ഇറാനിൽ പടരുന്ന പ്രതിഷേധം; ഇന്ത്യൻ പൗരന്മാർ സുരക്ഷിതരെന്ന് ഇറാൻ അംബാസഡർ
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ വിവിധ നഗരങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം യാത്രാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അംബാസഡറുടെ വിശദീകരണം.

Published : January 6, 2026 at 6:07 PM IST
ന്യൂഡല്‍ഹി: ഇറാനിലെ നിലവിലെ സാഹചര്യം പൂർണമായും നിയന്ത്രണവിധേയമാണെന്നും അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ വിവിധ നഗരങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം യാത്രാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അംബാസഡറുടെ വിശദീകരണം. കഴിഞ്ഞ ഡിസംബർ 28-ന് ടെഹ്‌റാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ്, ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യ നിർദ്ദേശിച്ചത്.
എന്നാൽ രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കിയിട്ടുണ്ടെന്നും നയതന്ത്ര, സാമ്പത്തിക, കോൺസുലർ പ്രവർത്തനങ്ങൾ തടസമില്ലാതെ നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫതാലി ഉറപ്പുനൽകി.
സമാധാനപരമായി പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഇറാൻ മാനിക്കുന്നുണ്ടെന്നും, ജനങ്ങളുടെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണെന്ന് ഇറാൻ പ്രസിഡന്‍റ് അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചില വിദേശ മാധ്യമങ്ങളും ബാഹ്യശക്തികളും ഇറാനിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്കൻ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഒസിഐ (OCI) കാർഡുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശത്തിൽ പറയുന്നു. പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരന്തരം ശ്രദ്ധിക്കാനും നിർദ്ദേശമുണ്ട്.
ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇതുവരെയും ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ പേര് വിവരങ്ങൾ സമർപ്പിക്കണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇറാനിൽ വിലക്കയറ്റത്തിനും കടുത്ത നാണയപ്പെരുപ്പത്തിനുമെതിരെ തുടരുന്ന ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമാവുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, പ്രക്ഷോഭകാരികളെ ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചാൽ ഇടപെടുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് കടുത്ത മറുപടിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണികൾക്ക് ഇറാൻ വഴങ്ങില്ലെന്നും രാജ്യത്തെ കലാപകാരികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര പ്രശ്നങ്ങളെ വിദേശശക്തികൾ രാഷ്ട്രീയ ആയുധമാക്കാൻ നോക്കേണ്ടതില്ലെന്ന കർശന നിലപാടിലാണ് ഇറാൻ നേതൃത്വം.
Also Read: ഇറാനിലെ സാമ്പത്തിക പ്രക്ഷോഭം; 35 മരണം, 1200 പേര്‍ തടങ്കലില്‍

