ETV Bharat / international

ഇന്ത്യ-ഇന്തോനേഷ്യ ബന്ധം കൂടുതൽ ശക്തമാകും; നിർണായക കരാറുകളിൽ ഒപ്പുവച്ച് ഇരു രാജ്യങ്ങളും

2025 ജനുവരിയിൽ നടന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു

prabowo subianto  prambanan temple  iim bangalore indonesia  brahmos missile indonesia
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയും ജക്കാർത്തയിൽ (ANI)
author img

By ANI

Published : July 8, 2026 at 10:10 AM IST

4 Min Read
Choose ETV Bharat

ജക്കാർത്ത: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിൻ്റെ ഭാഗമായി പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രതിരോധം, സാമ്പത്തികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കി.

2025 ജനുവരിയിൽ നടന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ജൂലൈ ആറ് മുതൽ എട്ട് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ലായി മാറി. ജക്കാർത്തയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇന്തോനേഷ്യൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, യോഗ്യകർത്തയിലെ യുനെസ്കോ പൈതൃക കേന്ദ്രമായ പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പ്രസിഡൻ്റിനൊപ്പം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.

പ്രതിരോധം, സമുദ്ര സുരക്ഷ
പ്രതിരോധ മേഖലയിലെ സഹകരണം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. സംയുക്ത സൈനികാഭ്യാസം, പ്രതിരോധ ഗവേഷണം, പുതിയ സാങ്കേതികവിദ്യകളുടെ നിർമാണം, ഹൈഡ്രോഗ്രഫി, സമാധാന ദൗത്യങ്ങൾ, വിവര കൈമാറ്റം, പ്രതിരോധ വ്യവസായം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രഹ്മോസ് മിസൈൽ സംവിധാനം, എയർ ടു എയർ മിസൈൽ സഹകരണ കരാർ എന്നിവയിലൂടെ പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കും.

സമുദ്ര സുരക്ഷ, തീരദേശ നിരീക്ഷണം, ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയിലും സഹകരണം ഉറപ്പാക്കി. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട ധാരണാപത്രം പുതുക്കാനും, ഇന്തോനേഷ്യയുടെ ബകാംലയും ഇന്ത്യൻ കോസ്റ്റ് ഗാർഡും തമ്മിലുള്ള സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. ഗുരുഗ്രാമിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്ററിൽ ഇന്തോനേഷ്യൻ ലെയ്സൺ ഓഫിസറെ നിയമിക്കാനും ധാരണയായി.

ഭീകരവാദത്തെ ശക്തമായി അപലപിച്ച നേതാക്കൾ, ഇതിനെതിരെ ആഗോള തലത്തിൽ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയുടെ 1267 ഉപരോധ പട്ടികയിലുള്ള ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് തടയാനും സൈബർ സുരക്ഷ ഉറപ്പാക്കാനും സംഘടിത കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. പുതിയ സാങ്കേതികവിദ്യകൾ ഭീകരർ ദുരുപയോഗം ചെയ്യുന്നത് തടയാനും തീരുമാനിച്ചു.

സാമ്പത്തികം, വാണിജ്യം
ഉഭയകക്ഷി ബന്ധത്തിൽ വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള പ്രാധാന്യം നേതാക്കൾ എടുത്തുകാട്ടി. ആസിയാൻ ഇന്ത്യ വ്യാപാര കരാറിൻ്റെ അവലോകനം വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. സാമ്പത്തികം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നിർണായക ധാതുക്കൾ, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും പിടി ക്രാക്കറ്റൗ സ്റ്റീലും ചേർന്ന് ഇന്തോനേഷ്യയിൽ സ്റ്റെയിൻലെസ് സ്റ്റീൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ സാധ്യത തേടും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഇന്തോനേഷ്യയും തമ്മിൽ പ്രാദേശിക കറൻസിയിലുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കും.

ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഭക്ഷ്യസുരക്ഷ, ഊർജം, വളം എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, മെഡിക്കൽ ഉത്പന്നങ്ങളുടെ നിയന്ത്രണം എന്നിവയിലും ധാരണയായി. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എൽഎൻജി, ബയോ എനർജി, ഊർജ കാര്യക്ഷമത എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കും. സമുദ്ര, വ്യോമ ഗതാഗതം മെച്ചപ്പെടുത്താനും തീരുമാനിച്ചു. സബാംഗ് തുറമുഖത്തിൻ്റെ വികസനത്തിൽ പങ്കാളിയാകാനുള്ള ഇന്ത്യയുടെ താത്പര്യം ഇന്തോനേഷ്യ സ്വാഗതം ചെയ്തു. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഇന്തോനേഷ്യയിലെ സുമാത്രയും തമ്മിലുള്ള ബന്ധം ശക്തമാക്കും. ഇന്ത്യയുടെ ഒഎൻഡിസി മാതൃകയിലുള്ള ഇന്തോനേഷ്യയുടെ ഓപ്പൺ നെറ്റ്‌വർക്ക് സംരംഭത്തെയും അതിർത്തി കടന്നുള്ള ക്യുആർ പേയ്‌മെൻ്റ് സംവിധാനത്തെയും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ധാരണാപത്രത്തെയും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം
ഐഎസ്ആർഒയും ഇന്തോനേഷ്യയുടെ നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസിയും തമ്മിലുള്ള സഹകരണം തുടരും. ബഹിരാകാശത്തിൻ്റെ സമാധാനപരമായ ഉപയോഗത്തിനുള്ള കരാർ നീട്ടാനും ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. ഇന്തോനേഷ്യൻ ഉപഗ്രഹ വിക്ഷേപണത്തിനും അവിടെ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിനും ഇന്ത്യയുടെ പിന്തുണയുണ്ടാകും. 1927ൽ രവീന്ദ്രനാഥ ടാഗോർ ഇന്തോനേഷ്യ സന്ദർശിച്ചതിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2026-27 വർഷം ടാഗോർ ദേവന്താര സാംസ്കാരിക വിദ്യാഭ്യാസ നയതന്ത്ര വർഷമായി ആചരിക്കാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി വർഷം മുഴുവൻ നീളുന്ന പരിപാടികൾ സംഘടിപ്പിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിൻ്റെ ഭാഗമായി ഇന്തോനേഷ്യയിൽ ഐഐഎം ബെംഗളൂരുവിൻ്റെ കാമ്പസ് സ്ഥാപിക്കാൻ തീരുമാനിച്ചു. അക്കാദമിക തലത്തിലുള്ള കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനും ഇന്തോനേഷ്യൻ തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ സഹകരിക്കാനും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയായി. യുഎൻ രക്ഷാസമിതിയിലെ പരിഷ്കാരങ്ങൾക്കും ഗ്ലോബൽ സൗത്തിൻ്റെ ശബ്ദം ശക്തമാക്കുന്നതിനും ഇരു രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. 2026ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവിക്ക് ഇന്തോനേഷ്യ പിന്തുണ നൽകിയപ്പോൾ, ഇന്തോനേഷ്യയുടെ ബ്രിക്സ് അംഗത്വത്തെ ഇന്ത്യയും അനുകൂലിച്ചു. സ്വതന്ത്രവും സുതാര്യവുമായ ഇന്തോ പസഫിക് മേഖലയ്ക്കുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. സമുദ്ര നിയമങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷൻ്റെ അടിസ്ഥാനത്തിൽ പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം എന്നിവ മാനിക്കണമെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ നേതാക്കൾ, പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. 2026 ജൂൺ 17ന് ഒപ്പുവച്ച ധാരണാപത്രത്തെ സ്വാഗതം ചെയ്ത ഇരുവരും ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

സന്ദർശന വേളയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് പ്രബോവോയ്ക്ക് നന്ദി അറിയിച്ചു. സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തെയും ചർച്ചകളെയും ഇന്ത്യൻ സമൂഹം പ്രശംസിച്ചു. ഇരു നേതാക്കളും തമ്മിൽ മികച്ച സൗഹൃദമാണുള്ളതെന്നും ഒപ്പുവച്ച കരാറുകൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ പ്രതികരിച്ചു.

Also Read: അഹമ്മദാബാദ് സ്ഫോടന പരമ്പര: 3 മലയാളികൾ ഉൾപ്പെടെ 38 പേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു