ഇറാനിൽ ആണവ ചോർച്ച? നതാൻസ് ആക്രമിച്ചെന്ന് ഇറാൻ, ശക്തമായ മുന്നറിയിപ്പ്; വാദം തള്ളി ഐഎഇഎ
ഇറാൻ്റെ സമാധാനപരമായ ആണവ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഈ ആക്രമണം നടന്നതെന്ന് റെസ നജാഫി ആരോപിച്ചു. നതാൻസിലെ പ്ലാൻ്റിൻ്റ് എത്രത്തോളം നാശനഷ്‌ടങ്ങൾ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല.

Published : March 2, 2026 at 5:18 PM IST
ടെഹ്‌റാൻ: ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക ആക്രമണം നടത്തിയതായി ഇറാൻ. യുറേനിയം സമ്പുഷ്‌ടീകരണ പ്ലാൻ്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും ആണവ ചോർച്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
വിയന്നയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ യോഗത്തിലാണ് ഇറാൻ പ്രതിനിധി റെസ നജാഫി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ ഇറാൻ്റെ അവകാശവാദത്തിന് തെളിവില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷക സമിതിയുടെയും ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെയും വാദം.
ഇറാൻ്റെ സമാധാനപരമായ ആണവ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഈ ആക്രമണം നടന്നതെന്ന് റെസ നജാഫി ആരോപിച്ചു. നതാൻസിലെ പ്ലാൻ്റിൻ്റ് എത്രത്തോളം നാശനഷ്‌ടങ്ങൾ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൻ്റെ ഭാഗമായാണ് ആക്രമണമെന്നാണ് വിവരം. ഇറാൻ്റെ ആണവ ശേഷിയെ പൂർണമായും ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഇന്നലെ വീണ്ടും അവർ ഇറാൻ്റെ സമാധാനപരമായ സുരക്ഷിതമായ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന അവരുടെ ന്യായീകരണം ഒരു വലിയ നുണയാണ്," - ഇറാൻ പ്രതിനിധി റെസ നജാഫി പറഞ്ഞു.
തൻ്റെ രാജ്യത്തിനെതിരായ ആക്രമണങ്ങൾ നിയമവിരുദ്ധവും കുറ്റകരവും ക്രൂരവുമാണെന്ന് നജാഫി ആരോപിച്ചു. കൂടാതെ 35 അംഗ ഐഎഇഎ ബോർഡ് ഓഫ് ഗവർണർമാരുടെ സംസ്ഥാനങ്ങൾ ആക്രമണങ്ങളെ ശക്തമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം മൂലമുണ്ടായ ആശയവിനിമയത്തിലെ പരിമിതികൾ കണക്കിലെടുത്ത്, ഐഎഇഎ ഇറാനിയൻ ആണവ നിയന്ത്രണ അധികാരികളെ നിരന്തരം ബന്ധപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി ഇതുവരെ ഒരു സൂചനയും ഇല്ലെന്നാണ് യുഎൻ ആണവ നിരീക്ഷണ മേധാവി വ്യക്തമാക്കിയത്. റഷ്യയുടെ അഭ്യർഥനപ്രകാരമാണ് വിയന്നയിലെ ഐഎഇഎ ആസ്ഥാനത്ത് യോഗം ചേർന്നത്.
അതേസമയം ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തെത്തുടർന്നുണ്ടായ വ്യോമ ഭീഷണികളെ വിജയകരമായി തടഞ്ഞതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം സൈന്യം ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകൾ, രണ്ട് ക്രൂയിസ് മിസൈലുകൾ, 541 ഇറാനിയൻ ഡ്രോണുകൾ എന്നിവയെ വിജയകരമായി നിർവീര്യമാക്കിയെന്ന് യുഎഇ മന്ത്രാലയം സ്ഥിരീകരിച്ചു.
നിലവിൽ, പശ്ചിമേഷ്യയുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സൈനിക നീക്കം കാരണം വിമാന സർവീസുകൾ തടസപ്പെട്ടതിനാൽ, നൂറുകണക്കിന് ഇന്ത്യക്കാർ ദുബായ്, ദോഹ, മേഖലയിലെ മറ്റ് പ്രധാന വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പലരും ഇന്ത്യൻ സർക്കാരിനോട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി സഹായം അഭ്യർഥിക്കുന്നുമുണ്ട്.
Also Read: ഇറാൻ- യുഎസ് സംഘർഷം ഇന്ധനവിലയെ ബാധിക്കുമോ? ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ വിശദമാക്കുന്നു

