ഭരണകൂടത്തെ അട്ടിമറിക്കുന്ന അമേരിക്കയുടെ കുറുക്കൻ തന്ത്രങ്ങള്‍; ചരിത്രം പറയുന്നതിങ്ങനെ
ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ അമേരിക്കയ്‌ക്ക് നീണ്ട ഒരു സങ്കീർണമായ ഭൂതകാലമുണ്ട്. 1960 കളിലെ വിയറ്റ്നാമും 1980 കളിൽ നിക്കരാഗ്വയും 1989ലെ പനാമയുമെല്ലാം ഉദാഹരണങ്ങളാണ്.

Published : March 1, 2026 at 7:48 PM IST
ഇറാൻ്റെ പരമോന്നത നേതാവിനെ വധിച്ച ശേഷം ട്രംപ് ഇറാൻ ജനതയെ അഭിസംബോധന ചെയ്‌തത് ഇങ്ങനെയാണ്. ദൗത്യം ഞങ്ങള്‍ പൂർത്തീകരിച്ചു, ഇത് പ്രവർത്തനത്തിനുള്ള സമയമാണ്, അത് കടന്നുപോകാൻ അനുവദിക്കരുത് എന്നാണ്. ഒരു ഭരണമാറ്റം താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞ് വയ്‌ക്കുന്നു. അടിസ്ഥാനപരമായി ജനപ്രീതിയില്ലാത്ത സർക്കാർ എന്നാണ് അമേരിക്ക ഇറാനെ അഭിസംബോധന ചെയ്യുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തെ അട്ടിമറിക്കുന്നത് ഇത്ര നിസാരമായ കാര്യമാണോ...? ഒരുപക്ഷേ വളരെ ബുദ്ധിമുട്ടായിരിക്കാം... ചരിത്രം പറയുന്നത് ഇങ്ങനെയാണ്.
ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ അമേരിക്കയ്‌ക്ക് നീണ്ട ഒരു സങ്കീർണമായ ഭൂതകാലമുണ്ട്. 1960 കളിലെ വിയറ്റ്നാമും 1980 കളിൽ നിക്കരാഗ്വയും 1989ലെ പനാമയുമെല്ലാം ഉദാഹരണങ്ങളാണ്. 9/11ന് ശേഷം ഇറാഖും അഫ്‌ഗാനിസ്ഥാനും ഏറ്റവും പുതിയതായി വെനിസ്വേലയും ഇപ്പോഴിതാ ഇറാനും അമേരിക്കയുടെ കുറക്കൻ തന്ത്രങ്ങളുടെ പാത്രമായിരിക്കുകയാണ്. 1953ൽ, ഇറാനിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവിനെ അട്ടിമറിച്ച്, ഷാ മുഹമ്മദ് റെസ പഹ്‌ലവിക്ക് ഏതാണ്ട് സമ്പൂർണ അധികാരം നൽകിയ ഒരു അട്ടിമറിക്ക് പിന്നിലും അമേരിക്കയുടെ കൈകളായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ അട്ടിമറിക്കപ്പെട്ട ഷാ ഭരണകൂടത്തിലേതടക്കം ഭരണമാറ്റം അപൂർവ്വമായി മാത്രമേ ആസൂത്രണം ചെയ്‌തതുപോലെ നടക്കാറുള്ളൂ. പലപ്പോഴും ജനാധിപത്യ സ്വപ്‌നങ്ങൾ കാണുന്ന ജനതയ്‌ക്ക് ഇവയെല്ലാം ആഭ്യന്തരയുദ്ധമായി മാറാറുണ്ട്. ഒരിക്കൽ അനുസരണക്കേട് കാണിച്ച സ്വേച്ഛാധിപതികൾ പിന്നീട് ആ രാജ്യത്തിന് നാണക്കേടായി മാറുന്ന കാഴ്‌ചയുമുണ്ടാകും.
