ETV Bharat / health

'സ്വസ്‌ത നാരി' ദൗത്യം; സെര്‍വിക്കല്‍ കാന്‍സറിനെതിരെ എച്ച്‌പിവി വാക്‌സിനേഷന്‍, ഡ്രൈവിന് രാജസ്ഥാനില്‍ തുടക്കം

രാജ്യമൊട്ടാകെ എച്ച്‌പിവി വാക്‌സിനേഷന്‍ നല്‍കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 14 വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമമെന്ന് ആരോഗ്യ മന്ത്രാലയം.

HPV VACCINATION PROGRAMME  എച്ച്പിവി വാക്‌സിന്‍  ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍  സെര്‍വിക്കല്‍ കാന്‍സര്‍
The programme will target approximately 1.15 crore girls aged 14 years every year across all States and Union Territories. (Representational Image/Getty Images)
author img

By ETV Bharat Kerala Team

Published : February 28, 2026 at 8:55 AM IST

3 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വാക്‌സിനേഷന്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ന് രാജസ്ഥാനില്‍ തുടക്കമാകും. അജ്‌മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിനേഷന്‍ ഡ്രൈവ് ഉദ്‌ഘാടനം ചെയ്യും.

രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന ഈ വാക്‌സിനേഷൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഒരു നിര്‍ണായക നീക്കമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ത്രീകളുടെ ആരോഗ്യ കാര്യത്തില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. സ്‌ത്രീകളിലെ പ്രതിരോധ ശേഷി, സംരക്ഷണം, തുല്യത എന്നിവ ഉറപ്പാക്കല്‍ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

14 വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്‌സിനേഷന്‍ നല്‍കും. ഏകദേശം 1.15 കോടി പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കപ്പെടുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

നിര്‍ദ്ദിഷ്‌ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമായി നൽകും. കൂടാതെ പ്രാഥമിക ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, ഉപജില്ലാ, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ നടത്തുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. പരിശീലനം ലഭിച്ച മെഡിക്കൽ ഓഫിസർമാരുടെ മേൽനോട്ടത്തിലായിരിക്കും ഓരോ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നടത്തുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മാത്രമല്ല വാക്‌സിനേഷന്‍ നല്‍കുന്നതിന് മുമ്പ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സമ്മതം വാങ്ങുമെന്നും കുത്തിവയ്‌പ്പിന് പിന്നാലെ അപൂര്‍വ്വമായുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ക്ക് വൈദ്യ സഹായവും ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. മൂന്ന് മാസത്തോളം വാക്‌സിനേഷന്‍ ഡ്രൈവ് തുടരും. ഇക്കാലയളവില്‍ യോഗ്യരായ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 1,20,000ലധികം സ്‌ത്രീകളില്‍ പുതിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗ്ലോബൊകാൻ 2022 ഡാറ്റ പ്രകാരം 80,000 മരണങ്ങളും സംഭവിക്കുന്നുണ്ട്. മാത്രമല്ല സ്‌ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കാനായാണ് ഇത്തരം വാക്‌സിനേഷന്‍ ഡ്രൈവ് നടപ്പാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

സെര്‍വിക്കല്‍ കാന്‍സറിന് കാരണം അപകട സാധ്യതയേറെയുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസാണെന്ന് വിദഗ്‌ധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 80 ശതമാനത്തിലധികവും കാരണമാകുന്നത് ടൈപ്പ് 16, ടൈപ്പ് 18 ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്. തുടര്‍ച്ചയായ അണുബാധ കാരണമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ ഗാര്‍ഡാസില്‍, ക്വാഡ്രിവാലന്‍റ് എച്ച്‌പിവി വാക്‌സിനുകളാണ് നല്‍കുക. ഇതിന് എച്ച്‌പിവി ടൈപ്പ് 16, 18 ,11 എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടുള്ള വാക്‌സിനുകളില്‍ ഒന്നാണ് എച്ച്‌പിവി. 2006 മുതല്‍ ലോകമെമ്പാടും 500 ദശലക്ഷത്തിലധികം ഡോസുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇത് 93 മുതല്‍ 100 ശതമാനം വരെ സെര്‍വിക്കല്‍ കാന്‍സറിനെ തടയുമെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാജ്യമൊട്ടാകെ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താന്‍ തയ്യാറായ സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രാലയം പ്രശംസിച്ചു. 'ഇന്ത്യയിലുടനീളം 14 വയസ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യ എച്ച്പിവി വാക്‌സിനേഷൻ നൽകാനുള്ള തീരുമാനത്തെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു, രാജസ്ഥാനിലെ അജ്‌മീറിൽ നിന്ന് ഔപചാരികമായി ഇത് ആരംഭിച്ചു. ഇത് സെർവിക്കൽ ക്യാൻസർ തടയുന്നതിനും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് സ്‌ത്രീകളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനും ഗുണകരമാകും' ഐഎംഎ പ്രസിഡന്‍റ് ഡോ. അനിൽകുമാർ ജെ നായക് മോദിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യയുമായി (എഫ്ഒജിഎസ്ഐ) സഹകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ത്യയിലുടനീളം കൗൺസിലിങ്ങിനും എച്ച്പിവി വാക്‌സിനേഷൻ സംരംഭങ്ങൾക്കുമായി 30,000ത്തിലധികം ഡോക്‌ടർമാരെ ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ടെന്ന് ഡോ. അനിൽകുമാർ പറഞ്ഞു.

Also Read: ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ; മാതൃകയായി ശ്രീ സത്യസായി സഞ്ജീവനി ഹാർട്ട് കെയർ സെൻ്റർ