ETV Bharat / international

നേപ്പാൾ പ്രളയം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയാൻ മാർഗനിർദേശങ്ങളുമായി എംബസി

ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോട്ടോകളും മറ്റ് വിവരങ്ങളും പരിശോധിച്ച് ബന്ധുക്കൾക്ക് മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കും

NEPAL FLOOD UPDATES  NEPAL INDIAN EVACUATION  NEPAL MORTAL REMAINS IDENTIFICATION  INDIAN EMBASSY COLLECT DNA PROFILES
ദുരന്ത മുഖത്ത് നിന്നും (AP)
author img

By ANI

Published : September 1, 2026 at 11:26 AM IST

2 Min Read
Choose ETV Bharat

കാഠ്മണ്ഡു: നേപ്പാളിൽ ഓഗസ്റ്റ് 26നുണ്ടായ വിനാശകരമായ പ്രളയത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശങ്ങൾ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. ഇരകളുടെ ബന്ധുക്കൾക്ക് ഫോട്ടോകൾ വഴിയോ ഡിഎൻഎ പരിശോധനയിലൂടെയോ മൃതദേഹങ്ങൾ തിരിച്ചറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി
നേപ്പാൾ പൊലീസിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോട്ടോകളും മറ്റ് വിവരങ്ങളും പരിശോധിച്ച് ബന്ധുക്കൾക്ക് മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കും. ഇതിന് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് എംബസി ആവശ്യമായ നടപടികൾ സ്വീകരിക്കും.

വിദേശ പൗരന്മാരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് നേപ്പാൾ സർക്കാർ കർശനമായ നടപടിക്രമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൃതദേഹങ്ങളുടെ രേഖകൾ, ഫോട്ടോകൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മരണകാരണം വ്യക്തമാക്കുന്ന രേഖകൾ എന്നിവ ഇതിനായി ആവശ്യമാണ്.

NEPAL FLOOD UPDATES  NEPAL INDIAN EVACUATION  NEPAL MORTAL REMAINS IDENTIFICATION  INDIAN EMBASSY COLLECT DNA PROFILES
ദുരന്ത മുഖത്ത് നിന്നും (AP)

കൂടാതെ വിരലടയാളം, ഡിഎൻഎ അല്ലെങ്കിൽ ഫൊറൻസിക് സാംപിളുകൾ, മരിച്ചയാളുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ എന്നിവയും പരിശോധിക്കും. എംബസിയുടെ ഏകോപനം പൂർത്തിയാക്കി ഔദ്യോഗിക രേഖകൾ കൈമാറിയതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടുനൽകുകയുള്ളൂ എന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നേപ്പാൾ പൊലീസിൻ്റെ https://udb.nepalpolice.gov.np/disaster?&count=4188&page 1 എന്ന വെബ്സൈറ്റ് ലിങ്ക് വഴി മരിച്ചവരുടെ വിവരങ്ങളും ഫോട്ടോകളും ലഭ്യമാണ്. ഇതുവഴി ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞാൽ, അത് നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായങ്ങളും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നൽകും. അതേസമയം പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി നേപ്പാൾ സർക്കാർ നിരവധി മൃതദേഹങ്ങൾ താത്കാലികമായി സംസ്കരിച്ചിട്ടുണ്ട്. ഇത്തരം മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നിർബന്ധമാണ്.

ഡിഎൻഎ പരിശോധന
മൃതദേഹങ്ങൾ താത്കാലികമായി സംസ്കരിച്ച സാഹചര്യത്തിലോ, മറ്റ് രീതികളിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലോ ഡിഎൻഎ പരിശോധനയ്ക്കായി ബന്ധുക്കൾക്ക് അവരുടെ രക്ത സാംപിളുകളോ ഡിഎൻഎ പ്രൊഫൈലുകളോ നൽകാം. ഇതിനായി നേപ്പാൾ അധികൃതർ മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് വരികയാണ്. മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് dnacodis@nepalpolice.gov.np എന്ന ഇമെയിൽ വിലാസത്തിലേക്ക് ഡിഎൻഎ പ്രൊഫൈലുകൾ അയക്കാം. അല്ലെങ്കിൽ നേപ്പാൾ അധികൃതർ ആവശ്യപ്പെടുന്ന പ്രാഥമിക വിവരങ്ങൾക്കൊപ്പം രക്ത സാംപിളുകൾ നേരിട്ട് നൽകാനും സാധിക്കും. ഇന്ത്യൻ എംബസിയുടെ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഈ വിവരങ്ങളുടെ പകർപ്പ് eoikathmandufloodsupport@gmail.com എന്ന ഇമെയിലിലേക്കും അയക്കേണ്ടതാണ്. ഡിഎൻഎ പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://www.nepalpolice.gov.np/ എന്ന വെബ്സൈറ്റിലും +977 9841 6160 95 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ലഭ്യമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓഗസ്റ്റ് 26ന് റസുവയിലുണ്ടായ അതിശക്തമായ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 939 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ചിറ്റ്‌വാൻ മേഖലയിൽ നിന്ന് 279 മൃതദേഹങ്ങളും, നവൽപരാസി ഈസ്റ്റിൽ നിന്ന് 216 മൃതദേഹങ്ങളും കണ്ടെടുത്തു.

നവൽപരാസി വെസ്റ്റ് (168), ഗൂർഖ (65), ധാഡിങ് (55), തനഹുൻ (38), റസുവ (23) എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് മൃതദേഹങ്ങൾ ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 592 വിദേശ പൗരന്മാർ ഉൾപ്പെടെ 3,925 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിനോടകം 11,379 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിയ 158 ഇന്ത്യൻ പൗരന്മാരെ ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

Also Read:നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം 950 കടന്നു; 158 ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം