ആരോഗ്യവകുപ്പിൽ 10 വർഷം കൊണ്ട് ആവിയായത് 200 കോടിയിലധികം രൂപ! മുൻമന്ത്രിമാരുടെ ഓഫിസും അന്വേഷണ പരിധിയിൽ
ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടിയത് സാമ്പത്തികനഷ്ടത്തിന് കാരണം. 2024ൽ മാത്രം വിതരണം ചെയ്യാതെ നശിപ്പിച്ചത് 73 കോടി രൂപയുടെ മരുന്നുകൾ

Published : July 9, 2026 at 1:00 PM IST
സി എസ് സിദ്ധാർത്ഥൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ 10 വർഷത്തോളമായി നടന്നത് 200 കോടിയിലധികം രൂപയുടെ അഴിമതിയാണെന്ന വിലയിരുത്തലിൽ സർക്കാർ. ഉപകരണങ്ങൾ വാങ്ങലും ഉപയോഗവും പരിപാലനവുമായി ബന്ധപ്പെട്ടാണ് കോടികൾ കൂടുതലും നഷ്ടമായത്. രണ്ട് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 21 ആശുപത്രികളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നത് 72.81 കോടി രൂപയുടെ ഉപകരണങ്ങളാണ്. 2024ൽ മാത്രം വിതരണം ചെയ്യാതെ നശിപ്പിച്ചത് 73 കോടി രൂപയുടെ മരുന്നുകളാണ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ പ്രവർത്തനങ്ങൾക്കു പുറമേ ആരോഗ്യവകുപ്പ് മുൻ മന്ത്രിമാരുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു.
ഉപയോഗിക്കാതെ 100 കോടിയോളം രൂപയുടെ ഉപകരണങ്ങൾ
സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ 72.81 കോടിയുടെ ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കഴിഞ്ഞ വർഷം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ 40, തിരുവനന്തപുരം മെഡിക്കൽ കോളജിൽ 14 വീതം ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. പ്രവർത്തിപ്പിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്നും സ്പെയർ പാർട്സ് കിട്ടാനില്ലെന്നും അറ്റകുറ്റപ്പണിക്ക് കരാർ നൽകാനാവുന്നില്ലെന്നുമുള്ള കാരണമാണ് ആശുപത്രി അധികൃതർ ഉന്നയിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ 2015ൽ വാങ്ങിയ 15 ലക്ഷം വിലയുള്ള വൈഎജി ലേസർ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിക്കുന്നില്ല. സ്പെയർ പാർട്സുകൾ ലഭിക്കുന്നില്ലെന്നതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.

വെൻ്റിലേറ്ററുകൾ മാറ്റിയിട്ടത് സ്വിച്ച് പോയതിനാൽ
ഒൻപത് ലക്ഷം രൂപയ്ക്കു വാങ്ങിയ മറ്റൊരു ഉപകരണം കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്നില്ല. സോഫ്റ്റ്‌വെയർ കാലഹരണപ്പെട്ടതിനാൽ അറ്റകുറ്റപ്പണി നടത്താനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. അനസ്തീസിയ വർക്ക് സ്റ്റേഷൻ ഇഎക്സ് ഉപകരണം 2019ൽ 15 ലക്ഷത്തിനാണു വാങ്ങിയത്. അതിൻ്റെ കവറിൻ്റെ ചോർച്ച കാരണം രണ്ട് വർഷമായി പ്രവർത്തിപ്പിക്കുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് വെൻ്റിലേറ്ററുകളുടെ സ്വിച്ച് പ്രവർത്തിക്കാത്തതിനാൽ മൂന്ന് വർഷമായി ഉപയോഗിക്കുന്നില്ല.
