വെനസ്വേലയില്‍ നിന്നും 50 ബാരല്‍ എണ്ണയെത്തും; വിപണി നിരക്കില്‍ വാങ്ങുമെന്ന് ട്രംപ്, പ്രതികരിക്കാതെ വെനസ്വേല
വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ്. യുഎസിന് 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ വിതരണം ചെയ്യും. സംഭവത്തില്‍ പ്രതികരിക്കാതെ വെനസ്വേല സർകാർ.

Published : January 7, 2026 at 8:54 AM IST
വാഷിങ്‌ടണ്‍: വെനസ്വേല യുഎസിന് 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ വിതരണം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിൽപ്പനയിൽ നിന്നുള്ള വരുമാനം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ യുഎസ് എണ്ണ കമ്പനി എക്‌സിക്യൂട്ടിവുകളായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ ഇതുവരെയും വെനസ്വേല സർക്കാർ പ്രതികരിച്ചിട്ടില്ല.
വെനസ്വേലയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി എക്സോൺ, ഷെവ്‌റോൺ, കൊണോകോഫിലിപ്‌സ് എന്നീ കമ്പനികളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള യുഎസ് എണ്ണക്കമ്പനി നേതാക്കളുമായി വെള്ളിയാഴ്‌ച വൈറ്റ് ഹൗസ് ഒരു കൂടിക്കാഴ്‌ച നടത്തും. കൂടുതൽ അമേരിക്കൻ നിക്ഷേപവും വൈദഗ്ധ്യവും ആകർഷിക്കുന്നതിനായി പ്രതിസന്ധിയിലായിരിക്കുന്ന എണ്ണ വ്യവസായം വികസിപ്പിക്കണമെന്ന് ഭരണകൂടം വെനസ്വേലയോട് ആവശ്യപ്പെടുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നടത്തിയ ശക്തമായ അമേരിക്കൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് പ്രഖ്യാപനുമായി ട്രംപ് എത്തിയിരിക്കുന്നത്. ജനുവരി മൂന്നിന് യുഎസ് നടത്തിയ ആക്രമണത്തിലാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. ഇരുവരെയും ബലപ്രയോഗത്തിലൂടെ കാരക്കസില്‍ നിന്ന് യുഎസില്‍ എത്തിക്കുകയായിരുന്നു. ഹെലികോപ്‌റ്റര്‍, ഫൈറ്റര്‍ ജെറ്റ് എന്നിവയിലൂടെ നാവിക സേന നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും പിടികൂടിയത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കും മറ്റും കാരണമായിരിക്കുകയാണ്.
ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി വെനസ്വേലൻ അറ്റോർണി ജനറൽ താരെക് വില്യം പറഞ്ഞു. 'വാർ ക്രൈം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും താരെക് വില്യം കൂട്ടിച്ചേർത്തു. എന്നാൽ ഈ കണക്ക് വെനസ്വേലയക്കാരെ കുറിച്ചാണോയെന്ന് വ്യക്തമല്ല. അതേസമയം വെനസ്വേലയിൽ ജോലി ചെയ്‌തിരുന്ന 32 ക്യൂബൻ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും റെയ്‌ഡിൽ കൊല്ലപ്പെട്ടതായി ക്യൂബൻ സർകാർ നേരത്തെ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്.
'എണ്ണ' ഭാവി എന്താകും?
യുഎസ് പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയും അനുബന്ധ ഉത്‌പന്നങ്ങളും ഉപയോഗിക്കുന്നതിനാൽ, വെനസ്വേലയുടെ കൈമാറ്റം ഏകദേശം രണ്ടര ദിവസത്തെ വിതരണത്തിന് തുല്യമാകുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്‌മിനിസ്ട്രേഷൻ പറയുന്നു. നിലവിൽ എണ്ണ വ്യാപാരം ബാരലിന് ഏകദേശം 56 ഡോളറാണ്. എന്നാൽ ട്രംപ് പ്രഖ്യാപിച്ച ഇടപാടിൻ്റെ മൂല്യം 2.8 ബില്യൺ ഡോളർ വരെയാകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്തിൽ ഏറ്റവുമധികം എണ്ണ സ്രോതസുള്ള രാജ്യം കൂടിയാണ് വെനസ്വേല. അമേരിക്കൻ കുത്തക കമ്പനികൾ നിയന്ത്രിച്ചിരുന്ന എണ്ണ കച്ചവടത്തിൻ്റെ 51 ശതമാനവും ഗവൺമെൻ്റ് ഉടമസ്ഥതയിലായിരുന്നു. എന്നാൽ 30% ലാഭവിഹിതമെങ്കിലും ഗവൺമെൻ്റിന് ലഭിക്കണമെന്ന് ഷാവേസ് നിയമം കൊണ്ടുവന്നു. 1998ലാണ് സോഷ്യലിസ്‌റ്റ് നേതാവ് ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയത്. ഇത്തരത്തിൽ ലഭിച്ച പണം ആരോഗ്യം വിദ്യഭ്യാസം എന്നിവയ്‌ക്ക് ഉപയോഗിച്ചു.
ഷാവെസിൻ്റെ മരണത്തിന് ശേഷമാണ് മഡുറോ ആദ്യമായി പ്രസിഡൻ്റായി എത്തുന്നത്. പിന്നീട് അങ്ങോട്ട് മോശം ദിനങ്ങളായിരുന്നു വെനസ്വേലയ്‌ക്ക്. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ വെനസ്വേല തകരാൻ തുടങ്ങി. ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്നത് നിക്കോളാസ് മഡുറോയാണ്. യുഎസിലേയ്‌ക്ക് ലഹരി മരുന്ന് കടത്തുന്നുവെന്ന് ആരോപിച്ചാണ് ഡൊണാൾഡ് ട്രംപ് മഡുറോയ്‌ക്ക് എതിരെ വരുന്നത്.