ഇവിടെ ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതക്ക് ഏഴ് ദശാബ്‌ധങ്ങളിലേറെ നീളുന്ന സങ്കീർണമായ ചരിത്രമുണ്ട്. 1953-ലെ അമേരിക്കൻ-ബ്രിട്ടീഷ് നേതൃത്വത്തിൽ നടന്ന ഇറാൻ ഭരണ അട്ടിമറി മുതൽ 1979-ലെ ഇസ്‌ലാമിക് വിപ്ലവം വരെയും അതിനെ തുടർന്ന് ഇന്ന് വരെയും അത് തുടർന്ന് പോരുന്നു. അമേരിക്ക-വിരുദ്ധ നിലപാടുകൾ സ്വീകരിച്ച ഭരണാധികാരികള്‍ പലപ്പോഴും ഈ ശത്രുതകള്‍ക്ക് പാത്രമാകാറുണ്ട്.

അവസാനം, 'രാഷ്ട്രനിർമ്മാതാക്കൾ' എന്ന് വിളിക്കപ്പെടുന്നവർ അവർ നിർമ്മിച്ചതിനേക്കാൾ കൂടുതൽ രാഷ്ട്രങ്ങളെ തകർത്തു," എന്നാണ് ട്രംപ് 2025-ൽ സൗദി അറേബ്യയിൽ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ചത്. യുഎസ് സൗഹൃദ സർക്കാരുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും വ്യക്തമായ ഉദ്ദേശ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. അന്ന് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ ശ്രമങ്ങളെയും പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
ഇന്നത്തെ അമേരിക്കൻ ഭരണകൂടം എന്താണ് ലക്ഷ്യമിടുന്നത്..? ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, സിറിയയിലെ അസദ് ഗവൺമെൻ്റ് ഇങ്ങനെ നീളുന്നുണ്ട് അവരുടെ ലക്ഷ്യങ്ങള്‍. വെനിസ്വേലയിലെന്നപോലെ, ഒരു അധികാര ശൂന്യത സൃഷ്‌ടിച്ച് പരമാധികാരം കൈയടക്കാനുള്ള സാധ്യത ഇതിനകം തെളിയുന്നുമുണ്ട്.
ഭരണകൂടത്തിന് ഒരു രക്ഷയുമില്ലെന്നും അവർ അമേരിക്കയുമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഒരു ബോധം ഉണ്ടാകേണ്ടതുണ്ട്. ഇപ്പോൾ എൻ്റെ മനസിലുള്ള ചോദ്യം, കൂടുതൽ പ്രായോഗികരായ യഥാർഥ വിശ്വാസികളല്ലാത്ത ഭരണകൂടത്തിൻ്റെ നിരയിലേക്ക് നമുക്ക് കടന്നുകയറാൻ കഴിഞ്ഞോ എന്നതാണ് ഇറാനിയൻ സർക്കാരിനെ ആഴത്തിൽ വിമർശിക്കുന്ന വാഷിംഗ്‌ടൺ തിങ്ക് ടാങ്കായ ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജോനാഥൻ ഷാൻസർ, ഇറാൻ്റെ പരമോന്നത നേതാവ് ഖമേനിയുടെ മരണത്തിന് ശേഷം പരിഹസിക്കുന്നത്.
ഇറാന് അമേരിക്കൻ പ്രഹരമേൽക്കുന്നത് ഇതാദ്യമായല്ല. ഇറാൻ-അമേരിക്ക ശത്രുതയുടെ ചരിത്രത്തിൽ മറക്കാനാവാത്ത സംഭവമാണ് ഓപ്പറേഷൻ അജാക്‌സ് എന്നറിയപ്പെടുന്ന 1953ലെ ഇറാൻ ഭരണ അട്ടിമറി. 1951-1953 കാലഘട്ടത്തിൽ ഇറാൻ്റെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മുസദിഖ് രാജ്യത്തിൻ്റെ എണ്ണ വ്യവസായം ദേശസാൽക്കരിക്കാൻ ശ്രമിച്ചു. ഈ നീക്കം ബ്രിട്ടീഷ്-അമേരിക്കൻ എണ്ണ കമ്പനികളുടെ പ്രത്യേകിച്ച് ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയുടെ (ഇന്നത്തെ ബിപി) ആധിപത്യത്തിന് വെല്ലുവിളിയായി.

