ETV Bharat / international

വെടിനിർത്തൽ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി ഇറാൻ്റെ കർശന മുന്നറിയിപ്പ്

'ഏത് നിമിഷവും പ്രതിരോധത്തിലേക്ക് തിരിയാൻ മടിക്കില്ല', വെടിനിർത്തൽ ധാരണ കാറ്റിൽപ്പറത്തിയ ഇസ്രയേലിന് ഇറാൻ്റെ താക്കീത്

IRAN BLAMES ISRAEL  IRAN OVER LEBANON ATTACK  HORMUZ WARNINGS OF IRAN  US ISRAEL IRAN ATTACK
US ISRAEL IRAN ATTACK (ANI)
author img

By ANI

Published : April 9, 2026 at 1:22 PM IST

2 Min Read
Choose ETV Bharat

ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ ലംഘിച്ചതിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി ഇറാൻ. താത്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും ലെബനനിൽ ഇസ്രയേൽ നടത്തിയ സൈനിക നീക്കങ്ങളാണ് ഇറാനെ പ്രകോപിപ്പിച്ചത്. കരാർ ലംഘിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കുമെന്നും ഇസ്രയേലിന് ഇറാൻ കർശന മുന്നറിയിപ്പ് നൽകി.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച പ്രഖ്യാപിച്ച 14 ദിവസത്തെ വെടിനിർത്തൽ നിലനിൽക്കെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾ കടന്നുപോകുന്നത് ഇറാൻ നിർത്തിവച്ചതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്‌തു.

ആഗോള എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന ജലപാതയായ ഹോർമുസ് അടച്ചത് ആഗോള ഊർജ വിതരണത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് വഴിവച്ചു. ലോക വിപണിയിൽ എണ്ണവില കുതിച്ചുയരാൻ ഇത് കാരണമാകും. ലെബനനിൽ ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ തുടരുന്നത് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായുള്ള ഇസ്രയേൽ ആക്രമണങ്ങൾ കരാർ തകരുന്നതിനും ഹോർമുസ് കടലിടുക്കിൽ വീണ്ടും സായുധ സംഘർഷമുണ്ടാകുന്നതിനും കാരണമാകുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയും റിപ്പോർട്ട് ചെയ്‌തു.

ഇസ്രയേലിന് മുന്നറിയിപ്പ്

ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ടെന്നും ഏത് നിമിഷവും സമഗ്രമായ പ്രതിരോധത്തിലേക്ക് തിരിയാൻ മടിക്കില്ലെന്നും ഇറാൻ സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ലെബനനെയും ഇറാനെയും ഒരേസമയം ആക്രമിക്കുന്നത് താത്കാലിക വെടിനിർത്തൽ കരാറിൻ്റെ വില വർധിപ്പിക്കുകയാണ്.

മധ്യസ്ഥത വഹിക്കുന്ന രാജ്യം ഇടപെട്ട് ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ തയാറാകണം. വെടിനിർത്തൽ പൂർണമായി തകർന്നാൽ പ്രത്യാഘാതം വലുതായിരിക്കും. ഈ സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ നിർബന്ധിതരാകും. സമാധാന ശ്രമങ്ങൾ തകർന്നാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം സിയോണിസ്റ്റ് ഭരണകൂടത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനനിൽ കനത്ത നാശം

അതേസമയം ബുധനാഴ്‌ച ലെബനനിലുടനീളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 800ലധികം പേർക്ക് പരിക്കേറ്റു. ലെബനനിലെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. റോറിങ് ലയൺ എന്ന പേരിൽ ആരംഭിച്ച സൈനിക ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ ഏറ്റവും വലിയ ഏകോപിത ആക്രമണമാണിത്.

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലായി 100ലധികം ഹിസ്ബുല്ല കമാൻഡ് സെൻ്ററുകളും സൈനിക കേന്ദ്രങ്ങളും ഇസ്രയേൽ സൈന്യം തകർത്തു. ഹിസ്ബുല്ലയ്ക്ക് എതിരായ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്നും എല്ലാ അവസരങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. വടക്കൻ ഇസ്രയേലിലെ പൗരന്മാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ലക്ഷ്യം കാണുംവരെ ആക്രമണം തുടരുമെന്നും ഐഡിഎഫ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ പറഞ്ഞു.

Also Read:'ഇത് യുദ്ധത്തിൻ്റെ അവസാനമല്ല, താത്കാലിക ഇടവേള മാത്രം'; ഇറാൻ്റെ ആണവമോഹങ്ങൾ തകർക്കുമെന്ന് നെതന്യാഹു