പാക്കിങ് പൊട്ടിക്കാതെ ചിതലെടുത്ത് പോയ മെഷീനുകൾ
വയനാട് മെഡിക്കൽ കോളജിന് ലഭിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന ലോൺട്രി മെഷീൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ പെട്ടിപോലും പൊട്ടിക്കാതെ മെഡിക്കൽ കോളജ് പരിസരത്ത് അനാഥമായി കിടക്കുകയാണ്. യന്ത്രത്തിൻ്റെ പാക്കിങ് ചിതലെടുത്ത് തുടങ്ങി. രോഗികൾക്കായി വാങ്ങിയ പത്തിലേറെ സ്ട്രെച്ചറുകൾ, കവർ പൊട്ടിക്കാത്ത ബെഡുകൾ, എയർ കണ്ടീഷനറുകൾ, ഉപയോഗിക്കാത്ത വീൽചെയറുകൾ, ട്രോളികൾ എന്നിവയെല്ലാം നശിച്ചവയുടെ കൂട്ടത്തിലുണ്ട്. കൊവിഡ് കാലത്ത് സന്നദ്ധ സംഘടന മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകിയ 15 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന നാല് മെഡിക്കൽ ഫ്രീസറുകൾ ഉപയോഗിക്കാതെ നശിച്ചു.
ഉപകരണങ്ങൾ നശിക്കുന്നത് കൊവിഡ് കാലം മുതൽ
വിലയേറിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാതെ നശിച്ചതിലെ നഷ്ടം 7.28 കോടിക്കു മുകളിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിലെ 172 മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ചതായി രണ്ട് വർഷത്തിനു മുൻപുതന്നെ കണ്ടെത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വാങ്ങിയതാണ്. കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാൻ്റുകൾ, ജനറേറ്ററുകൾ എന്നിവയും നശിച്ച കൂട്ടത്തിൽപ്പെടും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഭാഗമായി വാങ്ങിയ വിലകൂടിയ ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മിഷൻ ചെയ്യാതെയും കിടക്കുകയാണ്. മൊബൈൽ മോർച്ചറികളും ഇക്കൂട്ടത്തിലുണ്ട്.
550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് 1550 രൂപയ്ക്ക്
കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പിപിഇ കിറ്റ് 2020 മാർച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാർച്ച് 30ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. രണ്ട് ദിവസത്തിൽ പിപിഇ കിറ്റിൻ്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്.
കാലാവധി കഴിഞ്ഞ് നശിപ്പിച്ചത് 73 കോടി രൂപയുടെ മരുന്നുകൾ
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സ്വകാര്യ കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ മെഡിക്കൽ സർവീസസ് കോർപറേഷനിലെ സ്ഥിരം വിതരണക്കാരായ മൂന്ന് പേരുൾപ്പെടെ നാല് സ്ഥാപനങ്ങൾ തയാറായി നിൽക്കെയാണ് ഉയർന്ന നിരക്കിൽ ഓർഡർ നൽകിയത്. 2024ൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സമയബന്ധിതമായി വിതരണം ചെയ്യാതെ 14 ജില്ലകളിലുമായി നശിപ്പിച്ചത് 73 കോടി രൂപയുടെ മരുന്നുകളാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന റിപ്പോർട്ടിൽ കർശന നടപടിയെന്ന് മന്ത്രി
ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാതെ നശിച്ച സംഭവങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും ഉൾപ്പെടുന്ന സമിതിയെ നിയോഗിക്കും. സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിട്ടുള്ളത്. സമിതി രൂപീകരണത്തിന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടർനടപടികൾ കൈക്കൊള്ളുന്നതു സംബന്ധിച്ച ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്ന് മന്ത്രി കെ മുരളീധരൻ ഇടിവി ഭാരതിനോട് പറഞ്ഞു.
മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ ബ്ലീച്ചിങ് പൗഡർ ഇടപാട് വിവാദമായതിനെത്തുടർന്ന് അന്വേഷിക്കാൻ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിങ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്നാണ് ആരോപണം ഉയർന്നത്.
Also Read: ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാൻ പുതിയ നീക്കം; ആഗോള ഡാറ്റാബേസുമായി ലോകാരോഗ്യ സംഘടന

