ETV Bharat / health

കൊതുകുകടിയെ നിസ്സാരമാക്കരുത്; മലേറിയയുടെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

പെൺ അനോഫിലിസ് കൊതുകുകൾ വഴി പകരുന്ന പ്ലാസ്മോഡിയം മൂലമുണ്ടാകുന്ന മാരകമായ അസുഖമാണ് മലേറിയ. ലക്ഷണങ്ങളെയും എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സീനിയർ കൺസൾട്ടൻ്റ് ഡോ. സന്ദീപ്

MALARIA  HOW TO PREVENT MALARIA  SYMPTOMS OF MALARIA  HEALTH NEWS
Lazy summer days have the exact settings that mosquitoes love (Getty Images)
author img

By ETV Bharat Kerala Team

Published : May 7, 2026 at 1:14 PM IST

3 Min Read
Choose ETV Bharat

വേനൽക്കാലം സാധാരണയായി അവധിക്കാലത്തിൻ്റെയും യാത്രകളുടെയും ആഘോഷങ്ങളുടെയും സമയമാണ്. കുട്ടികൾ വീടുകൾക്ക് പുറത്തും പാർക്കുകളിലും കളിച്ചുല്ലസിക്കുന്ന കാലം കൂടിയാണിത്. എന്നാൽ ഈ വേനൽക്കാലത്ത് നമ്മുടെ വീടുകളിൽ ക്ഷണിക്കപ്പെടാതെ എത്തുന്ന ഒരു അതിഥിയുണ്ട്, കൊതുക്.

വിനോദയാത്രകളും സന്ധ്യാസമയങ്ങളിലെ നടത്തവുമെല്ലാം കൊതുകുകടിയേൽക്കാനും മലേറിയ പോലുള്ള ഗുരുതരമായ രോഗങ്ങൾ പിടിപെടാനും കാരണമാകാം. വെറുമൊരു കൊതുകുകടിയല്ലേ എന്ന് നിസ്സാരമായി തള്ളിക്കളയരുത്. ഈ ഒരൊറ്റ കൊതുകുകടി മതി പൂർണമായും ആസ്വദിക്കേണ്ട വേനൽക്കാലത്തെ നീണ്ട ആശുപത്രി വാസമാക്കി മാറ്റാൻ. വേനൽക്കാല രോഗങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമായ ഒന്നാണ് മലേറിയ എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അവഗണിക്കരുത് ഈ ലക്ഷണങ്ങളെ

കൊതുകുകളെ നാം പലപ്പോഴും വലിയൊരു ശല്യമായി കാണാറില്ല. എന്നാൽ മലേറിയ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇതിൻ്റെ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതെന്ന് മുംബൈ ഡോംബിവ്‌ലി എയിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് ഇൻ്റൻസിവിസ്റ്റ് ഡോ. സന്ദീപ് കുമാർ കാഡിയൻ വ്യക്തമാക്കുന്നു. മലേറിയയുടെ തുടക്കത്തിൽ പലപ്പോഴും സാധാരണ പനി മാത്രമാണ് അനുഭവപ്പെടുക.

MALARIA  HOW TO PREVENT MALARIA  SYMPTOMS OF MALARIA  HEALTH NEWS
Mosquito repellants (Getty Images)

കടുത്ത കുളിരും വിയർപ്പും ഇതിനോടൊപ്പം ഉണ്ടാകും. തലവേദന, ശരീരവേദന, കടുത്ത ക്ഷീണം എന്നിവയും പ്രാഥമിക ലക്ഷണങ്ങളാണ്. പിന്നീട് ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. സാധാരണ പനിയാണെന്ന് കരുതി ഇതിനെ അവഗണിക്കുന്നത് അപകടമാണ്. മൂന്നോ നാലോ ദിവസം പനി തുടരുകയാണെങ്കിൽ അത് ഗൗരവമായി കാണണം. വൈറൽ പനിയാണെന്ന് സ്വയം തീരുമാനിക്കുന്നത് രോഗം മൂർച്ഛിക്കാൻ കാരണമാകും. ഈ സമയത്ത് ശരീരത്തിൽ പ്രവേശിച്ച പരാദങ്ങൾ അവയുടെ പ്രവർത്തനം തുടരുകയാകും ചെയ്യുക.

ഗുരുതരാവസ്ഥയും പ്രതിരോധവും

കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അണുബാധ വേഗത്തിൽ അപകടകരമായ അവസ്ഥയിലേക്ക് മാറും. രക്തത്തിൽ വിളർച്ച, ശ്വാസതടസ്സം, ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക, കോമ അവസ്ഥയിലെത്തുക എന്നിവയ്ക്കും ഇത് കാരണമാകാം. അതിനാൽ മുൻകരുതലുകൾ എടുക്കുക എന്നത് ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്. വൈകുന്നേരം കുട്ടികൾ പാർക്കുകളിൽ കളിക്കാൻ പോകുമ്പോഴും കുടുംബവുമൊത്ത് ചെറിയ യാത്രകൾക്ക് പുറത്തുപോകുമ്പോഴുമെല്ലാം കൊതുകുകടിയേൽക്കാൻ സാധ്യത വളരെ കൂടുതലാണ്.

ചൂടുള്ള കാലാവസ്ഥയും കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകുകൾക്ക് പെരുകാനുള്ള അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ഇതിൽ നിന്നും രക്ഷനേടാൻ ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകുമെന്ന് ഡോ. സന്ദീപ് കുമാർ കാഡിയൻ ഓർമിപ്പിച്ചു. കൊതുകുതിരികളും കൊതുകിനെ അകറ്റാൻ ശരീരത്തിൽ പുരട്ടുന്ന മറ്റ് ലേപനങ്ങളും നിർബന്ധമായും ഉപയോഗിക്കണം. വൈകുന്നേരങ്ങളിൽ പുറത്തിറങ്ങുമ്പോൾ ശരീരം പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. സന്ധ്യാസമയത്ത് വീടിൻ്റെ ജനലുകളും വാതിലുകളും അടച്ചിടുകയോ കൊതുക് വലകൾ ഉപയോഗിക്കുകയോ ചെയ്യണം.

വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്

കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രം കെട്ടിക്കിടക്കുന്ന നല്ല വെള്ളമാണ്. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മലേറിയ പരത്തുന്ന പരാദങ്ങളെ മനുഷ്യ ശരീരത്തിൽ എത്തിക്കുന്നത്. ഇവയ്ക്ക് മുട്ടയിട്ട് പെരുകണമെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം അത്യാവശ്യമാണ്. വീടുകളിലെ കൂളറുകൾ, ബക്കറ്റുകൾ, ചെടിച്ചട്ടികൾ, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാൻ ഒരിക്കലും അനുവദിക്കരുത്. ഇവ കൃത്യമായി പരിശോധിച്ച് പതിവായി വൃത്തിയാക്കണം.

നിസ്സാരമെന്ന് കരുതി നാം ശ്രദ്ധിക്കാതെ കിടക്കുന്ന ചെറിയ പാത്രങ്ങളിലെ വെള്ളത്തിൽ പോലും നൂറുകണക്കിന് കൊതുകുകൾ വളരെ വേഗം പെരുകാൻ സാധ്യതയുണ്ട്. നാല് ദിവസം പനി തുടരുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഉടൻ തന്നെ ഡോക്ടറെ കണ്ട് രക്ത പരിശോധനകൾ ഉൾപ്പെടെ നടത്തേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുന്നത് വഴി അപകടാവസ്ഥ ഒഴിവാക്കാൻ സാധിക്കും.

വൈകി ലഭിക്കുന്ന ചികിത്സ കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കും. അവധിക്കാലം ആശുപത്രിയിലാകാതിരിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പരമാവധി ഉറപ്പുവരുത്തണം. വേനൽക്കാലത്ത് വീടിനുള്ളിൽ കേൾക്കുന്ന കൊതുകുകളുടെ മൂളലുകളെ വെറുമൊരു ശല്യമായി മാത്രം കാണാതെ വലിയൊരു അപകടത്തിൻ്റെ മുന്നറിയിപ്പായി കണക്കാക്കി പ്രതിരോധം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.

Also Read: സണ്‍ ടാൻ ഒരു സൗന്ദര്യ പ്രശ്‌നമല്ല, ചർമ്മത്തെ തകർക്കും വില്ലൻ; വെയില്‍ കൊള്ളണം, പക്ഷേ ഇക്കാര്യങ്ങള്‍ ഓർക്കാതെ വേണ്ട