'ഡെങ്കിഓൾ' പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിൽ; ലോകത്തിലെ ആദ്യ ഇന്ത്യൻ ഡെങ്കിപ്പനി വാക്‌സിൻ ഉടൻ
ഏകദേശം 15 വർഷമായി പനേഷ്യ ബയോടെക് കമ്പനി പിന്തുടരുന്ന ഗവേഷണ ശ്രമത്തിൻ്റെ ഭാഗമായി, വാക്‌സിൻ ഡെങ്കിയോളിൻ്റെ അവസാന ഘട്ടമായ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചു.

Published : February 27, 2026 at 4:45 PM IST
ന്യൂഡൽഹി: ആഗോളതലത്തിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുമ്പോൾ, ഡെങ്കിക്കെതിരായ ഇന്ത്യൻ വാക്‌സിൻ്റെ പരീക്ഷണവും പരിശോധകളും അന്തിമ ഘട്ടമായ മൂന്നാം ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ ഒറ്റ-ഡോസ് വാക്‌സിൻ എന്ന പ്രതീക്ഷയാണിവിടെ ഉയരുന്നത്.
ആഗോള പകർച്ചവ്യാധിയെ തടയുകയെന്ന ലക്ഷ്യത്തോടെ പനേഷ്യ ബയോടെക് എന്ന കമ്പനിയാണ് ഡെങ്കി വാക്‌സിനായ ഡെങ്കിഓൾ (DengiAll) നിർമ്മിക്കുന്നത്. ഇപ്പോൾ വാക്‌സിൻ്റെ അവസാന ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചു. ഏകദേശം പതിനഞ്ച് വർഷമായി തുടർന്നുപോരുന്ന പരീക്ഷണമാണ് അവസാനഘട്ടമായ മൂന്നാംഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുന്നത്. വാക്‌സിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ 2024 ലാണ് ആരംഭിച്ചിരുന്നത്. ഈ വർഷം അവസാനത്തോടെ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.
നാല് ഡെങ്കി സീറോടൈപ്പുകൾക്കുമെതിരായ വാക്‌സിനുകൾ, വളരെക്കാലമായി ഒരു ശാസ്ത്രീയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നിലവിലുള്ള മിക്ക ഡെങ്കി ബാധിതർക്കും ഒന്നിലധികം ഡോസുകൾ ആവശ്യമാണ്. വാക്‌സിന് അംഗീകാരം ലഭിച്ചാൽ ലോകത്തിലെ ആദ്യത്തെ ഒറ്റ-ഡോസ് ഡെങ്കി വാക്‌സിനുകളിൽ ഒന്നായി ഡെങ്കിഓൾ മാറും എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി ലഭ്യമാകുന്ന വാക്‌സിൻ കൂടിയാണിത്. യുഎസ് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വികസിപ്പിച്ചെടുത്ത ഒരു ടെട്രാവാലൻ്റ് സ്ട്രെയിനിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാക്‌സിൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ മേൽനോട്ടത്തിലാണ് വാക്‌സിനെപ്പറ്റിയുള്ള പഠനവും പരീക്ഷണവും നിലവിൽ നടക്കുന്നത്. രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം വോളണ്ടിയർമാരാണ് ഈ പഠനത്തിൽ പങ്കാളികളായിട്ടുള്ളത്. പരീക്ഷണ ഫലങ്ങൾ അനുകൂലമാണെങ്കിൽ അടുത്ത വർഷം ആദ്യം തന്നെ വാക്‌സിൻ പുറത്തിറക്കുമെന്നാണ് പനേഷ്യയുടെ ചീഫ് സയൻ്റിഫിക് ഓഫിസർ സയ്യിദ് ഖാലിദ് അലി പറയുന്നത്.
ഒരു വയസ് മുതൽ അറുപത് വയസുവരെയുള്ളവർക്ക് ഡെങ്കിഓൾ വാക്‌സിൻ നൽകാമെന്നും ഇത് ദീർഘകാല സംരക്ഷണം നൽകുമെന്നും സയ്യിദ് ഖാലിദ് അലി കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിൽ വാക്‌സിൻ ഉപയോഗിക്കുന്നതിന് അന്തിമ അനുമതി ഡ്രഗ് കൺട്രോളർ ജനറലിൻ്റേതാണ്. അതേസമയം അന്താരാഷ്ട്ര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ പ്രീക്വാളിഫിക്കേഷനും ആവശ്യമാണെന്ന് അവർ വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയിൽ ഇപ്പോൾ ഡെങ്കിപ്പനിയെ ഹൈപ്പർഎൻഡമിക് ആയി കണക്കാക്കുന്നു. നാല് വൈറസ് സെറോടൈപ്പുകളും ഒരേസമയം പ്രചരിക്കുന്നു. ഇത്തരം കേസുകൾ നിയന്ത്രിക്കുന്നതിനും രോഗവ്യാപനത്തിൻ്റെ തീവ്രത തടയുന്നതിനും ഈ ഇന്ത്യൻ വാക്‌സിൻ അത്യാവശ്യമാണെന്ന്, ന്യൂഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ ക്ലിനിക്കൽ വൈറോളജി പ്രൊഫസർ ഡോക്‌ടർ ഏക്താ ഗുപ്‌ത പറഞ്ഞു.
