ETV Bharat / international

ഹോർമുസ് ഇനി 'ട്രംപ് കടലിടുക്ക്'? പേരുമാറ്റാൻ നിർദേശിച്ച് യുഎസ് പ്രസിഡൻ്റ്

ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും അതിനാൽ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്

DONALD TRUMP IRAN CONFLICT STRAIT OF HORMUZ TENSIONS US IRAN MIDDLE EAST WAR TRUMP STRAIT PROPOSAL
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് (ANI)
author img

By ETV Bharat Kerala Team

Published : September 3, 2026 at 6:21 AM IST

4 Min Read
Choose ETV Bharat

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൻ്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവച്ചത്. ഇറാനുമായുള്ള പോരാട്ടം അധികകാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പേരുമാറ്റാൻ നിർദേശം
ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും അതിനാൽ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പുതിയ പേര് പഴയതിനേക്കാൾ മികച്ചതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വായനക്കാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രസിഡൻ്റ് ഡൊണാൾഡ് ജെ ട്രംപ് എന്ന് ഒപ്പിട്ട കുറിപ്പ് അവസാനിക്കുന്നത്.

രാജ്യാന്തര എണ്ണ വ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. ആറ് മാസമായി തുടരുന്ന പോരാട്ടം അമേരിക്കയുടെ ഗൾഫ് പങ്കാളികളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ആക്രമണം വ്യാപിച്ചു. അമേരിക്കൻ ആക്രമണങ്ങൾക്ക് ഇറാൻ തിരിച്ചടി നൽകിയാൽ കൂടുതൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിൻ്റെ തെക്ക്, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടരുന്ന ആക്രമണങ്ങൾ
ഞായറാഴ്ച ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. ഇതിന് മറുപടിയായി ജോർദാനിലെയും യുഎഇയിലെയും അമേരിക്കൻ സൈനികരെ ഇറാൻ ലക്ഷ്യംവച്ചു. കൂടാതെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച അമേരിക്ക വീണ്ടും ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള തെക്കൻ മേഖലയിലും ഗൾഫ് ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തെക്കൻ പ്രവിശ്യയായ കെർമാനിലെ വിമാനത്താവളത്തിന് നേരെയും അമേരിക്കൻ സൈന്യം ആക്രമണം നടത്തി.

ആറ് മാസത്തെ പോരാട്ടത്തിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുമ്പോൾ, അമേരിക്ക ഇറാൻ്റെ തുറമുഖങ്ങൾ ഉപരോധിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വാഷിങ്ടണും ടെഹ്റാനും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ തകർന്നു. ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായി.

മുൻപും പേരുമാറ്റം
ഭൂമിശാസ്ത്രപരമായ പേരുകൾ മാറ്റാൻ ട്രംപ് മുൻപും ശ്രമിച്ചിട്ടുണ്ട്. കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഒൻ്റാറിയോ തടാകത്തെ ലേക്ക് അമേരിക്ക എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഈ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ല. വാഷിങ്ടണും ഒട്ടാവയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കിടെയായിരുന്നു ഈ നിർദേശം.

അതേസമയം അമേരിക്കൻ ഫെഡറൽ ഭരണകൂടം മറ്റൊരു പേരുമാറ്റം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. 2025 ജനുവരിയിൽ വീണ്ടും പ്രസിഡൻ്റായതിന് പിന്നാലെ മെക്സിക്കൻ ഉൾക്കടലിനെ ഗൾഫ് ഓഫ് അമേരിക്ക എന്ന് വിളിക്കാൻ ട്രംപ് നിർദേശിച്ചു. അമേരിക്കയുടെ ഔദ്യോഗിക ഭൂപടങ്ങളിലും രേഖകളിലും ഈ പേര് ഉൾപ്പെടുത്തി. എന്നാൽ ഇതിനെതിരെ മെക്സിക്കോ രംഗത്തെത്തി. അമേരിക്കയ്ക്ക് അവരുടെ ഭാഗത്ത് ഈ പേര് ഉപയോഗിക്കാമെങ്കിലും രാജ്യാന്തര തലത്തിൽ മെക്സിക്കൻ ഉൾക്കടൽ എന്ന് തന്നെ അറിയപ്പെടുമെന്ന് അന്നത്തെ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബാം വ്യക്തമാക്കിയിരുന്നു.

