ETV Bharat / health

അത്ര നിസാരമല്ല ആർത്തവ വേദന; ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത്, ഡോക്ടർമാർ പറയുന്നത് ഇങ്ങനെ

ആർത്തവം തികച്ചും സ്വാഭാവികമായ മാനുഷിക പ്രക്രിയയാണ്. അതിനാൽ തന്നെ ശരീരത്തിൽ നേരിയ വേദനയും ക്ഷീണവും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ വേദന കാരണം കിടക്കയിൽ തന്നെ ചുരുണ്ടുകൂടേണ്ടി വരുന്നത് ഗുരുതരമായ രോഗലക്ഷണമാണ്

health  Gen Z  Dysmenorrhea  Period pain causes
Severe period pain (Getty Images)
author img

By ETV Bharat Kerala Team

Published : June 2, 2026 at 10:54 AM IST

3 Min Read
Choose ETV Bharat

ർത്തവകാലത്തെ ദുസ്സഹമായ വേദന പല പെൺകുട്ടികളും സ്വാഭാവികമെന്ന് കരുതി അവഗണിക്കുകയാണ്. എന്നാൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഈ വേദന ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഠിനമായ വേദനയെ നിസാരവത്കരിക്കുന്നത് ഭാവിയിൽ വന്ധ്യത അടക്കമുള്ള വലിയ പ്രതിസന്ധികൾക്ക് കാരണമായേക്കാം. അതിനാൽ മാതാപിതാക്കളും ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

പുറത്തുപോകുമ്പോൾ പൈജാമ ധരിക്കുന്നതും ഹോബികളെ വരുമാനമാർഗമാക്കുന്നതുമെല്ലാം ഇന്നത്തെ തലമുറ (Gen Z) സർവസാധാരണമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ മറ്റൊരു കാര്യം കൂടി ഇവർക്കിടയിൽ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. വേദന കാരണം നിവർന്നുനിൽക്കാൻ കഴിയാത്ത അവസ്ഥയെപ്പോലും സ്വഭാവികമെന്ന് കരുതി തള്ളിക്കളയുകയാണിവർ.

സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെയും മറ്റുമുള്ള ചർച്ചകളിലൂടെയും ഇത്തരം വേദനകൾ സ്ത്രീകളുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന് ഇവർ സ്വയം വിശ്വസിപ്പിക്കുന്നു. അതിശക്തമായ ആർത്തവവേദന വെറുമൊരു പ്രതിമാസ ബുദ്ധിമുട്ടുമാത്രമായി ചുരുങ്ങുകയാണ്. എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചെറിയ അശ്രദ്ധകൾ പോലും ജീവിതത്തിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാം.

HEALTH  GEN Z  DYSMENORRHEA  PERIOD PAIN CAUSES
Representational Image (Getty Images)

എപ്പോഴാണ് അസ്വാഭാവികമാകുന്നത്
ആർത്തവം തികച്ചും സ്വാഭാവികമായ മാനുഷിക പ്രക്രിയയാണ്. അതിനാൽ തന്നെ ശരീരത്തിൽ നേരിയ വേദനയും ക്ഷീണവും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ വേദന കാരണം യാത്രകൾ മാറ്റിവെക്കേണ്ടി വരികയോ കോളജിലോ ജോലിസ്ഥലത്തോ പോകാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യം ഒരിക്കലും സ്വാഭാവികമല്ല. ഇതിനുപുറമെ ഛർദി, തലകറക്കം, ബോധക്ഷയം എന്നിവ വരികയോ വേദന കാരണം കിടക്കയിൽ തന്നെ ചുരുണ്ടുകൂടേണ്ടി വരികയോ ചെയ്യുന്നത് ഗുരുതരമായ രോഗലക്ഷണമായി വേണം കാണാൻ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കണം.

ചെറുപ്പക്കാരിൽ പലരും വിചാരിക്കുന്നത് കഠിനമായ ആർത്തവവേദന ചൂടുവെള്ളം പിടിക്കുന്നതിലൂടെയോ വേദനസംഹാരികൾ കഴിക്കുന്നതിലൂടെയോ പൂർണമായി മാറ്റാമെന്നാണ് എന്ന് പുനെ മദർഹുഡ് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വിദഗ്ധ ഡോ മാൻസി ശർമ വ്യക്തമാക്കി. നേരിയ അസ്വസ്ഥതകൾ സ്വാഭാവികമാണെങ്കിലും ദൈനംദിന ജീവിതത്തെ സ്തംഭിപ്പിക്കുന്ന അമിതമായ വേദന ഗൗരവമായി കാണണമെന്ന് അവർ നിർദേശിച്ചു. നിരന്തരമുള്ള ഇത്തരം വേദനകൾ എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം.

ചികിത്സ വൈകരുത്
ആർത്തവസമയത്ത് തുടർച്ചയായി മൂന്ന് ദിവസമെങ്കിലും അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം. എൻഡോമെട്രിയോസിസ് എന്നത് ഗർഭാശയത്തിനുള്ളിൽ കാണപ്പെടുന്ന കോശങ്ങൾ ഗർഭാശയത്തിന് പുറത്ത് വളരുന്ന ഒരു അവസ്ഥയാണ്. ഇത് കഠിനമായ വേദനയ്ക്കും ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഭൂരിഭാഗം പേരിലും വന്ധ്യതയ്ക്ക് ഇത് ഇടയാക്കാറുണ്ട്. ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയ്ഡുകൾ എന്ന അവസ്ഥയും അടിവയറ്റിൽ കഠിനമായ വേദനയും അമിത രക്തസ്രാവവും സ്യഷ്ടിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വേദനസംഹാരികൾ ദിവസേന കഴിക്കുന്നത് വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കും. സ്കാനിങ് പോലുള്ള ലളിതമായ പരിശോധനകളിലൂടെ ഇത്തരം രോഗങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ആധുനിക വൈദ്യശാസ്ത്രത്തിൽ മികച്ച ചികിത്സ നിലവിൽ ലഭ്യമാണ്. അതിനാൽ വേദന സഹിച്ച് വീട്ടിലിരിക്കുന്നതിന് പകരം ശാസ്ത്രീയമായ ചികിത്സ തേടുകയാണ് വേണ്ടത്. സ്വന്തം ശരീരത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയുകയും ആവശ്യമായ ഘട്ടങ്ങളിൽ ഡോക്ടർമാരുടെ സേവനം തേടുകയും ചെയ്യുന്നത് വലിയ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

ജീവിതശൈലിയിലെ മാറ്റങ്ങൾ
ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങൾ ആർത്തവകാലത്തെ വേദനകളെ പ്രതിരോധിക്കാൻ വലിയ രീതിയിൽ സഹായിക്കും. ഫാസ്റ്റ് ഫുഡുകൾ പൂർണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇലക്കറികളും നാരുകൾ അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും കൃത്യസമയത്ത് ഉറങ്ങുന്നതും മാനസിക സമ്മർദം കുറയ്ക്കാൻ ഉപകരിക്കും. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കണം. യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുന്നത് ലഘുവായ വേദനകൾ ഇല്ലാതാക്കാനും കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാനും നല്ലതാണ്.

Also Read: ആറ് മാസം പൂർത്തിയാകും മുമ്പ് ശിശുക്കൾക്ക് അധിക ഭക്ഷണവും ദ്രാവകങ്ങളും; ഇന്ത്യയിൽ മുലയൂട്ടൽ കുറയുന്നു, ആശങ്കയുണർത്തി കുടുംബാരോഗ്യ സർവേ