പനേഷ്യ കമ്പനിയുടെ ഗവേഷണ ലാബുകളിൽ വാക്‌സിൻ വികസിപ്പിക്കുന്നതിൽ നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു എന്ന് ബയോളജിക്കൽ ആർ ആൻഡ് ഡി മേധാവി ഡോക്‌ടർ പ്രിയങ്ക പ്രിയദർശിനി പറയുന്നു. വൃത്തി, സുരക്ഷ, പ്രതികൂല ഫലങ്ങൾ എന്നിവയിൽ അതീവ ജാഗ്രത പുലർത്തുന്നു. റെഗുലേറ്ററി സ്പെസിഫിക്കേഷനുകൾ പാലിച്ചതിനുശേഷം മാത്രമേ ഒരു ഉത്‌പ്പന്നം പൊതു ഉപയോഗത്തിന് സുരക്ഷിതമാണെന്ന് കണക്കാക്കാൻ കഴിയൂ എന്നും അവർ വ്യക്തമാക്കി.
നിലവിൽ ഉയർന്ന തോതിലുള്ള ഡെങ്കിപ്പനി വ്യാപന സാധ്യതയുള്ള സാഹചര്യങ്ങളിൽ, ജപ്പാനിലെ ടകെഡ നിർമ്മിക്കുന്ന ക്യുഡെംഗ എന്ന ഒരു വാക്‌സിൻ മാത്രമേ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുള്ളൂ. എന്നാൽ ഈ വാക്‌സിൻ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ താഴ്‌ന്ന വരുമാനമുള്ള രാജ്യങ്ങളിൽ താങ്ങാനാവുന്ന വിലയിൽ ഡെങ്കിഓൾ വാക്‌സിൻ ലഭ്യമാക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
രോഗവ്യാപനത്തിന് കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം
ലോകാരോഗ്യ സംഘടന (WHO) പറയുന്നതനുസരിച്ച് ലോകജനസംഖ്യയുടെ പകുതിയോളം ജനങ്ങൾ ഇപ്പോൾ അപകടത്തിലാണ്. ഓരോ വർഷവും 100 മുതൽ 400 ദശലക്ഷം ഡെങ്കി അണുബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021 മുതൽ ഇന്ത്യയിൽ മാത്രം ഒരു ദശലക്ഷത്തിലധികം കേസുകളും കുറഞ്ഞത് 1,500 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കടുത്ത പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഡെങ്കിപ്പനി, ജനസാന്ദ്രതയേറിയ നഗരങ്ങളിൽ അതിവേഗത്തിൽ വ്യാപിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിന് തടയിടാനുള്ള ശ്രമമാണ് വാക്‌സിനിലൂടെ നടക്കാൻ പോകുന്നത് എന്നും സംഘടന വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതിൻ്റെ കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്. കാലാവസ്ഥ മാറുകയും മഴക്കാലം എത്തുകയും ചെയ്യുമ്പോൾ ഈഡിസ് കൊതുകുകൾ വ്യാപിക്കുകയും ഇവ വൈറസ് പടർത്തുകയും ചെയ്യുന്നു. തന്മൂലം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ ഇത് ഡെങ്കി ഹെമറാജിക് ഫീവർ എന്ന കഠിമായ രൂപത്തിലും ബാധിക്കുന്നു.
നിലവിലെ കാലാവസ്ഥാ വ്യതിയാന പ്രവണതകൾ അനുസരിച്ച് 2050 ആകുമ്പോഴേക്കും ഡെങ്കിപ്പനി 50–75 ശതമാനം വരെ വർധിക്കുമെന്ന് വൈറോളജിസ്‌റ്റും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഫെലോയുമായ ഷാഹിദ് ജമീൽ മുന്നറിയിപ്പ് നൽകുന്നു.
Also Read: ജേണലിങിലൂടെ കൈവരിക്കാം മാനസികാരോഗ്യം; ഗുണങ്ങളേറെ, അറിയാം വിശദമായി

