിയുന്നത്.

Also Read: വെടിനിർത്തൽ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി ഇറാൻ്റെ കർശന മുന്നറിയിപ്പ്