കേരളത്തിൽ കാൻസർ വ്യാപനം ആശങ്കാജനകം; വർധിച്ചുവരുന്ന രോഗനിരക്കും അതിനൂതന ചികിത്സാ രീതികളുമായി വിദഗ്‌ധർ
സംസ്ഥാനത്ത് ഒരു ലക്ഷം പേരിൽ 170 പേർ കാൻസർ ബാധിതരെന്ന് കണക്കുകൾ. ജീവിതശൈലിയിലെ മാറ്റങ്ങൾ, വർധിച്ചുവരുന്ന ആയുർദൈർഘ്യം എന്നിവയാണ് ഈ വർധനവിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്‌ധർ.

Published : May 3, 2026 at 8:03 AM IST
എറണാകുളം: കേരളത്തിൽ ഓരോ വർഷവും കാൻസർ രോഗികളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്‌ധർ. ജീവിതശൈലിയിലെ മാറ്റങ്ങൾ, വർധിച്ചുവരുന്ന ആയുർദൈർഘ്യം എന്നിവയാണ് ഈ വർധനവിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു ലക്ഷം പേരിൽ 170 പേർ കാൻസർ ബാധിതരാണ്. ഓരോ വർഷവും ഏകദേശം 85,000 നും 90,000 നുമിടയിൽ പുതിയ ക്യാൻസർ രോഗികൾ ഉണ്ടാകുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഠനങ്ങൾ പ്രകാരം കേരളത്തിലെ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ 20 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാൻസർ കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യന്നതും വളരെ കൂടുതലാണ്. ഇത് ഉയർന്ന നിരക്ക് രേഖപ്പെടുത്താൻ മറ്റൊരു കാരണമായി വിദഗ്‌ധർ പറയുന്നു. കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യ അവബോധവും പരിശോധനാ സംവിധാനങ്ങളും ഇതിൽ വലിയ പങ്ക് വഹിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
കാരണങ്ങളും ജീവിതശൈലിയും
കാൻസർ രോഗ വിദഗ്‌ധനായ ഡോ. വരുൺ രാജൻ്റെ നിരീക്ഷണത്തിൽ, കേരളത്തിലെ ഉയർന്ന ജീവിതനിലവാരവും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും രോഗവ്യാപനത്തിന് പ്രധാന കാരണമാണ്. പാശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായ ജീവിതശൈലിയാണ് ഇന്ന് മലയാളികൾ പിന്തുടരുന്നത്. കേരളത്തിൽ ആയുർദൈർഘ്യം കൂടുതലായതിനാൽ പ്രായമായവരുടെ എണ്ണം വർധിക്കുന്നു. ഏകദേശം 80 ശതമാനം ക്യാൻസറുകളും 60 വയസിന് മുകളിലുള്ളവരിലാണ് കാണപ്പെടുന്നത്. ശാരീരിക അധ്വാന കുറവ്, അമിതവണ്ണം, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം എന്നിവ രോഗസാധ്യത വർധിപ്പിക്കുന്നതായും ഡോ വരുൺ രാജൻ ചൂണ്ടിക്കാണിച്ചു.
കാൻസറും പ്രാദേശിക ഘടകങ്ങൾ
കേരളത്തിലെ ഓരോ ജില്ലകളിലും കാൻസർ വ്യാപനത്തിൽ വൈവിധ്യമുണ്ടെന്ന് ഓങ്കോളജി സർജൻ ഡോ. ശ്യാം വിക്രം ചൂണ്ടിക്കാട്ടുന്നു. കൊല്ലം ചവറ ഭാഗങ്ങളിൽ കരിമണലിലെ റേഡിയേഷൻ മൂലം തൈറോയ്‌ഡ് ക്യാൻസർ കൂടുതലായി കാണപ്പെടുമ്പോൾ, ഭക്ഷണരീതിയിലെ പ്രത്യേകതകൾ കാരണം മലബാർ മേഖലയിൽ വൻകുടലിലെ കാൻസർ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രകടമായ ലക്ഷണങ്ങളില്ലാത്തതുകൊണ്ട് കാൻസർ രോഗനിർണയം വൈകുന്നതാണ് ചികിത്സയിലെ പ്രധാനപ്പെട്ട ഒരു വെല്ലുവിളി.
