പിഞ്ചുബാലന് പുതുജീവൻ; ഒരു വയസുകാരൻ്റെ വൃക്കയിലെ കല്ല് നൂതന ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു
നൂതന വിദ്യയായ എക്‌സ്ട്രാകോർപോറിയൽ ഷോക്ക് വേവ് ലിത്തോട്രിപ്‌സിയിലൂടെയാണ് വൃക്കയിൽ നിന്ന് കല്ല് നീക്കം ചെയ്‌തത്. മുറിവും വേദനയും ഇല്ലാതെ ചെയ്യുന്ന ശസ്‌ത്രക്രിയയാണിത്.

Published : April 8, 2026 at 8:33 PM IST
ഹൈദരാബാദ്: ഒരു വയസുള്ള ആൺകുട്ടിയുടെ ഇടത് വൃക്കയിൽ നിന്ന് 10 മില്ലി മീറ്റർ വലുപ്പമുള്ള കല്ല് നൂതന ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിലെ ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജി (എഐഎൻയു) വിഭാഗത്തിലെ ഡോക്‌ടർമാരാണ് ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്. കുഞ്ഞിൻ്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കർണാടകയിലെ ബിദറിൽ നിന്നുള്ള കുട്ടിക്കാണ് ശസ്‌ത്രക്രിയ നടത്തിയത്. മൂത്രാശയത്തിൽ നിന്ന് രക്തത്തിൻ്റെ അംശവും നിർത്താതെയുള്ള കരച്ചിലും കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കയിൽ കല്ല് ഉള്ളതായി സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയെ പരിശോധിച്ച ശിശുരോഗ വിദഗ്‌ധൻ എഐഎൻയുവിലേയ്‌ക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ വൃക്കയിൽ 10 മില്ലി മീറ്റർ നീളമുള്ള കല്ല് കണ്ടെത്തി.
മുറിവുകളും വേദനയും ഇല്ലാത്ത ചികിത്സാ രീതി
കുട്ടിയുടെ പ്രായവും ശരീരഘടനയും കണക്കിലെടുത്ത് എഐഎൻയുവിലെ കൺസൾട്ടൻ്റ് യൂറോളജിസ്‌റ്റായ ഡോ. ഗോപാൽ രാംദാസ് തക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം ഡോർണിയർ ലിത്തോട്രിപ്‌റ്റർ മെഷീൻ ഉപയോഗിച്ച് എക്‌സ്ട്രാകോർപോറിയൽ ഷോക്ക് വേവ് ലിത്തോട്രിപ്‌സിയിലൂടെ (ഇഎസ്‌ഡബ്ലൂഎൽ) വൃക്കയിൽ നിന്ന് കല്ല് നീക്കം ചെയ്യുകയായിരുന്നു.
ശരീരത്തിൽ മുറിവുകളില്ലാതെയും മൂത്രനാളിയിലൂടെ ഉപകരണം കടത്തിവിടാതെയും കല്ല് നീക്കം ചെയ്യുന്ന നൂതന രീതിയാണിത്. ഉയർന്ന ഊർജമുള്ള ഷോക്ക് തരംഗങ്ങൾ ഉപയോഗിച്ച് കല്ല് പൊടിച്ച് ചെറിയ കഷണങ്ങളാക്കി മൂത്രാശയത്തിലൂടെ പുറത്തെടുക്കുന്ന രീതിയാണിത്. ശസ്‌ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി പൂർവ്വസ്ഥിതിയിലായി എന്ന് ഡോക്‌ടർമാർ അറിയിച്ചു .
അപകട സാധ്യതകളില്ലാതെയുള്ള ശസ്ത്രക്രിയയാണിതെന്ന് ഡോക്‌ടർമാർ അവകാശപ്പെടുന്നു. പ്രത്യേകിച്ച് കുട്ടികളിൽ. അൾട്രാസൗണ്ട് സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് അയോണൈസിങ് റേഡിയേഷൻ്റെ അപകട സാധ്യതകൾ പൂർണമായും ഇല്ലാതാക്കുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വേദന അനുഭവപ്പെടുന്നില്ല എന്ന് ഡോ. ഗോപാൽ രാംദാസ് തക്ക് പറഞ്ഞു.
ഈ വിജയകരമായ ശസ്‌ത്രക്രിയ ശിശു സൗഹൃദ പ്രതിബന്ധതയാണ് അടിവരയിടുന്നത്. പരമ്പരാഗത ശസ്‌ത്രക്രിയയ്‌ക്ക് പകരം ഈ രീതി വളരെ മികച്ചതാണെന്ന അഭിപ്രായം മറ്റ് ശിശുരോഗ വിദഗ്‌ധരും വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികൾക്ക് പോലും ഈ ശസ്‌ത്രക്രിയ ഫലം ചെയ്യുന്നു എന്നതാണ് സവിശേഷത.
സുരക്ഷിതമായ ചികിത്സാരീതി
രാജ്യമൊട്ടാകെ വർധിച്ച് വരുന്ന ഒരു അവസ്ഥയാണ് വൃക്കയിലെ കല്ല്. കുട്ടികളിലും വ്യാപനം വർധിക്കുന്നു. ഭക്ഷണക്രമത്തിൽ വരുന്ന മാറ്റങ്ങൾ ഒരു പ്രധാന കാരണമാണ്. ഇതിനെതിരെ നൂതന എൻഡോസ്കോപ്പിക്, ലേസർ അധിഷ്‌ഠിത ചികിത്സകൾ ഫലപ്രദമാണെങ്കിലും, ശരീരഘടനാപരമായ പരിമിതികൾ കാരണം കുട്ടികളിൽ അവയുടെ ഉപയോഗം വെല്ലുവിളി സൃഷ്‌ടിക്കുന്നു.
ആയതിനാൽ എക്‌സ്ട്രാകോർപോറിയൽ ഷോക്ക് വേവ് ലിത്തോട്രിപ്‌സി സുരക്ഷിതവും വളരെ ഫലപ്രദമായ ചികിത്സാ രീതിയായി മാറുന്നു എന്ന് എഐഎൻയു മാനേജിങ് ഡയറക്‌ടറും ചീഫ് കൺസൾട്ടൻ്റ് യൂറോളജിസ്‌റ്റും റോബോട്ടിക് സർജനുമായ ഡോ. മല്ലികാർജുന സി പറയുന്നു. ഡോ. പൂർണ ചന്ദ്ര റെഡി, ഡോ. ഗോപാൽ രാംദാസ് തക്, ഡോ. മല്ലികാർജുന സി, ദേശ്‌പാണ്ഡ്യ ഹെമേഷ് എന്നിവരുടെ സംഘമാണ് ശസ്‌ത്രക്രിയ വിജയകരമാക്കിയത്.
Also Read: കൊവിഡിനും ഇൻഫ്ലുവൻസയ്ക്കും സമാനമായ തീവ്രത; രക്താർബുദ രോഗികൾക്ക് ഭീഷണിയായി ഹ്യൂമൻ മെറ്റാന്യൂമോവൈറസ്