ശക്തമായ തിരിച്ചടിയെന്ന് ട്രംപ്
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനുമായുള്ള പോരാട്ടം അധികകാലം നീണ്ടുനിൽക്കില്ലെന്ന് ബുധനാഴ്ച ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരെ കാണവേ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ റഡാർ, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് ലക്ഷ്യംവച്ചത്.

കടലിടുക്കിൽ അമേരിക്കയ്ക്ക് ശക്തമായ നിയന്ത്രണമുണ്ടെന്നും തന്ത്രപ്രധാനമായ ജലപാതയിൽ നിന്ന് അമേരിക്കൻ സൈന്യം മൈനുകൾ നീക്കം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ഇതിലൂടെ സാധിച്ചു. കടലിടുക്കിൽ റഡാർ, മിസൈൽ സംവിധാനങ്ങൾ പുനർനിർമിക്കാൻ ഇറാൻ സൈന്യം ശ്രമിച്ചിരുന്നതായും ട്രംപ് ആരോപിച്ചു. ഇറാൻ്റെ നിരവധി കപ്പലുകൾ അമേരിക്ക തകർത്തതായും എപ്പോൾ വേണമെങ്കിലും കൂടുതൽ ആക്രമണങ്ങൾ നടത്താൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം പൂർത്തിയാക്കിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് ചൊവ്വാഴ്ച അറിയിച്ചു. ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, നാവിക കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാണ് ആക്രമിച്ചത്. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സൈനികർക്കും നേരെ ഐആർജിസി നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് സെൻ്റ്കോം വ്യക്തമാക്കി.

അതേസമയം അമേരിക്കൻ ആക്രമണങ്ങളെ ഇറാൻ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരം ലംഘിച്ച അമേരിക്ക, സൈനികേതര അടിസ്ഥാന സൗകര്യങ്ങളും സാധാരണക്കാരുടെ കേന്ദ്രങ്ങളുമാണ് ലക്ഷ്യംവച്ചതെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിവാഹ സംഘത്തിന് നേരെ ആക്രമണം
ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് കൗണ്ടിയിലുള്ള കൊഹസ്തക്കിൽ നടന്ന വിവാഹ ആഘോഷത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയതായി ടെഹ്റാൻ ആരോപിച്ചു. ആക്രമണത്തിൽ 70ലധികം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ആക്രമണങ്ങളെ യുദ്ധക്കുറ്റങ്ങളായും രാജ്യാന്തര നിയമങ്ങളുടെ ലംഘനമായും വിശേഷിപ്പിച്ച മന്ത്രാലയം, സ്വയം പ്രതിരോധിക്കാനുള്ള ഇറാൻ്റെ അവകാശം ആവർത്തിച്ചു. ഇതിനിടെ പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കി. ജോർദാൻ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഇറാഖിലെ കുർദിസ്ഥാൻ മേഖല എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യംവച്ചതായി ഐആർജിസി അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഭരണകൂടത്തിനെതിരെ പോരാടുകയെന്ന് ട്രംപ് തൻ്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ചോദിച്ചിരുന്നു. ഇറാനിലെ പ്രതിഷേധക്കാർക്ക് ആയുധം നൽകാൻ അമേരിക്ക സിഐഎയെ അയക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.

ഇറാൻ ഭരണകൂടം അനുദിനം ദുർബലമാകുകയാണെന്നും പതിനായിരക്കണക്കിന് പ്രതിഷേധക്കാർ അവിടെ കൊല്ലപ്പെട്ടതായും ട്രംപ് ആരോപിച്ചു. അമേരിക്കൻ ആക്രമണങ്ങളും ഇറാൻ്റെ തിരിച്ചടിയും തുടരുമ്പോഴും ടെഹ്റാനുമായുള്ള നിലവിലെ സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് ട്രംപിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

Also Read:- പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ തകർത്ത്‌ യുഎസ്-ശ്രീലങ്ക സംയുക്ത ഓപ്പറേഷൻ ; 463 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു