ETV Bharat / health

പൈൽസ്, ഫിഷർ, ഫിസ്റ്റുല; ലക്ഷണങ്ങളും കാരണങ്ങളും തിരിച്ചറിയാം

ഫിസ്റ്റുല ബാധിച്ച ഒരാൾ പൈൽസിനുള്ള ലേപനങ്ങളോ ഫൈബർ സപ്ലിമെൻ്റുകളോ മാത്രം ഉപയോഗിച്ച് ചികിത്സിക്കുന്നത് അണുബാധ നിലനിൽക്കാനും രോഗം മൂർച്ഛിക്കാനും കാരണമാകും

PILES FISSURES FISTULA  SYMPTOMS OF PILES FISSURES FISTULA  HOW TO UNDERSTAND PILES  HOW TO TREAT ANAL PROBLEMS
representative image (Getty Images)
author img

By ETV Bharat Kerala Team

Published : August 4, 2026 at 11:46 AM IST

3 Min Read
Choose ETV Bharat

ലദ്വാരത്തിലുണ്ടാകുന്ന വേദനയും രക്തസ്രാവവും പലരും പുറത്തുപറയാൻ മടിക്കുന്ന കാര്യമാണ്. നാണക്കേട് കാരണം രോഗം മറച്ചുവയ്ക്കുകയും, എല്ലാ ബുദ്ധിമുട്ടുകളും പൈൽസ് ആണെന്ന് സ്വയം തെറ്റിദ്ധരിക്കുകയും ചെയ്യുന്നവരാണ് ഏറെയും. എന്നാൽ ഈ അനാസ്ഥ വലിയ അപകടങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ തികച്ചും വ്യത്യസ്തമായ മൂന്ന് രോഗാവസ്ഥകളാണെന്ന് ന്യൂഡൽഹിയിലെ പെൽവിനിക് മൈക്രോ ഹോസ്പിറ്റൽ സ്ഥാപകനും സീനിയർ ലാപ്രോസ്കോപിക് കൊളോറെക്ടൽ, ബാരിയാട്രിക് സർജനുമായ ഡോ. സന്ദീപ് ബാനർജി വ്യക്തമാക്കുന്നു. ഇവയുടെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സാരീതികളും വ്യത്യസ്തമാണ്. ഇവ മൂന്നും തമ്മിൽ തെറ്റിദ്ധരിക്കുന്നത് ശരിയായ ചികിത്സ വൈകുന്നതിനും, ലളിതമായ പ്രശ്നങ്ങൾ സങ്കീർണമാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് അവസ്ഥകളിലും രക്തസ്രാവവും അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് പലപ്പോഴും രോഗികൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത്. ഫിസ്റ്റുല ബാധിച്ച ഒരാൾ പൈൽസിനുള്ള ലേപനങ്ങളോ ഫൈബർ സപ്ലിമെൻ്റുകളോ മാത്രം ഉപയോഗിച്ച് ചികിത്സിക്കുന്നത് അണുബാധ നിലനിൽക്കാനും രോഗം മൂർച്ഛിക്കാനും കാരണമാകും. അതുപോലെ, വിട്ടുമാറാത്ത ഫിഷർ പൈൽസാണെന്ന് തെറ്റിദ്ധരിച്ച് തെറ്റായ ലേപനങ്ങൾ പുരട്ടുന്നത് പേശികളുടെ സങ്കോചം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ഡോ. സന്ദീപ് ബാനർജി ചൂണ്ടിക്കാട്ടുന്നു.

എന്താണ് പൈൽസ്?
മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ തടിച്ചുവീർക്കുന്ന അവസ്ഥയാണ് പൈൽസ് അഥവാ അർശസ്. വെരിക്കോസ് വെയിനിന് സമാനമായ അവസ്ഥയാണിത്. സ്ഥിരമായി മലവിസർജനത്തിന് ബുദ്ധിമുട്ടുക, വിട്ടുമാറാത്ത മലബന്ധം, ദീർഘനേരം ഇരിക്കുക, ഗർഭകാലം, വാർധക്യം എന്നിവയാണ് പ്രധാന കാരണങ്ങൾ. മലവിസർജനത്തിന് ശേഷം വേദനയില്ലാതെ കടുംചുവപ്പ് നിറത്തിൽ രക്തം പോകുന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ചൊറിച്ചിൽ, മുഴകൾ പുറത്തേക്ക് തള്ളിവരിക എന്നിവയും ഉണ്ടാകാം. പൈൽസിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയിൽ മാത്രമേ കഠിനമായ വേദന അനുഭവപ്പെടാറുള്ളൂ. നാരുകൾ അടങ്ങിയ ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുന്നത് പൈൽസ് തടയാൻ ഒരു പരിധിവരെ സഹായിക്കും.