കാൻസർ പൂർണമായും ചികിത്സിച്ച് ഭേദമാക്കുക എന്ന ഒരു വാക്ക് നേരത്തെ ഉപയോഗിച്ചിരുന്നില്ല, എന്നാൽ പുതിയകാലത്ത് അത് മാറി വരികയാണ്. ഇപ്പോൾ തുടക്ക സമയത്ത് തന്നെ കണ്ടെത്തുന്ന ക്യാൻസറുകൾ പൂർണമായും ചികിത്സിച്ച് ഭേദമാക്കാം എന്നുതന്നെയാണ് ഞങ്ങൾ രോഗികളോട് പറയാറുള്ളത്.
ക്യാൻസറിനോടൊപ്പം തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന സാഹചര്യം നിലവിൽ ചികിത്സയിലൂടെ സാധ്യമാകുന്നുണ്ട്.
80 വയസ് കഴിഞ്ഞ സ്ത്രീകളിൽ എട്ടു ശതമാനത്തോളം കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ശ്വാസകോശ ക്യാൻസർ കൂടുതലായി കാണുന്നത് പുരുഷന്മാരിലാണ്. പുകവലിയാണ് ഇതിൻ്റെ പ്രധാന കാരണം. ജനിതകപരമായ കാരണങ്ങൾ കൊണ്ടുവരുന്ന കാൻസർ വെറും 20% മാത്രമാണ് ഉള്ളത്. ബാക്കിയുള്ള കാൻസർ ജീവിതശൈലി ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആദ്യം തിരിച്ചറിയാൻ കഴിയുന്നത് നമുക്ക് തന്നെയാണന്നും ഡോക്‌ടർ ഒർമപ്പെടുത്തി.
സ്ത്രീകളിലെയും കുട്ടികളിലെയും കാൻസർ
സ്ത്രീകളിൽ സ്‌തനാർബുദവും ഗർഭാശയ ക്യാൻസറുമാണ് പ്രധാനമായും കണ്ടുവരുന്നത്. ജീവിതശൈലി, വ്യായാമമില്ലായ്‌മ, അമിതവണ്ണം എന്നിവ സ്‌തനാർബുദത്തിനുള്ള പ്രധാന കാരണങ്ങളാണ്. അതേസമയം, മുതിർന്നവരിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ നിന്ന് വ്യത്യസ്‌തമാണ് കുട്ടികളിലെ സാഹചര്യം. കുട്ടികളിൽ പ്രധാനമായും ലുക്കീമിയ (രക്താർബുദം), ബ്രെയിൻ ട്യൂമർ എന്നിവയാണ് കാണപ്പെടുന്നത്.
എന്നാൽ കുട്ടികളിലെ രക്താർബുദം കൃത്യമായ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാൻ സാധിക്കുമെന്നത് ആശ്വാസകരമാണ്. പ്രതിരോധവും രോഗനിർണ്ണയവും രോഗം വരാതെ തടയുന്നതിനും പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനുമാണ് മുൻഗണന നൽകേണ്ടത്.
- ജീവിതശൈലി ക്രമീകരണം: കൃത്യമായ വ്യായാമം, ലഹരി പദാർഥങ്ങളുടെയും പുകയിലയുടെയും വർജ്ജനം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയിലൂടെ ഒരു പരിധി വരെ ക്യാൻസറിനെ അകറ്റി നിർത്താം.
