കൂട്ടുകാരികൾക്ക് ആർത്തവം വന്നിട്ടും നിങ്ങൾക്ക് വരുന്നില്ലേ? കാരണം ഈ അപൂർവ രോഗമാകാം
യോനി പൂർണമായോ ഭാഗികമായോ ഇല്ലാതിരിക്കുന്ന അപൂർവ ജന്മനായുള്ള അവസ്ഥയാണ് വജൈനൽ അജെനിസിസ്. ചിലരിൽ ഗർഭപാത്രവും പൂർണമായി വളർച്ച പ്രാപിക്കാത്ത അവസ്ഥയിലായിരിക്കും

Published : September 1, 2026 at 11:10 AM IST
ബെംഗളൂരു: ചില രോഗങ്ങൾ വലിയ ലക്ഷണങ്ങളോടെ എത്തുമ്പോൾ, മറ്റു ചിലത് തികച്ചും നിശ്ശബ്ദമായാണ് കടന്നുവരുന്നത്. കൂട്ടുകാരികൾ ആർത്തവത്തെക്കുറിച്ചും വയറുവേദനയെക്കുറിച്ചും സംസാരിക്കുമ്പോൾ, തനിക്ക് മാത്രം എന്തുകൊണ്ട് ആർത്തവം ഉണ്ടാകുന്നില്ല എന്ന ചിന്ത പല പെൺകുട്ടികളെയും അലട്ടാറുണ്ട്. കാത്തിരുന്നാൽ ശരിയാകുമെന്ന് കരുതി മാസങ്ങൾ പിന്നിട്ട് ഒടുവിൽ ഡോക്ടറെ കാണുമ്പോൾ ലഭിക്കുന്ന പരിശോധനാഫലം പലപ്പോഴും ആരും പ്രതീക്ഷിക്കാത്തത്ര സങ്കീർണമായിരിക്കും.
യോനി പൂർണമായോ ഭാഗികമായോ ഇല്ലാതിരിക്കുന്ന അപൂർവ ജന്മനായുള്ള അവസ്ഥയാണ് വജൈനൽ അജെനിസിസ്. ചിലരിൽ ഗർഭപാത്രവും പൂർണമായി വളർച്ച പ്രാപിക്കാത്ത അവസ്ഥയിലായിരിക്കും. അയ്യായിരത്തിൽ ഒരു സ്ത്രീക്ക് മാത്രം വരുന്ന ഈ അപൂർവ രോഗത്തെക്കുറിച്ച് ബെംഗളൂരു ഇന്ദിരാനഗറിലെ മദർഹുഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഹാസിനി ഇനാംദാർ ഇടിവി ഭാരതിനോട് പറഞ്ഞു.

ഭ്രൂണാവസ്ഥയിൽ പ്രത്യുത്പാദന അവയവങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന മുള്ളേരിയൻ നാളികളുടെ അസാധാരണമായ വികാസമാണ് ഇതിന് കാരണമെന്ന് അവർ വ്യക്തമാക്കി. പെൺകുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ മാതാപിതാക്കൾ കൃത്യമായി ശ്രദ്ധിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സമൂഹത്തിൻ്റെ കുറ്റപ്പെടുത്തലുകൾ ഭയന്ന് ഇത്തരം കാര്യങ്ങൾ മറച്ചുവയ്ക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
എംആർകെഎച്ച് സിൻഡ്രോം
വജൈനൽ അജെനിസിസ് പ്രധാനമായും മേയർ-റോക്കിറ്റാൻസ്കി-കുസ്റ്റർ-ഹൗസർ (എംആർകെഎച്ച്) സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് രണ്ട് വകഭേദങ്ങളുണ്ടെന്ന് ഡോക്ടർ വിശദീകരിച്ചു. ടൈപ്പ് ഒന്നിൽ യോനിയും ഗർഭപാത്രവും ഇല്ലാതിരിക്കുകയോ വളർച്ചയെത്താതിരിക്കുകയോ ചെയ്യും. എന്നാൽ മറ്റ് അവയവങ്ങൾക്ക് കുഴപ്പമുണ്ടാകില്ല. ടൈപ്പ് രണ്ട് അഥവാ മർക്സ് സിൻഡ്രോമിൽ വൃക്കകൾ, അസ്ഥികൾ എന്നിവയുടെ തകരാറുകൾ, കേൾവിക്കുറവ്, ഹൃദ്രോഗം തുടങ്ങിയ മറ്റ് പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രത്യുത്പാദന അവയവങ്ങൾക്ക് പുറമെ മറ്റ് പരിശോധനകളും ആവശ്യമായി വരും.
