ETV Bharat / international

'ആര്‍ക്കും ലോക പൊലീസിന്‍റെ പങ്ക് വഹിക്കാനാകില്ല'; ട്രംപിന്‍റെ നടപടികളില്‍ വാങ്‌ യി

വെനസ്വേല പ്രസിഡൻ്റിന്‍റെയും ഭാര്യയുടെയും തടങ്കല്‍ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വാങ് യി.

CHINESE FOREIGN MINISTER WANG YI  PAKISTAN DEPUTY PM ISHAQ DAR  US CAPTURE OF MADURO  WANG YI IN HIS TALKS ISHAQ DAR
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 5, 2026 at 1:42 PM IST

2 Min Read
Choose ETV Bharat

ബീജിങ്‌: വെനസ്വേല പ്രസിഡൻ്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും യുഎസ് തടവിലാക്കിയതിനെ ശക്തമായി അപലപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഒരു രാജ്യത്തിനും ലോക പൊലീസിൻ്റെ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരു രാജ്യത്തിനും സ്വയം ഒരു അന്താരാഷ്ട്ര ജഡ്‌ജിയാണെന്ന് അവകാശപ്പെടാൻ സാധിക്കില്ല. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും അന്താരാഷ്ട്ര നിയമത്താൽ പൂർണമായും സംരക്ഷിക്കപ്പെടണം" വാങ് യി പറഞ്ഞു.

ബലപ്രയോഗത്തെയോ ഭീഷണിയെയോ ഒരു രാജ്യത്തിൻ്റെ ഇച്ഛാശക്തി മറ്റൊരു രാജ്യത്തിൻ്റെ മേൽ അടിച്ചേൽപ്പിക്കുന്നതിനെയോ ചൈന എതിർക്കുന്നു. വെനസ്വേല പ്രസിഡൻ്റിനെയും ഭാര്യയെയും പിടികൂടിയപ്പോൾ തന്നെ വിട്ടയക്കണമെന്ന് താൻ യുഎസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവരുടെ തടങ്കൽ അന്തരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വാങ് യി പറഞ്ഞു.

അതേസമയം വെനസ്വേലയിലെ യുഎസ് നടപടികളെക്കുറിച്ച് പാകിസ്ഥാൻ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഏകപക്ഷീയമായ ഭീഷണി കൂടുതൽ രൂക്ഷമാകുന്നതോടെ നിലവിലെ അന്താരാഷ്ട്ര സാഹചര്യം കൂടുതൽ അസ്ഥിരമാവുമെന്ന് വാങ് യി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുഎൻ ചാർട്ടറിനെ പ്രതിരോധിക്കുന്നതിന് അന്താരാഷ്ട്ര ധാർമ്മിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാ രാജ്യങ്ങളുടെയും പരമാധികാര സമത്വത്തിൽ ഉറച്ചുനിൽക്കാൻ ലോകസമാധാനവും വികസനവും സംയുക്തമായി നിലനിർത്താൻ എന്നിവയ്‌ക്കായി പാകിസ്ഥാൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രാജ്യങ്ങളുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് വാങ് പറഞ്ഞു.

ജനുവരി 3നാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ വെനസ്വേലയിൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും യുഎസ് പിടികൂടുന്നത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരവേയാണ് യുഎസിന്‍റെ ആക്രമണം.

ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്നത് നിക്കോളാസ് മഡുറോയെയാണ്. യുഎസിലേയ്‌ക്ക് ലഹരി മരുന്ന് കടത്തുന്നുവെന്ന് ആരോപിച്ചാണ് ഡൊണാൾഡ് ട്രംപ് മഡുറോയ്‌ക്ക് എതിരെ തിരിയുന്നത്. ഏകദേശം മൂന്ന് കോടിയോളം ജനങ്ങള്‍ പാർക്കുന്ന രാജ്യമാണിത്.

ലോകത്തിൽ ഏറ്റവുമധികം എണ്ണ സ്രോതസുള്ള രാജ്യം കൂടിയാണിത്. ശത്രുത പുലർത്തുമ്പോഴും എണ്ണ വ്യാപാരം ശക്തമായിരുന്നു. 1998ൽ സോഷ്യലിസ്‌റ്റ് നേതാവ് ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

ബീജിങ്ങിൽ നടന്ന പാകിസ്ഥാൻ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയുടെ ഏഴാം റൗണ്ടിൽ ദാറും വാങ്ങും സഹ അധ്യക്ഷത വഹിച്ചു. ചൈന-പാകിസ്ഥാൻ തമ്മിലുള്ള പങ്കാളിത്തം എല്ലാ മേഖലയിലും നിർണായക ഘടകമായി മാറിയിട്ടുണ്ടെന്ന് വാങ് പറഞ്ഞു.

പുതുവർഷത്തിൽ ഇരു രാജ്യങ്ങളിലെയും നേതാക്കൾക്കിടയിൽ ഉണ്ടായ സമവായം നടപ്പിലാക്കുന്നതിനും ഭാവിയിലുള്ള ചൈന-പാകിസ്ഥാൻ ബന്ധം കെട്ടിപ്പടുക്കുന്നതിനും പാകിസ്ഥാനുമായി സഹകരിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും പ്രദേശിക ആഗോള തലങ്ങളിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്‌തതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൂടാതെ പാകിസ്ഥാൻ-ചൈന നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികം ആഘോഷിക്കാനും ഇരു നേതാക്കളും സമ്മതിച്ചതായും വാർഷികത്തിനായുള്ള ലോഗോ ഇരു നേതാക്കളും ചേർന്ന് പുറത്തിറക്കിയതായും മന്ത്രാലയം അറിയിച്ചു.

Also Read: വെനസ്വേല ഭരിക്കാന്‍ ട്രംപ്? അമേരിക്കയുടെ പദ്ധതി വിശദീകരിച്ച് മാര്‍കോ റൂബിയോ