ഫിഷർ തിരിച്ചറിയാം
മലദ്വാരത്തിൻ്റെ മൃദുവായ ആവരണത്തിലുണ്ടാകുന്ന ചെറിയ വിള്ളലുകളാണ് ഫിഷർ. കട്ടിയുള്ള മലം പോകുന്നതാണ് ഇതിന് പ്രധാന കാരണം. പൈൽസിൽ നിന്ന് വ്യത്യസ്തമായി ഫിഷർ വളരെ വേദനയുള്ളതാണ്. മലവിസർജന സമയത്ത് ഗ്ലാസ് കഷ്ണങ്ങൾ പോകുന്നതുപോലുള്ള കഠിനമായ വേദന അനുഭവപ്പെടാം. ഇത് മിനിറ്റുകളോ മണിക്കൂറുകളോ നീണ്ടുനിൽക്കും. രക്തസ്രാവം സാധാരണയായി കുറവായിരിക്കും. വിട്ടുമാറാത്ത ഫിഷർ മലദ്വാരത്തിന് സമീപം ചെറിയ മാംസവളർച്ചയ്ക്കും കാരണമാകും.

ഫിസ്റ്റുലയുടെ ലക്ഷണങ്ങൾ
മലദ്വാരത്തിനും സമീപത്തുള്ള ചർമത്തിനും ഇടയിൽ രൂപപ്പെടുന്ന അസാധാരണമായ ഒരു തുരങ്കമാണ് ഫിസ്റ്റുല. ചികിത്സിക്കാത്തതോ ഭാഗികമായി ഭേദമായതോ ആയ അണുബാധയെ തുടർന്നാണ് ഇത് മിക്കവാറും ഉണ്ടാകുന്നത്. പഴുപ്പ്, രക്തം, ദുർഗന്ധമുള്ള ദ്രാവകം എന്നിവ തുടർച്ചയായി പുറത്തുവരിക, ഇടയ്ക്കിടെയുണ്ടാകുന്ന നീര്, വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പഴുപ്പ് പുറത്തുപോകുമ്പോൾ വേദനയ്ക്ക് താത്കാലിക ശമനം ലഭിക്കുമെങ്കിലും വീണ്ടും വരാൻ സാധ്യതയുണ്ട്. പൈൽസ്, ഫിഷർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഫിസ്റ്റുല തനിയെ ഭേദമാകില്ല. ഇതിന് മിക്കവാറും ശസ്ത്രക്രിയ തന്നെ വേണ്ടിവരും.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ലളിതമായ പരിശോധനയിലൂടെ കൃത്യമായ രോഗനിർണയം നടത്താൻ ഡോക്ടർമാർക്ക് സാധിക്കും. ജീവിതശൈലിയിലെ മാറ്റങ്ങൾ, മരുന്നുകൾ, ചെറിയ നടപടിക്രമങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവയിൽ ഏതാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത് ഈ പരിശോധനയിലൂടെയാണ്. ഒന്നോ രണ്ടോ ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന രക്തസ്രാവം, മലവിസർജന സമയത്തോ അതിനുശേഷമോ കുറയാത്ത വേദന, മലദ്വാരത്തിന് സമീപം പഴുപ്പോ നീരോ മുഴയോ കാണുക, മരുന്നുകൾ കഴിച്ചിട്ടും ലക്ഷണങ്ങൾ വീണ്ടും വരിക എന്നീ സാഹചര്യങ്ങളിൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടണം. നേരത്തെയുള്ള പരിശോധന ലളിതമായ ചികിത്സയ്ക്ക് സഹായിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചികിത്സ വൈകിയാൽ ഫിഷർ വിട്ടുമാറാത്തതാകാനും, അണുബാധ സങ്കീർണമായ ഫിസ്റ്റുലയായി മാറാനും സാധ്യതയുണ്ട്. പൈൽസ് മൂർച്ഛിച്ചാൽ ചെറിയ ചികിത്സയ്ക്ക് പകരം ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Also Read:കഴുത്തിലെ വേദനയില്ലാത്ത മുഴ നിസാരമാക്കരുത്; ശ്വാസകോശ കാൻസറിൻ്റെ ലക്ഷണമാകാം