ETV Bharat / international

സമാധാന കരാറിന് തയാറെങ്കിൽ മാത്രം ചർച്ച; പുടിന് മുന്നിൽ ഉപാധിവച്ച് ട്രംപ്

റഷ്യ-യുക്രെയ്ൻ സംഘർഷം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു

Donald Trump  Vladimir Putin  RUSSIA UKRAINE WAR  Volodymyr Zelenskyy
Donald Trump (AP)
author img

By ANI

Published : September 3, 2026 at 7:38 AM IST

2 Min Read
Choose ETV Bharat

വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന് റഷ്യ തയാറാകുമ്പോൾ മാത്രം പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാന കരാർ നിർണായകം
റഷ്യൻ പ്രസിഡൻ്റുമായി സമീപഭാവിയിൽ തന്നെ മറ്റൊരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. കൂടിക്കാഴ്ചയ്ക്ക് പുടിൻ തയാറാകുമെന്നാണ് താൻ കരുതുന്നതെന്നും എന്നാൽ അനുയോജ്യമായ സമയത്ത് മാത്രമേ അതിന് മുതിരുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാറിന് ഇരു രാജ്യങ്ങളും സജ്ജമാകുമ്പോൾ മാത്രം ചർച്ച നടത്തിയാൽ മതിയെന്നാണ് തൻ്റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റഷ്യയുമായും യുക്രെയ്നുമായും മികച്ച ബന്ധം നിലനിർത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ലോകരാജ്യങ്ങളുമായുള്ള മികച്ച ബന്ധം വ്യാപാര മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുടിനുമായുള്ള മറ്റൊരു കൂടിക്കാഴ്ച ഉടനടി സംഘടിപ്പിക്കാൻ സാധിക്കുമെങ്കിലും യുദ്ധം അവസാനത്തോട് അടുക്കുന്നത് വരെ കാത്തിരിക്കാനാണ് താൻ താത്പര്യപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി.

യുദ്ധം ഒഴിവാക്കാമായിരുന്നു
റഷ്യ-യുക്രെയ്ൻ സംഘർഷം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. 2020ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ താൻ വീണ്ടും അധികാരത്തിൽ വന്നിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ല. 2016 മുതൽ 2020 വരെയുള്ള തൻ്റെ ആദ്യ ഭരണകാലത്ത് പുടിനുമായി സംസാരിച്ചിരുന്നു. അക്കാലത്ത് യുദ്ധമുണ്ടാകാനുള്ള യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്നാൽ താൻ അധികാരമൊഴിഞ്ഞതിന് ശേഷം യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് കണ്ടപ്പോൾ അത് ഭ്രാന്തൻ നടപടിയാണെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിക്കും ഇടയിൽ വലിയ ശത്രുതയാണ് നിലനിൽക്കുന്നത്. എന്നാൽ യുദ്ധം അവസാനിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അലാസ്ക ഉച്ചകോടി
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടി 2025 ഓഗസ്റ്റിൽ അലാസ്കയിലാണ് ട്രംപും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. 2022ൽ യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം അമേരിക്കൻ, റഷ്യൻ നേതാക്കൾ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.

അലാസ്ക ഉച്ചകോടിയിൽ വെടിനിർത്തൽ കരാറുകളൊന്നും ഒപ്പുവച്ചില്ലെങ്കിലും ചർച്ചകളിൽ പുരോഗതിയുണ്ടായതായി ഇരുപക്ഷവും വ്യക്തമാക്കിയിരുന്നു. പല കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി ട്രംപ് പറഞ്ഞപ്പോൾ, പ്രധാന സുരക്ഷാ വിഷയങ്ങളിൽ പരസ്പര ധാരണയിലെത്താൻ കഴിഞ്ഞുവെന്നായിരുന്നു പുടിൻ്റെ പ്രതികരണം. വെറുമൊരു ഉന്നതതല കൂടിക്കാഴ്ച എന്നതിലുപരി സമാധാന കരാർ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കാണ് ഇനി മുൻഗണന നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ അഭയാർഥികളാക്കുകയും ചെയ്ത യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ അമേരിക്കയുടെ നിലപാടുകളെ ലോകരാജ്യങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സമാധാന ചർച്ചകൾക്കായി റഷ്യൻ ഭരണകൂടം സ്വീകരിക്കുന്ന വിട്ടുവീഴ്ചകൾ വരും നാളുകളിൽ നിർണായകമാകും.

Also Read: ട്രംപിന് വീണ്ടും തിരിച്ചടി; പൗരത്വ നിയമത്തിലെ പുതിയ ഉത്തരവ് കോടതി തടഞ്ഞു