- വാക്‌സിനേഷൻ: ഗർഭാശയ ക്യാൻസറിനെതിരെയുള്ള എച്ച് പി വി വാക്‌സിൻ നിലവിൽ ലഭ്യവും ഫലപ്രദവുമാണ്. എന്നാൽ പൊതുവായ 'ക്യാൻസർ വാക്‌സിൻ' എന്ന വാർത്തകൾ വ്യാജമാണെന്നും അത്തരത്തിലുള്ള പഠനങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഡോക്‌ടർമാർ ഓർമ്മിപ്പിക്കുന്നു.
- സ്വയം ചികിത്സ ഒഴിവാക്കുക: വിസർജ്യത്തിൽ രക്തം കാണുന്നത് പൈൽസ് ആണെന്നോ, വയറിലെ അസ്വസ്ഥത ഗ്യാസ് ആണെന്നോ കരുതി സ്വയം ചികിത്സിക്കുന്നത് രോഗനിർണയം വൈകിപ്പിക്കും. ലക്ഷണങ്ങൾ അവഗണിക്കാതെ ശാസ്ത്രീയ പരിശോധനകൾ നടത്തുകയാണ് വേണ്ടത്.
ചികിത്സാ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ
ക്യാൻസർ ചികിത്സയിൽ ഇന്ന് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ശസ്ത്രക്രിയ, കീമോതെറാപ്പി എന്നിവയ്ക്ക് പുറമെ അതിനൂതനമായ ചികിത്സകൾ നിലവിലുണ്ട്.
ഇമ്മ്യൂണോ തെറാപ്പി
ശരീരത്തിൻ്റെ പ്രതിരോധ ശക്തി വർധിപ്പിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്. ഇതിന് പാർശ്വഫലങ്ങൾ കുറവാണ്.
ടാർഗറ്റഡ് തെറാപ്പി
കൃത്യമായി കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ചികിത്സാരീതി. ഗുളികകൾ കൊണ്ട് മാത്രം ചികിത്സിക്കാവുന്ന രീതികൾ പോലും ഇതിലുണ്ട്.
സർജിക്കൽ ഓങ്കോളജി
റോബോട്ടിക് സർജറി ഇന്ന് കാൻസർ ചികിത്സയിൽ വലിയ മാറ്റമുണ്ടാക്കി. മുൻപ് ചികിത്സിക്കാൻ പ്രയാസകരമായിരുന്ന ചെറുകുടൽ കാൻസർ പോലുള്ളവയ്ക്ക് ഇന്ന് അവയവമാറ്റ ശസ്ത്രക്രിയകൾ വരെ ലഭ്യമാണ്.
കാൻസർ എന്നാൽ മരണമാണെന്ന പഴയ ചിന്താഗതി മാറേണ്ടതുണ്ട്. തുടക്കത്തിലേ കണ്ടെത്തിയാൽ കാൻസർ പൂർണമായും ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ രോഗം മറച്ചുവെക്കുന്നതും ചികിത്സ വൈകിപ്പിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളത്തിൽ വർധിച്ചുവരുന്ന ക്യാൻസർ നിരക്കിനെതിരെ ജനങ്ങളിൽ കൂടുതൽ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ഡോ. പി വി ലൂയിസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമൂഹികമായ ഇടപെടലുകളും ശാസ്ത്രീയമായ ചികിത്സാ രീതികളും സമന്വയിപ്പിച്ചുകൊണ്ട് മാത്രമേ കാൻസർ എന്ന വെല്ലുവിളിയെ കേരളത്തിന് അതിജീവിക്കാൻ സാധിക്കൂ. വർധിച്ചു വരുന്ന കാൻസർ രോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും, കാൻസർ ചികിത്സയ്ക്ക് മാർഗനിർദേശം നൽകുന്നതിനുമാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ മെയ് 2, 3 തീയതികളിൽ കൊച്ചിയിൽ ആഗോള ക്യാൻസർ സമ്മേളനം സംഘടിപ്പിച്ചത്.
Also Read: ഗർഭാശയ കാൻസറിനെ ലോകത്തിൽ നിന്ന് തുടച്ചുനീക്കാനാകുമോ? ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യങ്ങൾ അറിയാം