ലക്ഷണങ്ങളും രോഗനിർണയവും
പ്രായപൂർത്തിയായിട്ടും ആർത്തവം വരാത്തതാണ് ഇതിൻ്റെ പ്രധാന ലക്ഷണം. തൻ്റെ ശരീരം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്ന തോന്നൽ പെൺകുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കും. ആർത്തവം വൈകുന്നതാണെന്ന് കരുതി മാതാപിതാക്കൾ ഇത് അവഗണിക്കാൻ പാടില്ല. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയും ശാരീരിക പരിശോധനയിലൂടെയും രോഗം കണ്ടെത്താം. സാധാരണയായി മൂന്ന് മുതൽ നാല് ഇഞ്ച് വരെ നീളമുള്ള യോനി ഇത്തരം രോഗികളിൽ ഒന്നോ രണ്ടോ ഇഞ്ച് മാത്രമായിരിക്കും ഉണ്ടാകുക. പൂർണമായും യോനി ഇല്ലാത്തവരിൽ ചെറിയൊരു കുഴി മാത്രമാകും പുറമെ കാണാൻ കഴിയുക.
ചികിത്സയും മാനസിക പിന്തുണയും
രോഗം സ്ഥിരീകരിച്ചാൽ വ്യക്തിയുടെ ശാരീരിക അവസ്ഥയും താത്പര്യവും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. യോനിയുടെ വലിപ്പം കൂട്ടാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമല്ലെങ്കിൽ വജൈനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ വേണ്ടിവരും. പശ്ചിമബംഗാൾ സ്വദേശിയായ മുപ്പതുകാരിക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വയറിൻ്റെ ആവരണം ഉപയോഗിച്ച് കൃത്രിമ യോനി നിർമിച്ച അനുഭവം ഡോക്ടർ പങ്കുവച്ചു. ഗർഭപാത്രവും യോനിയും ഇല്ലാതെ ജനിച്ച ആ യുവതി ഇപ്പോൾ സാധാരണ ജീവിതം നയിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗർഭപാത്രം ഇല്ലാത്തവരിൽ സ്വാഭാവിക ആർത്തവവും ഗർഭധാരണവും സാധ്യമല്ല. എന്നാൽ ഗർഭപാത്രം ഉണ്ടായിരിക്കുകയും യോനി ഇല്ലാതിരിക്കുകയും ചെയ്യുന്നവരിൽ ആർത്തവ രക്തം പുറത്തുപോകാനാകാതെ ഉള്ളിൽ കെട്ടിക്കിടക്കുന്ന ഹെമറ്റോമെട്ര എന്ന അവസ്ഥ ഉണ്ടാകാം.
ഇത് കടുത്ത വയറുവേദനയ്ക്ക് കാരണമാകും. ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ ലൈംഗിക ജീവിതത്തെയും ഗർഭധാരണത്തെയും കുറിച്ചുള്ള ആശങ്കകൾ പെൺകുട്ടികളെ മാനസികമായി തളർത്തും. അതിനാൽ ശസ്ത്രക്രിയയ്ക്ക് അപ്പുറം കൃത്യമായ വിവരങ്ങളും കൗൺസലിങ്ങും മാനസിക പിന്തുണയും ഇവർക്ക് നൽകേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. സമാന അവസ്ഥയിലൂടെ കടന്നുപോകുന്നവരുമായി സംസാരിക്കുന്നത് രോഗികൾക്ക് വലിയ ആശ്വാസം നൽകും.
Also Read: ദിവസം 30 മിനിറ്റ് നടക്കാൻ തയ്യാറാണോ? നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുക ഈ അത്ഭുത മാറ്റങ്ങള്‍... !!