അമേരിക്കയുടെ സിഐഎയും ബ്രിട്ടൻ്റെ എംഐ6-ഉം ചേർന്ന് മുസദിഖിൻ്റെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കുകയും മുഹമ്മദ് റെസ പഹ്‌ലവിയെ, ഷായായി ഭരണത്തിൽ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. പുതിയ പ്രധാനമന്ത്രിയായി ജനറൽ ഫസ്‌ലുല്ല സഹേദിയെയും നിയമിച്ചു. അട്ടിമറിയുടെ ഭാഗമായി സിഐഎ 50 ലക്ഷം ഡോളർ രഹസ്യമായി നൽകി പുതിയ ഭരണകൂടത്തിന് സ്ഥിരത ഉറപ്പാക്കുകയായിരുന്നു.
എന്നാൽ 1970കളിൽ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും ദേശീയവാദികളും ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾ ഷായുടെ ദുർഭരണത്തിനെതിരെ ഒന്നിക്കുകയായിരുന്നു. ആയത്തുല്ല റൂഹുല്ല ഖുമൈനി 60-കളിൽ ഷായുടെ നയങ്ങളെ വിമർശിച്ചതിന് ഇറാൻ വിട്ടുപോവാൻ നിർബന്ധിതനായെങ്കിലും 70-കളിൽ അദ്ദേഹം ഫ്രാൻസിൽ നിന്ന് ജനങ്ങളെ ഒന്നിപ്പിച്ചു. ഖുമൈനിയടക്കമുള്ളവർ ആത്മീയമായും അലി ശരീഅത്തിയെ പോലുള്ളവർ സാമൂഹികമായും രാഷ്ട്രീയമായും ജനങ്ങളെ വിപ്ലവത്തിൻ്റെ പാതയിൽ നടത്തിച്ചു. ഇതിനും അദൃശ്യമായി ചുക്കാൻ പിടിച്ചത് അമേരിക്കയാണ്.
2025-ൽ നടന്ന ഇറാൻ-ഇസ്രായേൽ സംഘർഷവും അതിലെ അമേരിക്കൻ ഇടപെടലും അമേരിക്കയുമായുള്ള ഇറാന്റെ ശത്രുതയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. എന്നാൽ തിരിച്ചാകട്ടെ എണ്ണിപ്പറയാൻ ഇസ്രായേലിനെതിരായ ഇറാൻ്റെ നിലപാട്, പലസ്‌തീൻ പിന്തുണ, ഹിസ്ബുള്ള, ഹൂതി എന്നിവയ്‌ക്കുള്ള പിന്തുണ ഇവയെല്ലാം അമേരിക്കയെ പ്രകോപിപ്പിക്കുന്നു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും, പശ്ചിമേഷ്യയിലെ പ്രാദേശിക സ്വാധീനവും അമേരിക്കക്കും ഇസ്രായേലിനും ഭീഷണിയായി കണക്കാക്കപ്പെടുന്നു.
അമേരിക്കയുടെ ഇസ്രായേൽ-സയണിസ്റ്റ് അനുകൂല നയം, ഇറാനെതിരായ കർശന ഉപരോധങ്ങൾ, 2018-ൽ ജോയിൻ്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ആണവ കരാർ) റദ്ദാക്കൽ എന്നിവ ഈ സംഘർഷത്തെ തീവ്രമാക്കി. ഖമേനിയുടെ മരണം ഇനിയുണ്ടാക്കാൻ പോകുന്ന പ്രത്യാഘതങ്ങള്‍ കാത്തിരുന്ന് കാണണം.


